
ഇലകമൺ∙ ഒരു വിനോദ സഞ്ചാരകേന്ദ്രമായി വളരാൻ പാകത്തിലുള്ള പ്രകൃതിരമണീയമായ ഹരിഹരപുരം കായലോരത്തേക്കു വ്യാപകമായി സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ അകലെ. പത്തു വർഷം മുൻപ് വിഭാവനം ചെയ്ത പദ്ധതി പോലും എങ്ങുമെത്താത്ത നിലയിൽ തുടരുന്നു.
വർക്കല ബീച്ച് ലക്ഷ്യമാക്കി ദിനംപ്രതിയെത്തുന്ന വിനോദസഞ്ചാരികളെ ഹരിഹരപുരം ഭാഗത്തേക്കും ആകർഷിക്കാനുള്ള ഉദ്യമത്തിൽ ഒരുക്കേണ്ട അടിസ്ഥാന സൗകര്യവികസനം ഈ കായലോരത്തേക്ക് എത്തിക്കാനായില്ല.
രണ്ടു ജില്ലകൾക്കിടയിലായി വ്യാപിക്കുന്ന വിശാലമായ കായലോരത്തു എവിടെയും സുഗമമായി എത്തിച്ചേരാനുള്ള റോഡുകളുടെ വികസനം പൂർണമല്ലെന്നതു പ്രധാന ന്യൂനതയായി.
ഇതിനകം അങ്ങിങ്ങായി റിസോർട്ടുകളും കോട്ടേജുകളും ഒരുക്കി കാത്തിരിക്കുന്നവരും നിരാശയിലാണ്. കായലോരത്ത് വിദേശികൾ ഉൾപ്പെടെ കോട്ടേജുകൾ തേടിയെത്തുന്നുണ്ടെങ്കിലും എണ്ണം പരിമിതമാണ്.
സന്ദർശകർക്കു മുന്നിലെ ‘വഴി തടസ്സം’ വലിയ പോരായ്മയായി തുടരുന്നു.
വാഹനങ്ങൾ എത്തിച്ചേരുന്ന വിധത്തിൽ കായലോരങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകൾ പ്രധാനമാണ്.അടുത്തകാലത്ത് മാത്രം പുറംലോകം കണ്ട ഹരിഹരപുരം തോണിപ്പാറയിലെ ചെറിയ വെള്ളച്ചാട്ടം തേടി നിരവധി പേരാണ് വരുന്നത്. കൊല്ലം പൂതക്കുളം പഞ്ചായത്തിലെ ചിറയിൽ നിന്നു ഉദ്ഭവിക്കുന്ന വെള്ളമാണ് ഒഴുകി പാറക്കൂട്ടത്തിനിടയിൽ നിന്നു വെള്ളച്ചാട്ടമായി കുതിച്ചു കായലിലേക്ക് ഒഴുകുന്നത്.
എന്നാൽ ഈ വെള്ളച്ചാട്ടത്തിനരികിൽ എത്താൻ കുന്നും കുഴിയും കാടുകളും താണ്ടണം.അര നൂറ്റാണ്ടു മുൻപ് വരെ മത്സ്യബന്ധനത്തിനും കശുവണ്ടി–കയർ വ്യവസായത്തിനും പേരെടുത്ത ജലപാതയിലെ പ്രധാന വാണിജ്യകേന്ദ്രമാണ് ഹരിഹരപുരം. തൊഴിൽ അവസരങ്ങളോടെ പുതിയ വിനോദ സഞ്ചാരം എന്ന ലക്ഷ്യത്തോടെ പത്ത് വർഷം മുൻപ് വിഭാവനം ചെയ്ത ഗ്ലോബൽ ആയുർവേദ വില്ലേജിനു സ്ഥലം ഏറ്റെടുപ്പു നടത്തി ഒരു കാവൽപ്പുരയിൽ മാത്രമായി ഒതുക്കി.
‘അഡ്വഞ്ചർ ടൂറിസം’ ഉൾപ്പെടെ പദ്ധതികൾക്കു വലിയ സാധ്യത രണ്ടു പതിറ്റാണ്ടു മുൻപ് തന്നെ ഹരിഹരപുരത്ത് വിഭാവനം ചെയ്തിട്ടുണ്ട്. അന്നു വലിയ തോതിലുള്ള സ്വകാര്യ നിക്ഷേപ സാധ്യതകളും ചർച്ചാവിഷയമായിട്ടുണ്ട്. മികച്ച വിനോദകേന്ദ്രമായി ഹരിഹരപുരവും പരിസരവും മാറണമെങ്കിൽ അധികാരികളുടെ മനോഭാവം മാറണമെന്നും ഇലകമൺ പഞ്ചായത്ത് ഭരണസമിതി തന്നെ പദ്ധതികൾ ആവിഷ്കരിച്ചു മുന്നോട്ടു വരണമെന്നു പാർലമെന്ററി പാർട്ടി നേതാവ് വിനോജ് വിശാൽ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]