
തിരുവനന്തപുരം∙ മുതലപ്പൊഴിയിൽ ആഞ്ഞടിക്കുന്ന കൂറ്റൻ തിരകളും കടലിനടിയിലെ മണൽക്കൂനകളും കരിങ്കല്ലും ഇതുവരെ കവർന്നത് 78 മത്സ്യത്തൊഴിലാളികളുടെ ജീവൻ. കഴിഞ്ഞ ദിവസം 2 പേരുടെ ജീവൻ കൂടി നഷ്ടമായതോടെ മുതലപ്പൊഴി മേഖല ഭീതിയിലാണ്.
ട്രോളിങ് നിരോധനംനീങ്ങി മത്സ്യബന്ധനം സജീവമായി തുടങ്ങുന്നതിനിടയിലാണ് ദുരന്തം. ‘ഈ സീസണിലെ ആദ്യ അപകടമാണ്.
2 പേർ പോയി. ഇനി എത്രയെണ്ണം ആവർത്തിക്കുമെന്നറിയില്ല.
മത്സ്യത്തൊഴിലാളികൾ അനാഥരും, അവർക്കുവേണ്ടി ചോദിക്കാൻ ആരുമില്ലാത്തവരുമായതുകൊണ്ടല്ലേ ഇവിടെ അപകടം ഇല്ലാതാക്കാൻ നടപടിയില്ലാത്തത്, ഞങ്ങളുടെ ജീവന് സർക്കാർ വില വയ്ക്കാത്തത്..? മത്സ്യത്തൊഴിലാളിയായ ആൻഡ്രൂസിന്റെ ചോദ്യം.
പൊഴി നിലവിൽവന്ന ശേഷമാണ് ഈ മരണങ്ങളത്രയും. 2001ൽ നിർമാണം ആരംഭിച്ചെങ്കിലും പൂർത്തിയാകാൻ വർഷങ്ങളെടുത്തു.
ഇതിനിടെ മേഖലയിലൂടെ മത്സ്യബന്ധനവും തുടർന്നു. 2011ലാണ് പൊഴിമുഖത്ത് ആദ്യ അപകടമരണമുണ്ടായത്.
പിന്നീട് അപകടങ്ങൾ ആവർത്തിച്ചു. 2020ലാണ് മുതലപ്പൊഴി ഹാർബർ പദ്ധതി കമ്മിഷൻ ചെയ്തത്.
177 കോടിയുടെ നവീകരണ പദ്ധതിയുടെ ഉദ്ഘാടനവും അപകടരഹിത മുതലപ്പൊഴിയും പ്രഖ്യാപിച്ച് ദിവസങ്ങൾക്കകമാണു തീരമേഖല കണ്ണീരിലായത്. ഉദ്ഘാടനം നടന്നുവെന്നല്ലാതെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.
ഈ സീസൺ തുടങ്ങുന്നതിന് മുൻപു പൂർത്തിയാകേണ്ടിയിരുന്ന മണൽനീക്കവും നിലച്ചു.ഇന്നലെ മരിച്ച അഞ്ചുതെങ്ങ് കുന്നുംപുറം പള്ളിപ്പുരയിടം വീട്ടിൽ മൈക്കിൾ(58), ചിറയിൻകീഴ് കടകം എ.പി.തോപ്പിൽ ജോസഫ്(അമലദാസൻ–43) എന്നിവരുടെ മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു.
പരുക്കേറ്റ അഞ്ചുതെങ്ങ് മുരുക്കുവിളാകം വീട്ടിൽ അനു(42) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കണ്ണീർത്തിരയിൽ അഞ്ചുതെങ്ങ് ഗ്രാമം
ചിറയിൻകീഴ്∙ 2 മത്സ്യത്തൊഴിലാളികളുടെ അകാലവേർപാടിൽ അഞ്ചുതെങ്ങ് തീരഗ്രാമം കണ്ണീരിലായി. പ്രതീക്ഷിക്കാതെയെത്തിയ മരണം 2 പേരെ കൊണ്ടുപോയി, 2 കുടുംബങ്ങൾ അനാഥമായി.
മരണവാർത്ത അറിഞ്ഞതോടെ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്നവർ പണി നിർത്തിവച്ചു. മേഖലയിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.
ഈ കുടുംബത്തിന് ഇനിയാരുണ്ട്?
മത്സ്യബന്ധനം നഷ്ടമായതോടെ മുതലപ്പൊഴി താഴംപള്ളി കേന്ദ്രീകരിച്ച് ചുമട്ടുതൊഴിലിലും ഏർപ്പെട്ടിരുന്നു മരിച്ച ജോസഫ്.
വീട്ടിലെത്തിച്ച പ്രിയതമന്റെ ചേതനയറ്റ ശരീരം കാണാനാവാതെ ഭാര്യ ശ്രീജ ബോധരഹിതയായി വീണു. പറക്കമുറ്റാത്ത 2 കുഞ്ഞുങ്ങളുണ്ട്.
8 വയസ്സുകാരൻ അൻസിലും 12 വയസ്സുള്ള അന്നയും. പഴകി ദ്രവിച്ച ഇരുമുറി വീട്ടിൽ ജോസഫിന്റെ വരുമാനത്തിലാണ് ഇവർ കഴിഞ്ഞിരുന്നത്.
ശ്രീജ അസുഖബാധിതയാണ്. വൈകിട്ട് 4ന് അഞ്ചുതെങ്ങ് ചമ്പാവ് കർമലമാത പള്ളി സെമിത്തേരിയിൽ സംസ്കാരം നടന്നു.
പൊഴിയെ ഭയന്ന കുടുംബം
മുതലപ്പൊഴിയിൽ പണിക്കു പോകുമ്പോൾ സൂക്ഷിക്കണമെന്ന് മൈക്കിളിനോടു വീട്ടുകാർ പറഞ്ഞിരുന്നു.
കടൽ പ്രക്ഷുബ്ധമായിരുന്നതിനാൽ ഭാര്യ പുഷ്പവും മക്കളായ വിപിനും ബിനുവും മൈക്കിളിനോട് ശ്രദ്ധിക്കണമെന്ന് പറഞ്ഞാണയച്ചത്. നാലംഗ കുടുംബത്തിന്റെ രക്ഷാമാർഗം മൈക്കിളിന്റെ കരങ്ങളായിരുന്നു.
രാത്രിയെത്തിയ മരണവാർത്ത കുടുംബത്തെ തളർത്തി. ഉച്ചയോടെ അന്ത്യദർശനത്തിനായി മൃതദേഹം വീട്ടിലെത്തിച്ചു.
3ന് അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ചർച്ച് സെമിത്തേരിയിൽ സംസ്കാരം നടത്തി.
മണൽ കുന്നുകൂടി മുതലപ്പൊഴി
തിരുവനന്തപുരം∙ ചെന്നൈ ഐഐടിയുടെ നേതൃത്വത്തിൽ രൂപകൽപന ചെയ്ത മുതലപ്പൊഴി ഹാർബറിന് പൊഴിയുടെ വടക്കും തെക്കുമായി 2 പുലിമുട്ടുകളുണ്ട്. തെക്കുഭാഗത്ത് പുലിമുട്ട് നിർമാണം ആരംഭിച്ചപ്പോൾ തന്നെ ഇവിടെ മണലടിഞ്ഞുകൂടി.
നിർമാണം പൂർത്തിയായതോടെ സ്വാഭാവിക മണൽനീക്കത്തിന് വഴിയടഞ്ഞു. 2 പുലിമുട്ടുകൾക്കും ഇടയിലൂടെ മണൽ അകത്തേക്കു കയറാൻ തുടങ്ങി.
പുലിമുട്ടുകളുടെ നീളം കൂട്ടി പരിഹാരത്തിന് ശ്രമിച്ചെങ്കിലും തുറമുഖ കവാടത്തിൽ മണൽ കുന്നുകൂടി. ഈ ഭാഗത്തു തിരമാലകൾ ശക്തിയാർജിച്ചു.
ഇതോടെ തിരയിൽ ഉലഞ്ഞ് മണൽത്തിട്ടയിൽ ഇടിച്ചു ബോട്ടുകൾ മറിയുന്നതും കരിങ്കൽ കെട്ടുകളിൽ ഇടിച്ച് തകരുന്നതും പതിവായി.
മണൽ കവരുന്ന ജീവിതങ്ങൾ
ചിറയിൻകീഴ്∙ മുതലപ്പൊഴിയിലെ അപകടകാരണങ്ങളെക്കുറിച്ചു പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തുറമുഖ വകുപ്പിന് പരാതി നൽകിയതിന് കണക്കില്ല. സത്വര പരിഹാരമുണ്ടായില്ല.
കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം 9 ബോട്ടുകൾ അപകടത്തിൽപെട്ടു. 25 പേർക്കു സാരമായി പരുക്കേറ്റു.
ബോട്ടുകളും ഉപകരണങ്ങളും നശിച്ചതു വഴി ലക്ഷങ്ങളുടെ നഷ്ടവുമുണ്ടായി.അഴിമുഖ ചാനലിൽ ദിനം പ്രതി അടിഞ്ഞുകൂടുന്ന മണൽ നീക്കുന്നതിന് താൽക്കാലിക സംവിധാനമെങ്കിലും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.
തുറമുഖ ചാനലിന്റെ ആഴം കൂട്ടാനുള്ള നടപടികളും അദാനി പോർട്സ് മുതലപ്പൊഴി വിട്ടതോടെ നിലച്ചു. ശക്തമായ പ്രതിഷേധം ഉയർന്നതോടെ ഡ്രജറെത്തിച്ചു മണൽ നീക്കം തുടങ്ങിയെങ്കിലും ഡ്രജർ സാങ്കേതികത്തകരാറിൽ കുരുങ്ങി.
അഴിമുഖ മുനമ്പിൽ കൂറ്റൻ മണൽപാളികളുണ്ട്. 2 പേരുടെ മരണത്തെത്തുടർന്ന് മണൽ നീക്കാൻ തുറമുഖവകുപ്പിനു സർക്കാർ അടിയന്തര നിർദേശം നൽകിയിട്ടുണ്ട്.
കടലിന് താഴെ അപകടപാളി..!
പുലിമുട്ടിനു വടക്കുഭാഗത്ത് കടലിനടിയിൽ 6 അടി ആഴത്തിൽ പാറക്കല്ലുകളും ടെട്രാപോഡുകളും കെട്ടുപിണഞ്ഞു കിടന്നു മണലൊഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്.
ഇതേത്തുടർന്ന് വടക്കു ഭാഗത്തേക്ക് കടൽ കയറാൻ തുടങ്ങി. വെള്ളത്തിനടിയിലെ ഈ ‘ഹാർഡ് സ്ട്രക്ചർ’ ആണ് തെക്കുഭാഗത്തു മണൽ കുന്നുകൂടാൻ കാരണമെന്ന് പുണെ സെൻട്രൽ വാട്ടർ പവർ റിസർച് സ്റ്റേഷൻ കണ്ടെത്തി.
സ്വതന്ത്ര ഗവേഷണ സംഘടനയായ ‘ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫും’ (എഫ്എംഎൽ), ‘സ്കൂബ കൊച്ചിനും’ നടത്തിയ പഠനവും ഇക്കാര്യം ശരിവച്ചു.
തുറമുഖ നവീകരണത്തിന്റെ ഭാഗമായി പുലിമുട്ട് നീട്ടിയാലും വളച്ചാലും ഈ പ്രശ്നത്തിന് പരിഹാരം കാണാതെ അപകടങ്ങൾ ഒഴിയില്ലെന്ന് എഫ്എംഎൽ കോഓർഡിനേറ്റർ റോബർട്ട് പാനിപ്പിള്ള പറയുന്നു. ഹാർബർ നവീകരണ പദ്ധതിക്കായുള്ള പ്രോജക്ട് റിപ്പോർട്ടിലും ഇതു മാറ്റുന്നതിനെപ്പറ്റി പരാമർശമില്ല.
അദാനി പോർട്സിനെക്കൊണ്ട് എളുപ്പത്തിൽ ചെയ്യിക്കാമായിരുന്ന പ്രവൃത്തിയായിരുന്നു ഇതെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]