
ചിറയിൻകീഴ്∙ വക്കം ഗ്രാമ പഞ്ചായത്തിലെ 9ാം വാർഡ് കോൺഗ്രസ് അംഗവും ക്ഷേമകാര്യ സമിതി ചെയർമാനായ നിലയ്ക്കാമുക്ക് മംഗ്ലാവിളയ്ക്ക് സമീപം നെടിയവിള വീട്ടിൽ വി.അരുൺ (42), അമ്മ വത്സല (71) എന്നിവരെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം നിലയിലെ ഷെഡിനുള്ളിലാണ് ഇന്നലെ രാവിലെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ലെറ്റർ പാഡിൽ അരുൺ എഴുതിയ കുറിപ്പ് രാത്രി 2.30ന് മറ്റ് പഞ്ചായത്ത് അംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വാട്സാപ് വഴി അയച്ചിരുന്നു. പുലർച്ചെ ഇതു വായിച്ചവർ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിലാണു മൃതദേഹങ്ങൾ കണ്ടത്. അരുണിന്റെ ഭാര്യ റീമയും മകൻ യുപി സ്കൂൾ വിദ്യാർഥി തേജസും റീമയുടെ വക്കത്തുള്ള വീട്ടിലായിരുന്നു.
തനിക്കെതിരെ പൊലീസിൽ കള്ളക്കേസ് കൊടുത്തവരുടെ പേര് അടക്കം എടുത്തു പറഞ്ഞ് ഇവരാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആത്മഹത്യക്കുറിപ്പിലുണ്ട്. കുറിപ്പിൽ പേരു പറഞ്ഞിരിക്കുന്നവർ ബിജെപി പ്രവർത്തകരാണ്. ജാതി അധിക്ഷേപം നടത്തിയെന്നാരോപിച്ച് അരുണിനെതിരെ ഇവരിൽ നാലു പേർ ഒരു വർഷം മുൻപും പിന്നീട് മറ്റൊരാൾ മോഷണക്കുറ്റം ആരോപിച്ചും കടയ്ക്കാവൂർ പൊലീസിൽ പരാതി നൽകിയിരുന്നു. രണ്ടു കേസുകളും അരുണിനെ മാനസികമായി തളർത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു. പാസ്പോർട്ട് പുതുക്കുന്നതിനും ജോലിയുമായി ബന്ധപ്പെട്ട് പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റിനും കേസ് തടസ്സമായത് തന്നെ മാനസികമായി വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായും കുറിപ്പിൽ പറയുന്നു.
‘കൊലക്കുറ്റത്തിന് കേസ് എടുക്കണം’
തിരുവനന്തപുരം∙ വക്കം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.അരുണിന്റെയും അമ്മ വത്സലയുടെയും മരണത്തിന് ഉത്തരവാദികളായ ബിജെപി, ആർഎസ്എസ് പ്രവർത്തകരുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി ആവശ്യപ്പെട്ടു.
പൊലീസും ആർഎസ്എസും ഗൂഢാലോചന നടത്തി അരുണിന്റെ പേരിൽ കള്ളക്കേസ് എടുക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു.ഗൂഢാലോചനയ്ക്ക് കൂട്ടുനിന്ന കടയ്ക്കാവൂർ പൊലീസിനെതിരെ അടിയന്തര നടപടി ഉണ്ടാകണമെന്നും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും പാലോട് രവി സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
സഹായം തേടിയെത്തുന്നവർക്ക് അരുൺ എന്നും ആശ്വാസവാക്ക്
ചിറയിൻകീഴ് ∙ വക്കം പഞ്ചായത്തംഗം വി.അരുണിന്റെയും അമ്മ വത്സലയുടെയും വേർപാട് നാടിനെ ഞെട്ടിച്ചു. രാഷ്ട്രീയ ഭേദമെന്യേ നാട്ടുകാരുടെ ആവശ്യങ്ങൾക്കു മുൻനിരയിലുണ്ടായിരുന്ന ആളായിരുന്നു അരുൺ. 9ാം വാർഡിലെ സ്ഥാനാർഥിയായി കോൺഗ്രസ് നാമനിർദേശം ചെയ്തതിന് പിന്നിൽ പ്രവർത്തന മികവായിരുന്നു ഘടകം.സഹായം തേടിയെത്തുന്നവർക്കെല്ലാം ആശ്വാസം പകരാൻ ശ്രമിച്ചിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ അരുണിനെതിരെ നിരന്തരം വ്യാജ ആരോപണങ്ങൾ ഉയർന്നിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. അരുൺ ജാതി അധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് പരാതിയും പൊലീസിന് മുന്നിലെത്തി.
എതിരാളികളിൽ ചിലർ മോഷണക്കുറ്റവും ആരോപിച്ചും പരാതി നൽകി. തന്റെ നിരപരാധിത്വം പലവട്ടം തുറന്നുപറഞ്ഞെങ്കിലും ആരോപണങ്ങളും കേസ് അന്വേഷണവും അരുണിനെ മാനസികമായി തളർത്തിയതായി അടുപ്പമുള്ളവർ പറയുന്നു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയടക്കം നിരപരാധിത്വം ബോധ്യപ്പെടുത്തിയെങ്കിലും പരസ്യമായി പിന്തുണയ്ക്കാൻ വേണ്ടപ്പെട്ടവരാരും മുന്നിലെത്തിയില്ലെന്നും അരുൺ പറഞ്ഞിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിധിവിട്ടപ്പോൾ വിദേശത്ത് ജോലിക്കു ശ്രമിച്ചു. പാസ്പോർട്ട് പുതുക്കുന്നതിന് അപേക്ഷ സമർപ്പിച്ചെങ്കിലും കേസിന്റെ പേരിൽ നിരാകരിക്കപ്പെട്ടു.
താനില്ലാതെ അമ്മയ്ക്കും കുടുംബത്തിനും മുന്നോട്ടു പോകാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നാണ് ആത്മഹത്യാക്കുറിപ്പിൽ രേഖപ്പെടുത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലെത്തിച്ച മൃതദേഹവുമായി കോൺഗ്രസ് പ്രവർത്തകർ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ചർച്ചകൾക്കൊടുവിൽ വൈകിട്ട് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഇരുവരുടെയും സംസ്കാര ചടങ്ങുകൾ നടന്നു.
ആദരസൂചകമായി കടകമ്പോളങ്ങൾ അടച്ചിട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]