
വകയിരുത്തുന്നത് കോടികൾ; എന്നിട്ടും എബിസി പദ്ധതി പേരിന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കായി കോർപറേഷൻ വകയിരുത്തുന്ന തുകയും ശസ്ത്രക്രിയ നടത്തുന്ന നായ്ക്കളുടെ എണ്ണവും തമ്മിൽ പൊരുത്തക്കേട്. കഴിഞ്ഞ 3 വർഷങ്ങളിലായി അനിമൽ ബർത്ത് കൺട്രോൾ (എബിസി) പദ്ധതിക്കായി 2.42 കോടി വകയിരുത്തുകയും 2.21 കോടി ചെലവഴിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഒരു തെരുവു നായയെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനും തുടർ പരിപാലനത്തിനുമായി 2,500 രൂപ ചെലവായെന്ന് കണക്കാക്കിയാലും 3 വർഷം കൊണ്ട് 9695 നായ്ക്കളെ വന്ധ്യംകരിക്കണം.
എന്നാൽ 3 വർഷത്തിനിടെ ശസ്ത്രക്രിയ നടത്തിയത് മൂവായിരത്തിൽ താഴെ നായ്ക്കൾക്ക് മാത്രമാണെന്നാണ് കണക്ക്. എബിസി പദ്ധതി നടപ്പാക്കുന്നതിൽ കോർപറേഷന്റെ അലംഭാവം വ്യക്തമാക്കുന്നതാണ് കണക്കുകൾ. നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാതെ ആക്രമണങ്ങൾ കുറയ്ക്കാൻ കഴിയില്ലെന്ന് ബോധ്യമായിട്ടും എബിസി പദ്ധതി ഫലപ്രദമായി നടപ്പാക്കാൻ കഴിയാത്തതാണ് നഗരത്തിൽ തെരുവു നായ്ക്കളുടെ എണ്ണം കൂടാൻ കാരണമെന്നാണ് വിദഗ്ധ അഭിപ്രായം. കണക്കിലെ പൊരുത്തക്കേടുകൾ സംബന്ധിച്ച് 2023– 2024 സാമ്പത്തിക വർഷത്തെ ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിലും പരാമർശമുണ്ട്.
നിലവിൽ പേട്ട മൃഗാശുപത്രിയിൽ മാത്രമാണ് പേരിനെങ്കിലും വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നത്. 2.47 കോടി മുടക്കി വണ്ടിത്തടം മൃഗാശുപത്രിയിൽ പ്രീ ഓപ്പറേഷൻ, പോസ്റ്റ് ഓപ്പറേഷൻ സംവിധാനങ്ങൾ സജ്ജീകരിക്കാൻ മേയർ മുൻകൂർ അനുമതി നൽകിയിട്ടും ഇതുവരെ പൂർണമായി പ്രവർത്തന സജ്ജമാക്കാൻ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. കോർപറേഷനിൽ ഡോഗ് കൺട്രോൾ സെൽ രൂപീകരിച്ചിട്ടില്ല എന്നതാണ് മറ്റൊരു വീഴ്ച. കൃത്യമായ ആസൂത്രണമോ മേൽനോട്ടമോ ഇല്ലാതെയാണ് എബിസി പദ്ധതി നടപ്പാക്കുന്നതെന്നാണ് ഓഡിറ്റ് റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ. പട്ടി പിടുത്തക്കാരുടെ അഭാവവും തെരുവു നായ്ക്കളുടെ കൃത്യം എണ്ണം എടുക്കാത്തതും പോരായ്മയാണെന്നും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ 3 വർഷം എബിസി പദ്ധതിക്കായി വകയിരുത്തിയ തുകയും ചെലവാക്കിയ തുകയും
∙2020– 2021: 77.28 ലക്ഷം, 72.69 ലക്ഷം
∙2021– 2022: 61.04, 51.52
∙2022–2023: 61.51, 51.52
∙2023–2024: 42.55, 39.05
തെരുവുനായ നിയന്ത്രണത്തിനു തടസ്സം കർശന വ്യവസ്ഥകൾ
ആലപ്പുഴ ∙ തെരുവുനായ നിയന്ത്രണത്തിൽ പല പ്രായോഗിക തടസ്സങ്ങൾക്കും കാരണം കേന്ദ്ര സർക്കാരിനു കീഴിലുള്ള ജന്തുക്ഷേമ ബോർഡിന്റെ (എഡബ്ല്യുബിഐ) കർശന വ്യവസ്ഥകളും പ്രാദേശിക എതിർപ്പുകളും. ബോർഡിന്റെ പല മാർഗനിർദേശങ്ങളും കേരളത്തിലെ സാഹചര്യത്തിൽ നടപ്പാക്കാൻ കഴിയില്ലെന്നു മൃഗസംരക്ഷണ ഉദ്യോഗസ്ഥർ പറയുന്നു. 2,000 വന്ധ്യംകരണ ശസ്ത്രക്രിയകളെങ്കിലും ചെയ്തിട്ടുള്ള ഡോക്ടർമാരെ വേണം തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള എബിസി സെന്ററുകളിൽ നിയമിക്കാനെന്നാണു ബോർഡിന്റെ ഒരു വ്യവസ്ഥ. അത്തരം ഡോക്ടർമാർ കുറവാണ്. വന്ധ്യംകരിക്കാൻ എത്തിക്കുന്ന 5 നായ്ക്കളെ വീതം ഒരു കൂട്ടിലാണ് ഇട്ടിരുന്നത്.
അതു പോരാ, ഓരോന്നിനും വെവ്വേറെ കൂടു വേണമെന്നു ബോർഡ് നിഷ്കർഷിക്കുന്നു. ഈ നായ്ക്കൾക്കു ഭക്ഷണമുണ്ടാക്കാൻ പ്രത്യേക അടുക്കള ഓരോ കേന്ദ്രത്തിലും വേണമെന്നും പെല്ലറ്റുകൾ പോലുള്ള ‘ഡോഗ് ഫുഡ്’ നൽകരുതെന്നും നിർദേശമുണ്ട്. ഇതൊന്നും പ്രായോഗികമല്ലെന്ന് ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപന അധികൃതരും പറയുന്നു. തെരുവിൽ പരുക്കേറ്റ നായ്ക്കളെ പാർപ്പിക്കാൻ പ്രത്യേക കേന്ദ്രം വേണമെന്നാണ് നിർദേശം. പ്രാദേശിക എതിർപ്പ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മൂലം സംസ്ഥാനത്ത് ഒരു കേന്ദ്രം പോലും തുടങ്ങാനായില്ല. ഇത്തരം പ്രശ്നങ്ങൾക്കു പരിഹാരമായാണു മൃഗസംരക്ഷണ വകുപ്പ് ‘സഞ്ചരിക്കുന്ന എബിസി സെന്റർ’ എന്ന ആശയം അവതരിപ്പിച്ചത്. ഇതിനു മൃഗസംരക്ഷണ ബോർഡിന്റെ സഹായം ലഭിക്കുമെന്നാണു പ്രതീക്ഷ. ഇതുവരെ ലഭിച്ചിട്ടില്ല.
എതിർപ്പില്ലെങ്കിൽ കൂടുതൽ എബിസി കേന്ദ്രങ്ങൾ: മന്ത്രി
കണ്ണൂർ ∙ നാട്ടുകാർക്ക് എതിർപ്പില്ലെങ്കിൽ തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ കൂടുതൽ എബിസി കേന്ദ്രങ്ങൾ സ്ഥാപിക്കാമെന്ന് മന്ത്രി എം.ബി.രാജേഷ്. ഇതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു. തെരുവുനായ്ക്കളെ എല്ലാവർക്കും നിയന്ത്രിക്കണം. എന്നാൽ, എബിസി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ തീരുമാനിക്കുമ്പോൾ ഇവിടെ പാടില്ല എന്നാണു പൊതുഅഭിപ്രായം. തെരുവുനായ്ക്കളുടെ വന്ധ്യംകരണം തന്നെ അപ്രസക്തമാക്കുന്ന വ്യവസ്ഥകളാണ് കേന്ദ്ര സർക്കാരിന്റെ അനിമൽ ബർത്ത് കൺട്രോൾ (എബിസി) ചട്ടങ്ങളിൽ ഉള്ളത്. ചട്ടങ്ങളിൽ ഇളവുവരുത്തിയാലേ തെരുവുനായ്ക്കളുടെ വന്ധ്യംകരണം വേഗത്തിലാക്കാനാവൂ– മന്ത്രി പറഞ്ഞു.