
നേമം∙ കല്ലിയൂർ പുന്നമൂട് കുരുവിക്കാട് ലെയ്നിൽ കുന്നത്തുവിള വീട്ടിൽ ബിൻസി(31) വെട്ടേറ്റു മരിച്ചു. ഭർത്താവ് സുനിലിനെ (41) നേമം പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രിയിലാണ് സംഭവം. ഇന്നലെ രാവിലെയാണ് വിവരം പുറത്തറിഞ്ഞത്.
തുടർന്ന് നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മരംവെട്ടുന്ന കത്തികൊണ്ട് കഴുത്തിനാണു വെട്ടേറ്റത്. ഇവർക്ക് വിദ്യാർഥികളായ രണ്ട് മക്കളുണ്ട്. ഇവർ വീട്ടിലുള്ളപ്പോഴായിരുന്നു കൊലപാതകം.
രാവിലെ ഉണർന്ന മക്കളോട് അമ്മയ്ക്കു പനിയാണെന്നും വിളിക്കേണ്ടെന്നും പറഞ്ഞശേഷം കടയിൽനിന്നു ഭക്ഷണം വാങ്ങിനൽകി സുനിൽ സ്കൂളിലെത്തിച്ചു.
സാധാരണ ബിൻസിയാണ് മക്കളെ സ്കൂളിലെത്തിക്കുന്നത്. അധ്യാപകരോടും ഭാര്യയ്ക്കു സുഖമില്ലെന്നു സുനിൽ പറഞ്ഞു.
അതിനുശേഷം ആളില്ലാത്ത അടുത്ത വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. നാട്ടുകാർ എത്തി ഇയാളെയും കൂട്ടിയാണ് ബിൻസിയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്.
സംശയംതോന്നിയ പൊലീസ് ആശുപത്രിയിൽ വച്ച് ചോദ്യംചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഹരിതകർമസേന ജീവനക്കാരിയാണ് ബിൻസി.
കൂലിപ്പണിക്കാരനാണ് സുനിൽ.
നാടിനെ നടുക്കി അരുംകൊല; മൃതദേഹം ആദ്യം കണ്ടത് പഞ്ചസാര കടം വാങ്ങാൻ എത്തിയ അടുത്ത വീട്ടിലെ കുട്ടി
നേമം∙ രാവിലെ 9 മണിയോടെ അടുത്ത വീട്ടിലെ കുട്ടി പഞ്ചസാര കടം വാങ്ങാനായി എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആദ്യം പുറത്തുനിന്ന് വിളിച്ചെങ്കിലും വാതിൽ തുറക്കാത്തതിനെ തുടർന്ന് അകത്തുകയറി ലൈറ്റിട്ട് നോക്കുമ്പോൾ ബിൻസി ബെഡ് ഷീറ്റ് പുതച്ചു കിടക്കുന്നതാണ് കണ്ടത്.
വിളിച്ചിട്ട് ഉണരാത്തതിനാൽ ബെഡ് ഷീറ്റ് മാറ്റി നോക്കിയപ്പോഴാണ് കഴുത്തിലും തറയിലും രക്തക്കറ കണ്ടത്. കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തി വീട്ടുകാരോടും നാട്ടുകാരോടും വിവരം പറയുകയായിരുന്നു.
ആംബുലൻസും പൊലീസും എത്തിയതോടെയാണ് സമീപത്തുള്ള മറ്റുള്ളവർ വിവരം അറിഞ്ഞത്. ഇതിനിടെ അടുത്ത വീട്ടിൽ ഒളിച്ചിരുന്ന സുനിലിനെയും വിളിച്ചു വരുത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
വെള്ളനാട് വെളിയന്നൂർ സ്വദേശിയാണ് ബിൻസി. നാലു വർഷം മുൻപാണ് ഇവർ ഇവിടെ താമസം ആരംഭിച്ചത്.
അതിന് മുൻപ് പുന്നമൂട്ടിലെ സുനിലിന്റെ വീട്ടിലായിരുന്നു താമസം. ഇയാൾക്ക് ബിൻസിയെ എപ്പോഴും സംശയമായിരുന്നുവെന്നും വീട്ടിൽ എന്നും വഴക്ക് നടക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
കുട്ടികളെയും ക്രൂരമായി മർദിക്കുമായിരുന്നു. ബുധനാഴ്ച രാത്രി 8 മണിക്കും ഇരുവരും സ്കൂട്ടറിൽ ഒരു ബന്ധുവിന്റെ വീട്ടിലെത്തിയിരുന്നു. എന്താണ് നടന്നതെന്ന് കൂടുതൽ അന്വേഷണത്തിലേ അറിയാൻ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. മരണാനന്തര ചടങ്ങുകൾക്ക് ശേഷം മക്കളെ ബിൻസിയുടെ ബന്ധുക്കളോടൊപ്പം വിടാനാണ് തീരുമാനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]