നെടുമങ്ങാട്∙ വഴയില–പഴകുറ്റി നാലുവരിപ്പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഒന്നാം റീച്ചിൽ ടാറിങ് ആരംഭിച്ചു. ഇന്നലെ വഴയില പെട്രോൾ പമ്പിന് സമീപത്ത് നിന്ന് പുരവൂർകോണം വരെ 450 മീറ്റർ ദൂരമാണ് ടാറിങ് നടത്തിയത്.
തമിഴ്നാട്ടിലെ പ്ലാന്റിൽ നിന്നാണ് ടാറിങിന് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നത്. പൊങ്കൽ കഴിഞ്ഞ ശേഷം നിർമാണം നടക്കുന്ന ഒന്നാം റീച്ചിലെ മറ്റ് സ്ഥലങ്ങളിലും കുറച്ച് ദൂരം ടാറിങ് നടക്കും.1285.19 കോടി രൂപയാണ് വഴയില–പഴകുറ്റി പാതയുടെ (11.24 കിലോമീറ്റർ) പദ്ധതി ചെലവ്.
കിഫ്ബി ഫണ്ടിൽ കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിനാണ് നിർമാണ ചുമതല.
വഴയില മുതൽ കെൽട്രോൺ ജംക്ഷൻ വരെ ഒന്നാം റീച്ചിൽ (4കിലോമീറ്റർ) മേൽപാലത്തിന്റെയും (58.70 കോടി) റോഡിന്റെയും കരകുളം പാലത്തിന്റെയും (93.64 കോടി) ജോലികൾ പുരോഗമിക്കുന്നു. ഭൂമി ഏറ്റെടുക്കുന്നവർക്ക് നഷ്ടപരിഹാരത്തുകയായി 191.72 കോടി രൂപ വിതരണം ചെയ്തു.
ആദ്യ റീച്ചിൽ 301 ഭൂഉടമകളിൽ നിന്നാണ് ഭൂമി ഏറ്റെടുക്കുന്നത്. ഇവർക്ക് പുനരധിവാസത്തിനും പുന:സ്ഥാപനത്തിനുമായി 191.72 കോടി രൂപ വിതരണം ചെയ്തു. കെൽട്രോൺ ജംക്ഷൻ മുതൽ വാളിക്കോട് വരെയുള്ള രണ്ടാം റീച്ചിൽ (3.96 കിലോമീറ്റർ) കരകുളം, അരുവിക്കര, നെടുമങ്ങാട് വില്ലേജുകളിൽ നിന്നായി 12 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
നഷ്ടപരിഹാര തുകയായ 299 കോടി രൂപ നൽകി.
വാളിക്കോട് മുതൽ പഴകുറ്റി പമ്പ് ജംക്ഷൻ – കച്ചേരി നട – പതിനൊന്നാം കല്ല് വരെയുള്ള മൂന്നാം റീച്ചിൽ ഭൂമി വിട്ടുനൽകുന്ന 481 പേർക്കുള്ള നഷ്ടപരിഹാര തുക 396.4 കോടി രൂപ റവന്യൂ വകുപ്പിന് കൈമാറി.
നെടുമങ്ങാട്, കരുപ്പൂര്, ആനാട് വില്ലേജുകളിലായി 3.2 കിലോമീറ്റർ ദൂരത്തിൽ 2.7396 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
കരകുളം പാലം
നിർമാണം നടക്കുന്ന കരകുളം പാലത്തിൽ ഒരു വശത്ത് 4 ഗാർഡറുകൾ സ്ഥാപിച്ചു. ഇതിന്റെ മുകളിൽ കോൺക്രീറ്റ് സ്ലാബിന്റെ ജോലികൾ ഉടൻ നടക്കും.
ഇൗ സ്ലാബിന് മുകളിലൂടെ വാഹനങ്ങളെ കടത്തിവിട്ട ശേഷം നിലവിലെ വീതി കുറഞ്ഞ പഴയ പാലം പൊളിച്ച് മറുവശത്ത് ജോലികൾ ആരംഭിക്കും.
നിലവിൽ വീതി കുറഞ്ഞ പാലത്തിലൂടെ ആണ് ഇപ്പോൾ വാഹനങ്ങൾ സഞ്ചരിക്കുന്നത്.
കരകുളം മേൽപാലം
കരകുളം പാലം ജംക്ഷന് സമീപത്ത് നിന്ന് ആരംഭിച്ച് കെൽട്രോൺ ജംക്ഷനിൽ അവസാനിക്കും. 14 പിയറിൽ 11 എണ്ണത്തിന്റെ ജോലികൾ പൂർത്തിയായി.
3 എണ്ണത്തിന്റെ അടിസ്ഥാനവുമായി. പിയറിന് മുകളിൽ പിയർ ഗ്യാപ്പിന്റെയും ഗാർഡറിന്റെയും നിർമാണ ജോലികൾ പുരോഗമിക്കുകയാണ്.
4 പിയർ ഗ്യാപ്പിന്റെ ജോലികൾ കഴിഞ്ഞു. 675 മീറ്റർ നീളവും 16.75 മീറ്റർ വീതിയും ആണ് മേൽപ്പാലത്തിന് ഉള്ളത്.
58.70 കോടി രൂപ ചെലവിൽ ആണ് നിർമാണം.
ടെൻഡർ തുറന്നു
കെൽട്രോൺ ജംക്ഷൻ മുതൽ വാളിക്കോട് വരെയുള്ള രണ്ടാം റീച്ചിന്റെ നിർമാണത്തിനായുള്ള റീ ടെൻഡർ ഇന്നലെ തുറന്നു. റീ ടെൻഡറിന്റെ സാങ്കേതിക ബിഡ് തുറന്നപ്പോൾ 7 പേർ കരാർ വച്ചിട്ടുണ്ട്.
ഇനി ഫിനാൻഷ്യൽ ബിഡ് തുറക്കുന്നതോടെ കൂടുതൽ വിവരങ്ങൾ അറിയാനാകും. ഇതിനായി ടെക്നിക്കൽ കമ്മിറ്റി ചേരേണ്ടതുണ്ട്.
ഇത് ഉടൻ ഉണ്ടാകുമെന്നും പൊതുമരാമത്ത് അധികൃതർ പറഞ്ഞു. കോയമ്പത്തൂർ ആസ്ഥാനമായ കെസിപി ആൻഡ് രാജ്കുമാർ സംയുക്ത കമ്പനിയെ കഴിഞ്ഞ മാസം ഒഴിവാക്കിയതോടെ ആണ് റീ ടെൻഡർ ചെയ്തത്.
ഇൗ കമ്പനി 3.2 % കുറവിൽ കരാർ ഏറ്റെടുത്തെങ്കിലും നിശ്ചിത സമയത്തിനുള്ളിൽ ബാങ്ക് ഗ്യാരന്റി നൽകാത്തതിനെ തുടർന്നാണ് ടെൻഡർ റദ്ദാക്കിയത്.
ടാറിങ് വേളയിൽ മന്ത്രി എത്തി
മന്ത്രി ജി.ആർ.അനിൽ, നെടുമങ്ങാട് നഗരസഭ ചെയർമാൻ ആർ.ജയദേവൻ, കരകുളം പഞ്ചായത്ത് പ്രസിഡന്റ് സി.അജിത് കുമാർ, പഞ്ചായത്തംഗങ്ങളായ എൽ.എസ്.അനുഷ, രാജൻ സേവ്യർ, സിപിഐ ജില്ലാ കമ്മിറ്റിയംഗം വി.രാജീവ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബി.ടി.സജിത്, അസിസ്റ്റന്റ് എൻജിനീയർ എസ്.രമ്യ തുടങ്ങിയവർ എത്തിയിരുന്നു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

