
തിരുവനന്തപുരം ∙ ബൈക്ക് യാത്രക്കാരായ യുവാക്കളെ പൊലീസ് എറിഞ്ഞു വീഴ്ത്തിയ ശേഷം ക്രൂരമായി മർദിച്ചെന്നു പരാതി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകളും സാക്ഷിമൊഴികളും സഹിതം ആരോപണങ്ങൾ നിഷേധിച്ച് പൊലീസും.
മദ്യപിച്ചുള്ള അപകടമെന്നാണ് പൊലീസ് പറയുന്നത്. കല്ലറ മിതൃമ്മല കോട്ടയിൽക്കാട് തടത്തരികത്ത് വീട്ടിൽ ദിപിൻ (31), ബന്ധുവായ വിശാഖ് എന്നിവരാണ് തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റ് ഈ മാസം 6 മുതൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്നത്.
തലസ്ഥാന നഗരത്തിൽ സ്വകാര്യ സ്ഥാപനത്തിൽ വെൽഡിങ് തൊഴിലാളിയായ ദിപിൻ ആശുപത്രിയിൽ എത്തുമ്പോൾ അബോധാവസ്ഥയിൽ ആയിരുന്നു.
വലതു കണ്ണിന്റെ മുകളിലെയും താഴത്തെയും വലതു കയ്യിലെയും എല്ലുകൾക്കു പൊട്ടലുണ്ട്. വിശാഖിന്റെ കൈക്കും കാലിനും പൊട്ടലുണ്ട്.
6 ദിവസം തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ദിപിൻ വാർഡിലേക്കു മാറ്റിയ ശേഷമാണ് ഫോർട്ട് പൊലീസ് ആക്രമിച്ചതാണെന്ന് ആരോപിച്ചത്.
ഈ വിവരം വച്ച് ദിപിന്റെ ഭാര്യ ശ്രീലക്ഷ്മി സിറ്റി പൊലീസിനു പരാതി നൽകുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ, സാക്ഷി മൊഴികൾ എന്നിവയുൾപ്പെടെയുള്ള തെളിവുകൾ സഹിതം ഫോർട്ട് എസ്എച്ച്ഒ ശിവകുമാർ സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസിന് റിപ്പോർട്ട് കൈമാറി. സംഭവത്തിൽ മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് ശ്രീലക്ഷ്മി അറിയിച്ചു.
ശ്രീലക്ഷ്മിയുടെ പരാതി
‘ദിപിനും ബന്ധുവായ വിശാഖും കഴിഞ്ഞ 6ന് പുലർച്ചെ 1നും 3നും ഇടയിൽ ബൈപാസിൽ മുട്ടത്തറയ്ക്കു സമീപം ബൈക്കിൽ പോകവെ ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കൈകാണിച്ചു. നിർത്താതെ പോയതിനാൽ പൊലീസുകാർ എറിഞ്ഞു വീഴ്ത്തി. മദ്യപിച്ചിട്ടുണ്ടായിരുന്നതിനാലാണ് നിർത്താതെ പോയത്.
ബൈക്കിൽ നിന്നു വീണ ഇരുവരെയും 5 പൊലീസുകാർ ചേർന്ന് ക്രൂരമായി മർദിച്ചു. ദിപിന്റെ തലയോട്ടിക്ക് പരുക്കേറ്റു.
വലതു കൈ ചവിട്ടി ഒടിച്ചു.
വിശാഖിന്റെ വലതു കയ്യും വലത് കാലും അടിച്ചൊടിച്ചു. അപകടമുണ്ടായെന്നു പറഞ്ഞ് 108 ആംബുലൻസ് വരുത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
തലയ്ക്കു പരുക്ക് ഗുരുതരമായതിനാൽ ദിപിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് അപകടനില തരണം ചെയ്തതിനെ തുടർന്ന് വാർഡിലേക്കു മാറ്റിയത്.
ബോധം വന്നപ്പോഴാണ് പൊലീസ് മർദിച്ചെന്ന വിവരം പുറത്തു പറഞ്ഞത്.’
ഫോർട്ട് പൊലീസിന്റെ വിശദീകരണം
‘6 ന് പുലർച്ചെ 2 മണി കഴിഞ്ഞ് കല്ലുംമൂട് ഭാഗത്തു നിന്നു ബൈക്കിൽ വന്ന ദിപിനും വിശാഖും ഈഞ്ചയ്ക്കലിലെ ഹോട്ടലിൽ കയറി. ഇരുവരും മദ്യപിച്ചു ലക്കുകെട്ടിരുന്നതിനാൽ ഭക്ഷണം തീർന്നെന്നു പറഞ്ഞ് ഹോട്ടൽ ഉടമ മടക്കി വിട്ടു.
തട്ടിക്കയറിയ ശേഷം ഇരുവരും പോയി.
കുറച്ചു കഴിഞ്ഞ് അമിതവേഗത്തിൽ മടങ്ങിയെത്തിയപ്പോൾ 2.45 ന് ബൈക്ക് ബാരിക്കേഡിൽ ഇടിച്ചു മറിഞ്ഞു. പഴവങ്ങാടി ക്ഷേത്രത്തിനു സമീപത്തുണ്ടായിരുന്ന പട്രോളിങ് സംഘം വിവരമറിഞ്ഞ് 2.53 ന് ഈഞ്ചയ്ക്കലിൽ എത്തി. 2.58ന് ആംബുലൻസ് എത്തി.
3.02ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി.’
ദൃക്സാക്ഷി അനീഷിന്റെ മൊഴി
‘ഈഞ്ചയ്ക്കലിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോഴാണ് 2 ചെറുപ്പക്കാർ അവിടെയെത്തി ഭക്ഷണം കിട്ടാത്തതിന്റെ പേരിൽ ഉടമയോട് തർക്കിച്ചത്. ഇരുവരും മദ്യപിച്ചു ലക്കുകെട്ട
നിലയിലായിരുന്നു. ബൈക്ക് എടുത്തപ്പോൾ ഇരുവരും 2 വട്ടം മറിഞ്ഞു വീണു.
പിന്നീട് എവിടെയോ പോയ ശേഷം തിരിച്ചെത്തി ബൈക്ക് വേഗത്തിൽ ഓടിച്ചു പോകുകയും റോഡ് നിർമാണത്തിന്റെ ഭാഗമായി വച്ചിരുന്ന ബാരിക്കേഡിൽ ഇടിച്ചു മറിയുകയുമായിരുന്നു.
റോഡ് പണിക്ക് ഉണ്ടായിരുന്ന തൊഴിലാളികളും ഹോട്ടലിൽ നിന്നവരും ഓടിക്കൂടി ആംബുലൻസിലും പൊലീസിലും വിളിച്ചു. ആദ്യം ഹൈവേ പൊലീസ് എത്തി.
പിന്നാലെ ഫോർട്ട് പൊലീസും. പൊലീസ് എത്തി രണ്ടോ മൂന്നോ മിനിറ്റിനുള്ളിൽ ആംബുലൻസ് എത്തി പരുക്കേറ്റവരെ കയറ്റി കൊണ്ടുപോയി.’ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]