വിതുര∙ പഞ്ചായത്ത് ഓഫിസിലെ വർഷങ്ങളുടെ പഴക്കമുള്ള മാലിന്യം സ്വകാര്യ വാഹനത്തിൽ ശ്മശാനം നിർമിയ്ക്കാൻ വേണ്ടി പഞ്ചായത്ത് വാങ്ങിയ ഭൂമിയിൽ എത്തിച്ച് കത്തിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഹരിത കർമ സേനയുടെ നേതൃത്വത്തിൽ മാലിന്യ ശേഖരണവും സംസ്കരണവും നടക്കുന്നതിനിടെയാണ് മാലിന്യം പൊതു സ്ഥലത്ത് കത്തിച്ചത് വിവാദത്തിനു വഴിയൊരുക്കി.
പേപ്പർ മാലിന്യത്തിനു പുറമേ ഇലക്ട്രോണിക്, പ്ലാസ്റ്റിക് മാലിന്യവും കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങളുടെയും വയറുകളുടെയും മാലിന്യം ഉൾപ്പെടെയാണ് കത്തിച്ചത്.
ശ്മശാന ഭൂമിയിൽ നിന്നും പുക ഉയരുന്നത് കണ്ട് നാട്ടുകാരുടെ പ്രതിഷേധിച്ചതിനു പിന്നാലെ സ്വകാര്യ വാഹനത്തിൽ വന്നവർ സ്ഥലം വിട്ടു. ഒരാഴ്ചയ്ക്കിടെ പല തവണ മാലിന്യം കത്തിച്ചതായാണ് നാട്ടുകാരുടെ പരാതി.
പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശത്തെ തുടർന്നാണ് മാലിന്യം ശ്മശാന ഭൂമിയിൽ കൊണ്ടിട്ട് കത്തിച്ചതെന്ന് വാഹനത്തിൽ ഉണ്ടായിരുന്നവർ തങ്ങളോടു പറഞ്ഞതായി നാട്ടുകാർ ‘മനോരമ’യോടു പറഞ്ഞു. എന്നാൽ ഈ ആരോപണം പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി.ആനന്ദ് നിഷേധിച്ചു.
പഞ്ചായത്ത് ഓഫിസിനുള്ളിലെ പേപ്പർ മാലിന്യം നീക്കം ചെയ്യാൻ സ്വകാര്യ കൺസ്ട്രഷൻസിന് നിർദ്ദേശം നൽകിയിരുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു. എന്നാൽ താനോ സെക്രട്ടറിയോ ശ്മശാന ഭൂമിയിൽ ഈ മാലിന്യം എത്തിച്ച് കത്തിക്കാൻ നിർദ്ദേശിച്ചിട്ടില്ല.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മാലിന്യം നീക്കം ചെയ്തത്. പേപ്പർ മാലിന്യം മാത്രമാണ് പഞ്ചായത്ത് ഓഫിസിൽ നിന്നും കൊണ്ടു പോയത്.
പൊതു സ്ഥലത്ത് ഇലക്ട്രോണിക്, പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ കത്തിച്ചതു സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിച്ചാൽ നടപടിയ്ക്കു നിർദ്ദേശം നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മാലിന്യം കത്തിച്ച പുക വ്യാപകമായി ഉയർന്നത് നാട്ടുകാരിൽ ഭീതി പടർത്തി.
വർഷങ്ങൾ പഴക്കമുള്ള മാലിന്യമായതിനാൽ ശ്വാസം മുട്ടൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നാട്ടുകാർക്ക് ഉണ്ടാകുമോ എന്നതു സംബന്ധിച്ച് ആശങ്കയുണ്ട്. ശ്മശാന ഭൂമിയുടെ അര കിലോ മീറ്ററിനുള്ളിൽ വീടുകൾ സ്ഥിതി ചെയ്യുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

