തിരുവനന്തപുരം ∙ വേനൽക്കാലത്തിന്റെ ദൈർഘ്യം കൂടുകയും വർഷകാലം ക്രമരഹിതമാവുകയും ചെയ്യുന്ന പ്രതിഭാസം കേരളത്തിലും ദൃശ്യമാകുന്നു. ലോകത്തിന്റെ വിവിധ കോണുകളിൽ കാലാവസ്ഥ വ്യതിയാനം മൂലമുള്ള ഈ ആഘാതം സംസ്ഥാനത്തും സമാനമായ അവസ്ഥയിലാണ്.
കേരളത്തിന് സമാനമായ ഭൂപ്രകൃതിയുള്ള വിയറ്റ്നാം, തായ്ലൻഡ്, മലേഷ്യ, ബ്രസീൽ എന്നിവിടങ്ങളിലെ കാലാവസ്ഥാ മാറ്റവും കേരളത്തിലേതു പോലെയാണെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. ഈമാസം ബാങ്കോക്കിലും വിയറ്റ്നാമിലെ ഹോ ചി മിൻ നഗരത്തിലും രേഖപ്പെടുത്തിയ 44 ഡിഗ്രി സെൽഷ്യസ് ചൂട് കേരളത്തിൽ പാലക്കാടും പുനലൂരും അനുഭവപ്പെടുന്ന ഉഷ്ണതരംഗത്തിനു സമാനമാണെന്നു വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ ( ഡബ്ല്യുഎംഒ) നടത്തിയ പഠനത്തിൽ പറയുന്നു.
മെഡിറ്ററേനിയൻ രാജ്യങ്ങളായ ഗ്രീസ്, സ്പെയിൻ എന്നിവിടങ്ങളിലെ തീവ്രമായ ഉഷ്ണതരംഗങ്ങളും കേരളത്തിലെ നിലവിലുള്ള താപനിലയോട് ചേർന്നു പോകുന്നതാണ്. വായുവിലെ ഈർപ്പവും ചൂടും ഒരുമിച്ച് കൂടുന്നതുമൂലം ഇവിടെ അനുഭവപ്പെടുന്നത് യഥാർഥ താപനിലയെക്കാൾ 5 മുതൽ 7 ഡിഗ്രി സെൽഷ്യസ് വരെ കൂടിയ ചൂടാണ്.
ഒരു പരിധി കടന്നാൽ ഈ ചൂട് മനുഷ്യ ശരീരത്തിന് വിയർപ്പിലൂടെ പുറന്തള്ളാൻ പറ്റാതെ വരും. ഇത് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും.
ചൂട് കൂടാൻ കാരണം പശ്ചിമഘട്ടത്തിന്റെ തകർച്ച
ബ്രസീലിൽ ആമസോൺ മഴക്കാടുകളുടെ നശീകരണം മൂലമാണ് താപനില വർധിച്ചതെങ്കിൽ കേരളത്തിൽ പശ്ചിമഘട്ട മലനിരകളുടെ തകർച്ചയാണ് താപനില കൂട്ടാനിടയാക്കിയത്.
വന വിസ്തൃതി കുറഞ്ഞതോടെ ഈർപ്പം വേഗത്തിൽ ബാഷ്പീകരിക്കുന്നതാണ് കേരളത്തിൽ ചൂട് കൂടാനുള്ള ഒരു കാരണമെന്ന് കേരള സർവകലാശാലയുടെ പഠനം വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഒഡീഷയിലും ആന്ധ്രയിലും ഉഷ്ണതരംഗം മൂലമുള്ള മരണനിരക്ക് കൂടുതലാണ്.
മഹാരാഷ്ട്ര വിദർഭ മേഖലയിൽ താപനില സ്ഥിരമായി 45 ഡിഗ്രി സെൽഷ്യസിലാണ്.
ഹിമാലയൻ സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും താപനില അതിവേഗം ഉയരുന്നത് മഞ്ഞുരുകലിനും പ്രകൃതിക്ഷോഭങ്ങൾക്കും കാരണമാകുന്നു. അറബിക്കടലും ബംഗാൾ ഉൾക്കടലും വേഗത്തിൽ ചൂടു പിടിക്കുന്നതു കേരളം ഉൾപ്പെടെയുള്ള തീരദേശ സംസ്ഥാനങ്ങളിലെ ചൂടും ഈർപ്പവും വർധിപ്പിച്ചിട്ടുണ്ട്.
കടൽ ചൂടാകുന്നത് തീവ്രമായ ചുഴലിക്കാറ്റിനും കാലവർഷം തെറ്റുന്നതിനും കാരണമാകും. ഏപ്രിൽ 16 ആകുന്നതോടെ സൂര്യൻ കേരളത്തിന് നേരെ മുകളിൽ എത്തുന്നതിനാൽ സൂര്യപ്രകാശത്തിന്റെ തീവ്രത വർധിക്കുകയും ചൂട് കൂടുകയും ചെയ്യും.
സാധാരണയായി അഞ്ചോ ആറോ ദിവസം ചൂട് തുടർന്നാൽ ലഭിക്കേണ്ട വേനൽമഴ ഇത്തവണ പലയിടത്തുമില്ല.
പഴയ കാലത്തെ ഓടിട്ട വീടുകൾക്ക് പകരം കോൺക്രീറ്റ് കെട്ടിടങ്ങൾ വർധിച്ചതും വനനശീകരണവുമാണ് കേരളത്തിലെ കാലാവസ്ഥ തകിടം മറിച്ചത്.
10 വർഷത്തിനിടെ താപനിലയുണ്ടായ 0.1– 0.2 ഡിഗ്രി സെൽഷ്യസ് വർധന പോലും ചൂടിന്റെ തീവ്രത കൂട്ടി. ഭാവിയിൽ ഇത് വലിയ പ്രതിസന്ധിയായി മാറാൻ സാധ്യതയുണ്ട്.
ഡോ.പി.വിജയകുമാർ, എൻവയൺമെന്റൽ സ്റ്റഡീസ് വിഭാഗം, കേരള സർവകലാശാല
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

