തിരുവനന്തപുരം ∙ പ്ലാസ്റ്റിക് മദ്യക്കുപ്പിക്ക് ഈടാക്കുന്ന ഇരുപത് രൂപ തിരികെക്കിട്ടാന്‍ മദ്യപന്മാരുടെ എളുപ്പവഴി ഗുരുതര നിയമലംഘനമെന്ന് എക്സൈസ്. മദ്യം പൊട്ടിച്ച് മറ്റൊരു കുപ്പിയിലേക്ക് മാറ്റുമ്പോള്‍ യഥാര്‍ഥ മദ്യം അനധികൃത മദ്യമായി മാറും.
പിടിവീണാല്‍ അകത്ത് കിടക്കാനുള്ള വകുപ്പുണ്ടെന്നാണ് മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന പോലെ തന്നെ കുപ്പിമാറ്റവും നല്കുന്ന മുന്നറിയിപ്പ്.
20 രൂപ തിരികെ കിട്ടാനുള്ള എളുപ്പ മാര്‍ഗം അകത്തുപോകാനുള്ള വഴിയൊരുക്കുമെന്നും മദ്യപന്മാര് ഓര്‍ക്കണം. ബെവ്കോ നല്‍കുന്നത് എക്സൈസ് പരിശോധിച്ച് ഉറപ്പാക്കി സീല്‍ ചെയ്ത ബോട്ടിലിലെ മദ്യം.
ഇത് ഒഴിഞ്ഞ കുപ്പിയിലേക്ക് പകരുന്നതോടെ അംഗീകൃത മദ്യം അനധികൃതമാവും. സീലോ, ബില്ലോ ഇല്ലാതെയുള്ള മദ്യമാവും പിന്നീട് കൈവശമുണ്ടാവുക.
ഇങ്ങനെ കൈയില്‍ കരുതുന്ന മദ്യം എക്സൈസോ, പൊലീസോ പിടികൂടിയാല്‍ വ്യാജമദ്യം സൂക്ഷിച്ചതിന് അകത്താകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. 20 രൂപ നഷ്ടപ്പെട്ടാലും സഹിക്കുക.
മറ്റൊരു കുപ്പിയിലേക്ക് മദ്യം പകര്‍ന്ന് സൂക്ഷിക്കരുതെന്ന ന്യായമായ മുന്നറിയിപ്പ്.
പ്ലാസ്റ്റിക് ബോട്ടിലൊന്നിന് ഇരുപത് രൂപ നിരക്കില്‍ ഡെപ്പോസിറ്റ് സ്വീകരിക്കുന്ന ബവ്കോയുടെ പരീക്ഷണ പദ്ധതിയുണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. ധനനഷ്ടവും ജയില്‍വാസ സാധ്യതയും വരെ ഇതിനുണ്ട്.
ഇരുപത് രൂപ കൂടി അധികം നല്‍കണമെന്ന കാര്യം കൗണ്ടറില്‍ എത്തുമ്പോള്‍ മാത്രം അറിയുന്ന മദ്യപന്മാരെ പറഞ്ഞ് മനസിലാക്കാനും ജീവനക്കാര്‍ പരീക്ഷണം നേരിടുന്നുണ്ട്. രഹസ്യമായി ചെറുതൊന്ന് വാങ്ങി കുടിച്ചുതീര്‍ക്കുന്നതിനിടെ പലതിനെയും ഭയപ്പെടുന്ന മദ്യപാനികളില്‍ ഭൂരിഭാഗവും ബോട്ടിലൊന്നിന് ഇരുപത് രൂപ വീതം സര്‍ക്കാര്‍ ഖജനാവിലേക്ക് സംഭാവന നല്‍കിയെന്ന് ആശ്വസിക്കുകയാണ്.
മദ്യം വാങ്ങിപ്പോയവർ മിനിറ്റുകൾക്കുള്ളിൽ കാലിക്കുപ്പിയുമായി തിരിച്ചെത്തി
തിരുവനന്തപുരം∙ മദ്യത്തിന്റെ പ്ലാസ്റ്റിക് കാലിക്കുപ്പി വാങ്ങിയ ഔട്ലെറ്റിൽ തിരിച്ചുകൊടുത്താൽ നിക്ഷേപത്തുകയായ 20 രൂപ മടക്കി നൽകുന്ന ബവ്കോയുടെ പദ്ധതിയിൽ ആദ്യദിവസം തന്നെ കുപ്പികൾ തിരിച്ചെത്തിത്തുടങ്ങി. അതേസമയം, കുപ്പി തിരിച്ചുകൊടുക്കാനായി ഔട്ലെറ്റിനു സമീപത്തു തന്നെ മദ്യപിക്കുന്നവരുടെ എണ്ണവും കൂടി.
നിക്ഷേപത്തുകയ്ക്കു നൽകേണ്ട രസീത് അച്ചടിച്ച് ഔട്ലെറ്റുകളിൽ എത്തിക്കാതിരുന്നതു ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ തർക്കങ്ങൾക്കിടയാക്കി.
തിരുവനന്തപുരം ജില്ലയിൽ ഏറ്റവുമധികം മദ്യവിൽപന നടക്കുന്ന പവർഹൗസ് റോഡ് ഔട്ലെറ്റിൽ ആദ്യ ദിവസം രാത്രി 7 വരെ 400 കുപ്പികൾ തിരിച്ചെത്തി.
ഇവയിൽ അധികവും ക്വാർട്ടർ(180 മി.ലീ) കുപ്പികളാണ്. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ 10 വീതം ഔട്ലെറ്റുകളിലാണു പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തുടങ്ങിയത്.
എല്ലായിടത്തും ആദ്യദിനം ആശയക്കുഴപ്പമുണ്ടായി. രാവിലെ 9ന് ഔട്ലെറ്റ് തുറന്നയുടൻ മദ്യം വാങ്ങിപ്പോയവർ മിനിറ്റുകൾക്കുള്ളിൽ കാലിക്കുപ്പിയുമായി തിരിച്ചെത്തിയ സംഭവങ്ങളുണ്ടായി.
ചിലർ ഔട്ലെറ്റിന്റെ പരിസരത്തു തന്നെ മദ്യം അകത്താക്കിയപ്പോൾ, മറ്റു ചിലർ വേറെ കുപ്പിയിലേക്കു മാറ്റി കാലിക്കുപ്പിയുമായെത്തി 20 രൂപ തിരിച്ചുവാങ്ങി.
കാലിക്കുപ്പി വാങ്ങി 20 രൂപ തിരിച്ചുകൊടുക്കാൻ പ്രത്യേക കൗണ്ടർ തുറക്കുമെന്നും കുടുംബശ്രീ പ്രവർത്തകരെ നിയോഗിക്കുമെന്നും പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. നിലവിലുള്ള കൗണ്ടറുകൾ വഴി തന്നെയായിരുന്നു കുപ്പി ശേഖരണം.
കൗണ്ടറിൽ ബിൽ ചെയ്യുന്ന ജീവനക്കാരൻ തന്നെ കുപ്പിക്കു പുറത്തു ലേബൽ പതിപ്പിക്കേണ്ടിവന്നത് തിരക്കേറിയ സമയങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കി. മദ്യം വാങ്ങുന്ന ഔട്ലെറ്റിൽ തന്നെ കാലിക്കുപ്പി തിരിച്ചേൽപിച്ചാൽ മാത്രമേ 20 രൂപ ലഭിക്കൂവെന്ന നിബന്ധന ഉപയോക്താക്കൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്.
20 രൂപയ്ക്കു വേണ്ടി കുപ്പി സൂക്ഷിച്ചുവച്ച്, ഇതേ ഔട്ലെറ്റ് തേടിവരുന്നത് എങ്ങനെ പ്രായോഗികമാകുമെന്നതാണു ചോദ്യം. ഫലത്തിൽ, പദ്ധതി നടപ്പാക്കുന്ന ഔട്ലെറ്റുകളിൽ മാത്രം മദ്യവില 20 രൂപ ഉയർന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]