
തിരുവനന്തപുരം∙ കേരള സർവകലാശാലയിൽ ഇന്നലെ നടത്താനിരുന്ന അക്കാദമിക് കൗൺസിൽ യോഗം അവസാനനിമിഷം മാറ്റി. രാവിലെ 10ന് യോഗം ചേരുമെന്നാണ് അറിയിച്ചത്.
എന്നാൽ, യോഗം ചേർന്നാൽ സംഘർഷമുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ അവസാന നിമിഷം യോഗം റദ്ദാക്കിയതായി അംഗങ്ങൾക്ക് ഇമെയിൽ അയച്ചു. വിഭജനഭീതി ദിനം ആചരിക്കാനുള്ള നിർദേശത്തിനെതിരെ എസ്എഫ്ഐ പ്രതിഷേധവും കണക്കിലെടുത്താണു യോഗം റദ്ദാക്കിയത്.
റജിസ്ട്രാർ ഇൻ ചാർജ് ഡോ.മിനി കാപ്പനെ യോഗത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഇടത് സിൻഡിക്കറ്റ് അംഗങ്ങൾ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
റജിസ്ട്രാർ ഡോ.കെ.എസ്.അനിൽ കുമാറിനെ യോഗത്തിൽ പങ്കെടുപ്പിക്കാൻ ഇടത് സിൻഡിക്കറ്റ് അംഗങ്ങൾ തീരുമാനിച്ചിരുന്നു. ബാനറുകളും പ്ലക്കാർഡുകളുമായാണ് ഇടത് അംഗങ്ങൾ എത്തിയത്. കൗൺസിൽ അംഗങ്ങൾ പിന്നീട് സർവകലാശാല കെട്ടിടത്തിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
വിസി സർവകലാശാലയിൽ എത്തിയിരുന്നില്ല.
4 മാസത്തിലൊരിക്കലാണ് അക്കാദമിക് കൗൺസിൽ യോഗം ചേരേണ്ടത്. ഇന്നലെ ചേർന്ന ഡീൻസ് കൗൺസിൽ യോഗം അജൻഡകളിൽ ശുപാർശ സമർപ്പിച്ചിട്ടുണ്ട്.
വിദ്യാർഥികൾക്ക് കോളജ് പ്രവേശനത്തിന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കുന്നതിന് അക്കാദമിക് വിഷയങ്ങളിൽ വിസി പ്രത്യേക അധികാരം ഉപയോഗിച്ച് അംഗീകാരം നൽകും. അക്കാദമിക് കൗൺസിൽ യോഗം അട്ടിമറിക്കുകയും കൗൺസിൽ അംഗങ്ങളെ അപമാനിക്കുകയും ചെയ്ത നടപടി പ്രതിഷേധാർഹമാണെന്ന് ഇടത് സിൻഡിക്കറ്റ് അംഗങ്ങൾ പറഞ്ഞു. വിസിയുടെ നിലപാടുകൾക്കെതിരെ നിയമപരമായ പോരാട്ടവും അതിശക്തമായ പ്രതിരോധവും തുടരുമെന്ന് സിൻഡിക്കറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ ജി.മുരളീധരൻ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]