പാറശാല ∙ പ്രവർത്തനം തുടങ്ങി മൂന്നു വർഷത്തിനുളളിൽ പൂട്ടിപ്പോയ അപ്പാരൽ പാർക്കിൽ ലക്ഷങ്ങളുടെ ആധുനിക തയ്യൽ യന്ത്രങ്ങൾ തുരുമ്പെടുത്തു നശിക്കുന്നു. പാറശാല പഞ്ചായത്തിലെ നെടുവാൻവിളയിൽ 2019ൽ ആരംഭിച്ച കോമൺ ഫെസിലിറ്റി സെന്റർ ആൻഡ് അപ്പാരൽ പാർക്ക് ആണ് പൊതുപണം ദുർവിനിയോഗം ചെയ്യുന്നതിന്റെ മറ്റൊരു ഉദാഹരണമായി മാറിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കുടുംബശ്രീ ജില്ലാ മിഷൻ പാറശാല പഞ്ചായത്ത് നൽകിയ കെട്ടിടത്തിൽ ആരംഭിച്ച അപ്പാരൽ പാർക്ക് 2019 ഫെബ്രുവരി 8ന് ഫിഷറീസ് മന്ത്രിയായിരുന്ന മേഴ്സിക്കുട്ടിയമ്മ ആണ് ഉദ്ഘാടനം ചെയ്തത്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഗുണമേൻമയുള്ള വസ്ത്രങ്ങൾ ആധുനിക യന്ത്രങ്ങളിൽ നിർമിച്ച് കുടുംബശ്രീയുടെ ബ്രാൻഡ് ആയി വിൽപന നടത്തുക എന്നതായിരുന്നു പാർക്ക് കൊണ്ട് ലക്ഷ്യമിട്ടിരുന്നത്.
യന്ത്രങ്ങൾ വാങ്ങാനും ഓഫിസ് സൗകര്യങ്ങൾ ഒരുക്കാനുമായി 36 ലക്ഷം രൂപയാണ് കുടുംബശ്രീ ചെലവിട്ടത്.
പാറശാല പഞ്ചായത്തിലെ നെടുവാൻവിള, കൊടവിളാകം, മുളളുവിള തുടങ്ങിയ വാർഡുകളിൽ നിന്നായി 35 വനിതകൾ 5000 വീതം സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകി ഇവിടെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുളള വായ്പകളും എടുത്തിരുന്നു.
എന്നാൽ തുടക്കത്തിൽ തന്നെ ലക്ഷ്യം പാളി. ആശുപത്രികൾക്ക് ആവശ്യമായ തുണിത്തരങ്ങളും പിന്നീട് കോവിഡ് മാസ്കും ഇവിടെ ഉൽപാദിപ്പിച്ചു എങ്കിലും ആവശ്യക്കാർ പ്രതീക്ഷിച്ചത്ര ഉണ്ടായില്ല.
തുടർന്ന്, പ്ലാസ്റ്റിക് കവറുകൾക്കു പകരം ഉപയോഗിക്കാവുന്ന തുണി സഞ്ചികളും മറ്റും നിർമിച്ചെങ്കിലും അവയ്ക്കും വിപണിയിൽ ഇടം ലഭിച്ചില്ല. ഗുണനിലവാരം ഇല്ലാത്തതാണ് കാരണമെന്ന് കുടുംബശ്രീ പറയുമ്പോൾ കുടുംബശ്രീയുടെ മാർക്കറ്റിങ്ങിൽ ഉണ്ടായ പിഴവാണ് കാരണമെന്നാണ് തൊഴിലാളികളുടെ പക്ഷം.
എന്തായാലും ആദ്യ വർഷം ശരാശരി വരുമാനം പ്രതിമാസം 40000 രൂപ വരെ ലഭിച്ചിരുന്ന പാർക്കിൽ പിന്നീടുളള നാളുകളിൽ വിറ്റുവരവ് പകുതിയായി കുറഞ്ഞു.
വായ്പയുടെ തിരിച്ചടവ് മുടങ്ങി. തൊഴിലാളികൾക്ക് പതിനായിരങ്ങളുടെ ശമ്പള കുടിശിക കൂടിയായതോടെ അവർ ഉപജീവനത്തിനായി മറ്റു പണി തേടി പോയി.
അങ്ങനെ ഇഴഞ്ഞു നീങ്ങിയ പാർക്കിന് 2022 ന്റെ അവസാനത്തോടെ താഴു വീണു. മൂന്നു വർഷമായി അടഞ്ഞു കിടക്കുന്ന പാർക്കിലെ യന്ത്രങ്ങൾ ഉപയോഗശൂന്യമായി.
ഈ യന്ത്രങ്ങൾ ഇനി ഉപയോഗിക്കാനാവില്ലെന്ന് ഈ രംഗത്തുളളവർ പറയുന്നു. ഫാനുകൾ കസേരകൾ തുടങ്ങിയവയും നശിച്ചു.
മേൽക്കൂരയിലെ ഫാൾസ് സീലിങ് ഇളകി വീണു. ആരും തിരിഞ്ഞു നോക്കാനില്ലാതെ ഇവിടം ഇപ്പോൾ എലികളുടെ പ്രജനന കേന്ദ്രമായി മാറിയിരിക്കുന്നു.
ലക്ഷങ്ങൾ മുടക്കിയ പദ്ധതി ആർക്കും പ്രയോജനമില്ലാതെ കിടന്നു നശിക്കുന്നതിൽ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

