തിരുവനന്തപുരം ∙ ‘ഓണത്തിന് അമ്മയ്ക്ക് സർപ്രൈസ് നൽകാനായി നാട്ടിൽ വരും…’ – സഹോദരി ഡോ.ഗംഗാ സന്തോഷിനോട് ഗൗതം പറഞ്ഞ വാക്കുകളാണ് ഇത്. ഇന്നലെ പൂജപ്പുര ചട്ടമ്പിസ്വാമി റോഡ് വിദ്യാധിരാജ നഗർ ‘ശ്രീശൈല’ത്തിൽ ഗൗതമിന്റെ ചേതനയറ്റ ശരീരം എത്തുമ്പോൾ അമ്മ ശ്രീകലയെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഉണ്ടായിരുന്നില്ല.
കാനഡയിൽ ചെറു വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ഗൗതം സന്തോഷിന്റെ(27) മൃതദേഹം പുലർച്ചെ നാലോടെയാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ചത്.
കാനഡയിലെ ഡിയർ ലേക് വിമാനത്താവളത്തിനു സമീപം ന്യൂഫൗണ്ട് ലാൻഡിൽ ജൂലൈ 26ന് ആയിരുന്നു അപകടം. കിസിക് ഏരിയൽ സർവേ ഇൻകോർപറേറ്റഡിന്റെ എയർ ക്രാഫ്റ്റാണ് തകർന്നത്.
മകന്റെ മൃതദേഹം അടങ്ങിയ പേടകം കണ്ട് രക്ഷിതാക്കളായ കെ.എസ്.സന്തോഷ്കുമാറും എൽ.കെ.ശ്രീകലയും സഹോദരി ഡോ.ഗംഗാ സന്തോഷും വിതുമ്പി.
സഹോദരിയുടെ വിവാഹത്തിനായി 2023 സെപ്റ്റംബറിൽ നാട്ടിൽ എത്തി ഉടൻ മടങ്ങിയ ഗൗതം ഡിസംബറിൽ തിരികെയെത്തി പിന്നീട് പുതുവത്സരം കഴിഞ്ഞാണ് കാനഡയിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലും നാട്ടിലെത്തിയിരുന്നു.
സെപ്റ്റംബർ 23ന് ആണ് ഗൗതമിന്റെ പിറന്നാൾ. കാനഡയിൽ പൈലറ്റാകാൻ പഠിച്ച പസഫിക് പ്രഫഷനൽ ഫ്ലൈറ്റ് സെന്ററിൽ ഹെഡ് ഓഫ് ഫ്ലൈറ്റ് ഡെസ്പാച്ച് ആയി ജോലി ചെയ്യുകയായിരുന്നു ഗൗതം.
ഉച്ചയ്ക്ക് ഒന്നരയോടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ എത്തിച്ച് സംസ്കരിച്ചു.
ജനപ്രതിനിധികൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ഇന്ത്യൻ എംബസി, നോർക്ക, മുഖ്യമന്ത്രിയുടെ ഓഫിസ്, ശശി തരൂർ എംപി, ഡിസിസി പ്രസിഡന്റ് എൻ.
ശക്തൻ തുടങ്ങിയവരുടെ ഇടപെടലിനെ തുടർന്നാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ന്യൂഫൗണ്ട് ലാൻഡിലെ മലയാളി അസോസിയേഷൻ പ്രതിനിധികളും മൃതദേഹം നാട്ടിലെത്തിക്കാൻ സഹായങ്ങൾ ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]