വെഞ്ഞാറമൂട്∙ ജില്ലയിലെ പ്രധാന റോഡുകളിൽ ഒന്നായ കാരേറ്റ്–പാലോട് റോഡിൽ (ചിറ്റാർ റോഡ്) സന്ധ്യ കഴിഞ്ഞാൽ ബസ് സർവീസ് ഇല്ല. കാരേറ്റ് മുതൽ പാലോട് വരെ 21 കിലോമീറ്റർ ദൂരം ഉണ്ട്.
ഇതിൽ കാരേറ്റ് മുതൽ കല്ലറ വരെ പൂർണമായി ദേശസാൽകൃത റൂട്ടാണ്. കല്ലറ മുതൽ പാലോട് വരെ കെഎസ്ആർടിസിക്കു പുറമേ പകൽ സമയം ഭാഗികമായി സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്.
അന്തർ സംസ്ഥാന റോഡ് ആയ തെങ്കാശി– തിരുവനന്തപുരം റോഡിനെയും എംസി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കാരേറ്റ് പാലോട് റോഡ്.
രാത്രി 7.30ന് കാരേറ്റ് നിന്ന് പാലോട് ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി സർവീസുകൾ പൂർണമായി നിർത്തലാക്കിയിരിക്കുകയാണ്. 7.30ന് ദീർഘദൂര സർവീസ് പോയി മടങ്ങുന്ന ഒരു ഫാസ്റ്റ് പാസഞ്ചർ ബസ് കാരേറ്റ് വഴി പാലോട് പോകുന്നതാണ് അവസാന ബസ്.
രാത്രി 8ന് എത്തിയാൽ പാലോട് പോകുവാൻ ടാക്സി മാത്രമാണ് ആശ്രയം. രാത്രിയിലെ സർവീസ് കെഎസ്ആർടിസി നിർത്തലാക്കിയതോടെ പാങ്ങോട്, ചിതറ, ഭരതന്നൂർ, മൈലമൂട്, പാലോട് ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ വാഹന സൗകര്യം ഇല്ലാതെ വലയുകയാണ്.
രാത്രി 8.20, 9.20, 10.20 എന്നീ സമയങ്ങളിൽ വിവിധ ഡിപ്പോകളിൽ നിന്ന് എത്തുന്ന ബസുകൾ പാലോട് ഭാഗത്തേക്ക് സർവീസ് നടത്തിയിരുന്നു. കോവിഡ് വന്നതോടെ സ്റ്റേ ബസ് അടക്കം എല്ലാ സർവീസുകളും നിർത്തലാക്കി.
രാത്രി 7 കഴിഞ്ഞാൽ കല്ലറ നിന്നും പാലോട് ഭാഗത്തേക്കുള്ള സ്വകാര്യ ബസ് സർവീസും നിർത്തും. വലിയൊരു മേഖല യാത്ര സൗകര്യം ഇല്ലാതെ വലയുന്നത് സംബന്ധിച്ച് മന്ത്രി അടക്കം വിവിധ സ്ഥലങ്ങളിൽ പരാതി നൽകിയെങ്കിലും പരിഹാരം കാണാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.
സ്വന്തമായി വാഹനം ഇല്ലാത്തവർ വലിയ ദുരിതം ആണ് അനുഭവിക്കുന്നത്.
യാത്രാ സൗകര്യം ഇല്ലാതെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു മടങ്ങുന്ന രോഗികൾ,വിവിധ സ്ഥലങ്ങളിൽ ജോലി കഴിഞ്ഞ് മടങ്ങുന്ന തൊഴിലാളികൾ തുടങ്ങിയവർ വലിയ തുക ടാക്സിക്ക് നൽകിയാണ് വീട് എത്തുന്നത്. രാത്രിയിൽ കാരേറ്റ് എത്തുന്ന യാത്രക്കാർ മിക്കപ്പോഴും കൂട്ടായി വാഹനം വിളിച്ചു കല്ലറയിൽ എത്തും.
ഇവിടെ നിന്നു പാലോട് പോകണം എങ്കിൽ വനമേഖലയിലൂടെ കാൽനടയാണ് ശരണം. നിർത്തിയ ബസ് സർവീസുകൾ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് കിളിമാനൂർ, ആറ്റിങ്ങൽ, വെഞ്ഞാറമൂട്, പാലോട് ഡിപ്പോകളിൽ പരാതി നൽകിയെങ്കിലും നടപടിയായില്ല.
രാത്രി 10 മണി വരെയെങ്കിലും ഈ റോഡിൽ ബസ് സർവീസ് നടത്താൻ അധികൃതർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകണം എന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]