ഇലകമൺ∙ പഞ്ചായത്തിലെ കരവാരം ഏറത്ത് കിഴക്കേപ്പുറം റോഡ് നവീകരണത്തിന്റെ പേരിൽ ഇറക്കിയ പാറപ്പൊടി അന്തരീക്ഷത്തിൽ വ്യാപിച്ചു ജനജീവിതം ദുസ്സഹമാക്കിയെന്നു പരാതി. വർഷങ്ങളായി തകർന്ന നിലയിലുള്ള റോഡ് പുനരുദ്ധാരണത്തിന്റെ പേരിലാണ് റോഡ് ഇളക്കി അതിനു മേൽ പാറപ്പൊടിയും മെറ്റലും ഉൾപ്പെടെ നിരത്തിയത്. എന്നാൽ ആഴ്ചകൾ പിന്നിട്ടിട്ടും തുടർജോലികൾ നടക്കാതെ വന്നതോടെ മുഴുവൻ പൊടിയും കാറ്റിൽ ചുറ്റുവട്ടത്തേക്കു പറന്നു വീട്ടുകാർക്കും പരിസരത്തെ കടകൾ നടത്തുന്നവർക്കും ദുരിതമായി മാറി.
നിലവിൽ രാവിലെ സമയത്തെ തണുത്ത കാലാവസ്ഥയിൽ പലരും ശ്വസന സംബന്ധമായ അസുഖങ്ങൾ നേരിടുന്നതിനിടെ സ്ഥലത്തെ പൊടിയും കൂടി അന്തരീക്ഷത്തിൽ കലർന്നു വ്യാപിച്ചതോടെ കുട്ടികൾ അടക്കം ആരോഗ്യപ്രശ്നം നേരിടുന്നുവെന്നു മുൻ പഞ്ചായത്ത് അംഗമായ വിനോജ് വിശാൽ പറയുന്നു.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് വേളയിൽ എംഎൽഎ മുഖേന 40 ലക്ഷം റോഡ് നവീകരണത്തിനു അനുവദിച്ചെന്നു അറിയിപ്പ് വന്നു ഏറെ വൈകിയാണ് ജോലികൾ തുടങ്ങുന്നത്. ഏകദേശം 1.5 കിലോമീറ്റർ ദൂരത്തിലുള്ള റോഡ് കിഴക്കേപ്പുറം ഭാഗത്താണ് ചേരുക.
പ്രദേശവാസികൾക്കു പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് പോകാനുള്ള ഇടറോഡു കൂടിയാണിത്.
കഴിഞ്ഞ കാലവർഷ വേളയിൽ റോഡിൽ വെള്ളം തളംകെട്ടി യാത്രായോഗ്യമല്ലെന്ന് ആരോപിച്ചു കോൺഗ്രസ് നേതൃത്വത്തിൽ മാർച്ച് നടത്തിയിരുന്നു. സ്കൂൾ ബസ് അടക്കം ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ നിലവിലെ സാഹചര്യത്തിൽ ദിവസവും വെള്ളം തളിക്കുന്ന നടപടി സ്വീകരിക്കണമെന്നും നിശ്ചിത സമയത്ത് റോഡ് നിർമാണം പൂർത്തിയാക്കണമെന്നും ആവശ്യം ഉയർന്നു.
അതേസമയം നിർമാണം തുടങ്ങിയ കരാറുകാരൻ ഇടയ്ക്കു പണി നിർത്തിവച്ചതാണ് പ്രശ്ന കാരണമെന്നും ജോലി പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ശ്രീധരൻ കുമാർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

