ആറ്റിങ്ങൽ∙ പാലസ് റോഡിലും , ബിടിഎസ് റോഡിലും വൺവേ സംവിധാനം ഉറപ്പാക്കുമെന്ന ഗതാഗത പരിഷ്കരണ സമിതിയുടെ തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകരും കൗൺസിലർമാരും പ്രതിഷേധിച്ചു. ചിറയിൻകീഴ് ഭാഗത്തു നിന്നു പാലസ് റോഡിലൂടെ ഡിപ്പോയിലേക്ക് വന്ന സ്വകാര്യ ബസ് പ്രതിഷേധക്കാർ തടഞ്ഞു.
നഗരസഭ കൗൺസിലർമാരും , ബിജെപി നേതാക്കളുമടങ്ങുന്ന മുപ്പതിലേറെ പേരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
വാഹനം തടഞ്ഞതിന് കണ്ടാലറിയാവുന്ന 15 ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. നാലു മാസത്തിനിടെ രണ്ട് തവണ ഗതാഗത പരിഷ്കരണ സമിതി യോഗം കൂടി ഒട്ടേറെ തീരുമാനങ്ങളെടുത്തിരുന്നെങ്കിലും പാലസ് റോഡ് വൺവേ ആക്കുന്നതടക്കം പ്രധാന തീരുമാനങ്ങളിൽ ഒന്നു പോലും അധികൃതർക്ക് നടപ്പാക്കാനായില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
രണ്ട് പ്രാവശ്യം ഗതാഗത പരിഷ്കരണ സമിതി യോഗം ചേർന്നെടുത്ത തീരുമാനങ്ങൾ നടപ്പാക്കാതെ അട്ടിമറിക്കുകയായിരുന്നെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
മേയ് 31 ന് കൂടിയ ആദ്യ യോഗത്തിൽ ജൂൺ ഒന്നു മുതൽ പരിഷ്കരണം നടപ്പാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ദിവസങ്ങൾ പിന്നിട്ടിട്ടും തീരുമാനം നടപ്പാക്കാത്തത് വിവാദമായതോടെ വീണ്ടും യോഗം ചേർന്നു. ജൂലൈ അഞ്ചിന് ചേർന്ന യോഗത്തിൽ ആദ്യ യോഗത്തിലെടുത്ത പല തീരുമാനങ്ങളിലും മാറ്റം വരുത്തി പുതിയ കുറച്ച് തീരുമാനങ്ങളെടുത്തു.
ജൂലൈ 19 മുതൽ നടപ്പാക്കുമെന്ന് അറിയിച്ചിരുന്ന ഈ തീരുമാനങ്ങളിൽ ഒന്നു പോലും നടപ്പാക്കാൻ രണ്ട് മാസം പിന്നിട്ടിട്ടും അധികൃതർക്കായില്ലെന്നാണ് ആക്ഷേപം.
ഗതാഗത പരിഷ്കരണ സമിതിയുടെ തീരുമാന പ്രകാരം പാലസ് റോഡിൽ വൺവേ സംവിധാനം ആക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയതോടെ പ്രതിഷേധം അവസാനിപ്പിച്ചതായി പ്രതിഷേധക്കാർ പറഞ്ഞു.നഗരസഭ കൗൺസിലർമാരായ എസ്. സന്തോഷ്, സി.എസ്.
ജീവൻലാൽ, ജില്ലാ സെക്രട്ടറി സജു, ആർ .ബൈജു , അജിത്ത് പ്രസാദ് , രാജ ലക്ഷ്മി എന്നിവർ നേതൃത്വം നൽകി
നേരിയ സംഘർഷം
ആറ്റിങ്ങൽ∙ പാലസ് റോഡിൽ ഗതാഗത പരിഷ്കരണ നിയമം തെറ്റിച്ച് ഓടിയ സ്വകാര്യ ബസ് തടഞ്ഞ ബിജെപി പ്രവർത്തകരും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. സ്ഥലത്തെത്തിയ ആറ്റിങ്ങൽ പൊലീസ് സ്ഥിതിഗതികൾ ശാന്തമാക്കി.
ബസ് തടഞ്ഞ പ്രതിഷേധക്കാർക്കെതിരെ പരാതിയുണ്ടെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ടതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്.
ബസിന് പിഴ
ആറ്റിങ്ങൽ∙ ഗതാഗത പരിഷ്കരണ സമിതിയുടെ തീരുമാന പ്രകാരം പാലസ് റോഡ് വൺവേ ആക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച ബിജെപി പ്രവർത്തകർ തടഞ്ഞ സ്വകാര്യ ബസിന് പിഴയിട്ടതായി ആറ്റിങ്ങൽ പൊലീസ് അറിയിച്ചു. വൺവെ തെറ്റിച്ച് ഓടിയതിനാണ് പിഴയീടാക്കിയതെന്ന് പൊലീസ് പറഞ്ഞു.
വൺവേ സംവിധാനം
ആറ്റിങ്ങൽ∙ ഗതാഗത പരിഷ്കരണ സമിതിയുടെ തീരുമാന പ്രകാരം പാലസ് റോഡിൽ ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഇന്നലെ മുതൽ വൺവേ സംവിധാനം ഏർപ്പെടുത്തി.
പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചക്കൊടുവിലാണ് പൊലീസ് വൺവേ സംവിധാനം ഏർപ്പെടുത്തിയത്. ചിറയിൻകീഴ് ഭാഗത്തു നിന്ന്ഡിപ്പോയിലേക്ക് വരുന്ന വാഹനങ്ങൾക്കാണ് പാലസ് റോഡിൽ നിരോധനം .
തിരികെ പോകുന്ന വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല .
ബസ് സർവീസ് നടത്തി
ആറ്റിങ്ങൽ ∙ പൊലീസ് ഏർപ്പെടുത്തിയ പരിഷ്കരണത്തിന് പുല്ലുവില കൽപ്പിച്ച് പാലസ് റോഡിൽ ചില ബസുകൾ ഇന്നലെ സർവീസ് നടത്തി. ഗതാഗത പരിഷ്കരണ സമിതിയുടെ തീരുമാനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ സമരം നടത്തിയതിനെ തുടർന്നാണ് പാലസ് റോഡിലൂടെ വലിയ വാഹനങ്ങൾക്ക് ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ വൺവേ സംവിധാനം ഏർപ്പെടുത്തിയത്.
വലിയ വാഹനങ്ങൾ പാലസ് റോഡിൽ കയറുന്നത് തടയാൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ പൊലീസിനെ വിന്യസിച്ചിരുന്നു. എന്നാൽ പൊലീസിനെ വെല്ലുവിളിച്ച് ചില ബസുകൾ വീരളം ക്ഷേത്രത്തിന് മുന്നിലൂടെ പാലസ് റോഡിൽ പ്രവേശിച്ച് സർവീസ് നടത്തി. ബിജെപി പ്രവർത്തകർ വിവരമറിഞ്ഞ് വീണ്ടും തടിച്ചു കൂടാൻ തുടങ്ങിയതോടെ വീരളം ക്ഷേത്രത്തിന് മുന്നിലും പൊലീസിനെ വിന്യസിച്ച് ബസുകൾ പാലസ് റോഡിൽ പ്രവേശിക്കുന്നത് തടഞ്ഞു.
മിന്നൽ പണിമുടക്കിന് ശ്രമം
ആറ്റിങ്ങൽ∙ ബിജെപി പ്രവർത്തകർ സ്വകാര്യ ബസ് തടയുകയും , പാലസ് റോഡിൽ വലിയ വാഹനങ്ങൾക്ക് പൊലീസ് വൺവേ സംവിധാനം നടപ്പിലാക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ബസ് ജീവനക്കാർ മിന്നൽ പണിമുടക്കിന് ആഹ്വാനം ചെയ്തു. ചിറയിൻകീഴ് ഭാഗത്തേക്കുള്ള ബസുകളാണ് മിന്നൽ പണിമുടക്കിന് ശ്രമിച്ചത്.
ബസുകളിൽ കൊടികൾ കെട്ടി ഡിപ്പോയ്ക്കു മുന്നിൽ നിരത്തിയിട്ടു. മിനിറ്റുകൾ മാത്രം നീണ്ടു നിന്ന പ്രതിഷേധം പൊലീസ് ഇടപെട്ടതോടെ അവസാനിപ്പിച്ച് ബസുകൾ ഓടിത്തുടങ്ങി.
വാദം പൊളിഞ്ഞു
ആറ്റിങ്ങൽ∙ ചിറയിൻകീഴ് ഭാഗത്തു നിന്നും വരുന്ന സ്വകാര്യ ബസുകൾ കച്ചേരി ജംക്ഷൻ വഴി പോയാൽ കച്ചേരി ജംക്ഷനിലും ദേശീയ പാതയിലും വൻ ഗതാഗത കുരുക്കുണ്ടാകുമെന്ന വാദം പൊളിഞ്ഞു.
പാലസ് റോഡിൽ വലിയ വാഹനങ്ങൾക്ക് വൺവേ സംവിധാനം ഏർപ്പെടുത്തിയ ഇന്നലെ രാത്രി വൈകും വരെ കച്ചേരി ജംക്ഷനിലടക്കം ഗതാഗതക്കുരുക്ക് ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
തീരുമാനം നടപ്പാക്കും
ആറ്റിങ്ങൽ∙ പട്ടണത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി ഗതാഗത പരിഷ്കരണ സമിതി എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുമെന്ന് നഗരസഭ ചെയർപഴ്സൻ എസ്. കുമാരി പറഞ്ഞു.
പാലസ് റോഡിൽ വലിയ വാഹനങ്ങൾക്ക് വൺവേ സംവിധാനം ഏർപ്പെടുത്തണമെന്നതടക്കമുള്ള എല്ലാ തീരുമാനങ്ങളും നടപ്പിലാക്കണമെന്ന് നഗരസഭ ചെയർപഴ്സൻ എസ്. കുമാരി പറഞ്ഞു.
വീണ്ടും യോഗം ചേരും
ആറ്റിങ്ങൽ∙ പാലസ് റോഡ് വൺവേ ആക്കുന്നതടക്കമുള്ള തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന് മുന്നോടിയായി വീണ്ടും യോഗം ചേരുമെന്ന് ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ അജയൻ പറഞ്ഞു. തീയതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]