പാറശാല ∙ ഗ്യാസ് വില വർധനയ്ക്കു പിന്നാലെ അവ കിട്ടാതെ കൂടി വന്നതോടെ നാട്ടിൻപുറങ്ങളിൽ വിറകിന് “തീപിടിച്ച” വില. ഒരു കാലത്ത് ആർക്കും വേണ്ടാതിരുന്ന വിറകിന് ഇപ്പോൾ വിഐപി പരിവേഷം.
പ്രധാനമായും മൂന്നു രീതിയിലുളള വിറകുകളാണ് വിൽപ്പനയ്ക്കുളളത്. പുളിമര വിറക്, റബർ, പ്ലാവ് എന്നിവ.
ഇതിൽ പൊതുവേ വില കൂടിയത് പുളിയ്ക്കാണ്. ടണ്ണിന് 3000 രൂപയായിരുന്ന പുളിമര വിറകിന് ഇന്നലെ മുതൽ 4000 മുതൽ 4500 വരെയായി.
റബറാണ് കൂടുതലായി വിറ്റു പോകുന്നത്. 2500–2700 വരെ വിലയുണ്ടായിരുന്ന റബറിനും ഇന്നലെ 3300–3600 വരെയായി.
വിലക്കുറവുളള പ്ലാവ്, ആഞ്ഞിലി, മാവ് എന്നിവയ്ക്ക് 2000–2500 വിലയുണ്ടായിരുന്ന സ്ഥാനത്ത് 3000 വരെയായി ഉയർന്നു.
ആവശ്യക്കാരേറിയതോടെ വിറകിന്റെ ചില്ലറ വിൽപ്പന വിലയുമേറി. ഒരു കിലോ പുളി വിറകിന് 7 രൂപയായിരുന്നത് 8–9 രൂപയായി.
6 രൂപയ്ക്ക് വിറ്റിരുന്ന റബറിന് 7–8 രൂപയായും 5 രൂപയായിരുന്ന മറ്റു വിറകുകൾക്ക് 6–7 രൂപയായുമാണ് വിലയുയർന്നത്. പാറശാലയ്ക്കടുത്ത് കോട്ടവിള എം.ആർ.
വിറകു കടയിൽ വിറകിന് ആവശ്യക്കാരേറിയെന്ന് കടയുടമ രാജം പറയുന്നു. ഹോട്ടലുകാരും തട്ടുകടക്കാരും ഗ്യാസിലേക്കു തിരിഞ്ഞതോടെ വളരെക്കുറച്ച് വീട്ടുകാർ മാത്രമാണ് വിറക് ഉപയോഗിച്ചിരുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം മുതൽ തട്ടുകടക്കാരും വിറകു വാങ്ങാനെത്തുന്നു.
വിലപേശലില്ലാതെ ലോറിയിൽ ഇറക്കിയിരുന്ന വിറകിന് ലോറിക്കാർ വൻ വില ചോദിച്ചതിനാൽ ഇറക്കാൻ കഴിഞ്ഞില്ലെന്നും രാജം പറയുന്നു. ഇതിനിടെ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ ഉപയോഗിക്കാതെ കിടന്ന കൊതുമ്പ്, മടൽ, തൊണ്ട് തുടങ്ങിയവയ്ക്കും ആവശ്യക്കാരേറിയിട്ടുണ്ട്.
പാചക വാതക പ്രതിസന്ധി: വിറകടുപ്പില്ലാത്തവർ ആശങ്കയിൽ
കൊല്ലം ∙ പാചകവാതക ദൗർലഭ്യം ഹോട്ടലുകൾക്കു പുറമേ വിറകടുപ്പ് സംവിധാനമില്ലാത്ത വീടുകളിലെയും ഫ്ലാറ്റ് സമുച്ചയങ്ങളിലെയും പാചകത്തെ ബാധിക്കുമെന്നു വിലയിരുത്തൽ.
ഇലക്ട്രിക് അടുപ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടെങ്കിൽ പിടിച്ചു നിൽക്കാം. എന്നാൽ, പവർകട്ട് ഉൾപ്പെടെ വീടുകളിലെ പാചകത്തെ ബാധിക്കും.
ഓൺലൈനിൽ ബുക്ക് ചെയ്താൽ പാചക വാതക സിലിണ്ടർ ലഭിക്കില്ലെന്നു കരുതി ഗ്യാസ് ഏജൻസികൾക്കു മുന്നിൽ നീണ്ട ക്യൂവാണ്.
ഏജൻസികളുടെ ഫോണിലേക്കു ഗ്യാസ് ബുക്ക് ചെയ്യാൻ വിളിക്കുമ്പോൾ പ്രതികരണമില്ലാത്തതു കൊണ്ടാണ് ഉപഭോക്താക്കൾ നേരിട്ട് എത്തുന്നത്.
കഴിഞ്ഞ ദിവസം ബുക്കിങ് സെർവർ ഡൗൺ ആയതും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതായി ഏജൻസി ഉടമകൾ പറഞ്ഞു. എൽപിജി സിലിണ്ടർ ഗ്രാമ മേഖലയിൽ 45 ദിവസത്തെ ഇടവേളയിലും നഗര മേഖലകളിൽ 25 ദിവസത്തെ ഇടവേളയിലുമാണ് ബുക്ക് ചെയ്യാൻ കഴിയുക.
വയോധികർ മാത്രം താമസിക്കുന്ന വീടുകളിലാണ് ആശങ്ക കൂടുതലായുള്ളത്. ചിലയിടങ്ങളിൽ ഏജൻസികളിൽ നേരിട്ട് എത്തുന്നവർക്ക് സിലിണ്ടർ കൊടുക്കുന്നുമുണ്ട്.
ഗാർഹിക പാചക വാതക സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കലക്ടർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എൽപിജിക്കു ദൗർലഭ്യം ഉണ്ടാകുമെന്ന വ്യാജ പ്രചാരണങ്ങളുടെ അടിസ്ഥാനത്തിൽ സിലിണ്ടറുകളുടെ ബുക്കിങ്ങിൽ വന്ന വർധനവ് മൂലമാണ് വിതരണത്തിൽ ചെറിയ കാലതാമസം ഉണ്ടാകുന്നത്. സിലിണ്ടർ വിതരണത്തിൽ തടസ്സങ്ങളുണ്ടായാൽ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ ഉണ്ടാകുമെന്നും അവശ്യ മേഖലകളായ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിൽ ആവശ്യകതയ്ക്ക് അനുസരിച്ച് വാണിജ്യ സിലിണ്ടറുകൾ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.
ഗാർഹിക പാചകവാതക സിലിണ്ടർ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നതു തടയാൻ ജില്ലയിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധനകൾ നടത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

