
തിരുവനന്തപുരം∙ കൊച്ചിയിൽ മുങ്ങിയ കപ്പലിൽ നിന്നുള്ള കണ്ടെയ്നർ മാലിന്യങ്ങളും പ്ലാസ്റ്റിക് പെല്ലറ്റുകളും ജില്ലയിലെ തീരത്ത് ഇപ്പോഴും ദുരിതം വിതയ്ക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലയിൽ കുടുങ്ങി വല ഉപയോഗശൂന്യമാകുന്നത് ആവർത്തിക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടി.
വിവിധ തീരങ്ങളിൽ അടിഞ്ഞ പെല്ലറ്റുകൾ ഇനിയും പൂർണമായി നീക്കം ചെയ്യാനായിട്ടില്ല. വർക്കല നഗരസഭ പരിധിയിൽ പാപനാശം ബീച്ച്, ഇടവ, വെട്ടൂർ പഞ്ചായത്ത് തീരങ്ങളിലാണ് മുങ്ങിയ കപ്പലിൽ നിന്നുള്ള അവശിഷ്ടങ്ങൾ ധാരാളമായി അടിഞ്ഞത്. സംഭവത്തിനു ശേഷം നഗരസഭയുടെയും വിവിധ പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ തീര ശുചീകരണം നടത്തി പെല്ലറ്റുകൾ ശേഖരിച്ചെങ്കിലും പ്രവർത്തനം പൂർണമായിട്ടില്ല.
കലക്ടറുടെ മേൽനോട്ടത്തിൽ കുടുംബശ്രീ മിഷൻ മുഖേന തീര ശുചീകരണം ആരംഭിച്ചിട്ടുണ്ട്.
ഇടവയിലും വെട്ടൂരിലും ഇത്തരത്തിൽ ശുചീകരണം നടക്കുന്നുണ്ട്.നെയ്യാറ്റിൻകരയിലെ തീരമേഖലയിൽ മുങ്ങിയ കപ്പലിൽ നിന്ന് വീണ കണ്ടെയ്നറുകൾ തകർന്നതു മൂലം തീരത്തടിഞ്ഞ മാലിന്യം നീക്കം ചെയ്യാൻ ആരും എത്തിയിട്ടില്ല. അടിമലത്തുറ മുതൽ പൂവാർ പൊഴിക്കര വരെ അടിഞ്ഞു കൂടിയ മാലിന്യത്തിൽ ഭൂരിഭാഗവും കടലെടുത്തു പോയതായി തീരദേശവാസികൾ പറയുന്നു.
അവശിഷ്ടങ്ങൾ ഇപ്പോഴും പലയിടത്തും ചിതറി കിടക്കുന്നുണ്ട്.
കണ്ടെയ്നറുകൾ കരയ്ക്ക് അടിഞ്ഞപ്പോൾ പൊലീസും ഫയർ ഫോഴ്സും റവന്യു അധികാരികളും എത്തിയെങ്കിലും മാലിന്യം നീക്കാൻ സർക്കാർ യാതൊരു സംവിധാനവും നടപ്പാക്കിയിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികളും പരാതിപ്പെടുന്നു. കോവളം തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികൾ അരിച്ചു ശേഖരിക്കുന്ന പ്രവർത്തനം നടക്കുന്നുണ്ട്. കോവളത്തെ വിവിധ ബീച്ചുകളിൽ ഫയർ ഫോഴ്സും സിവിൽ ഡിഫൻസ് വൊളന്റിയർമാരും ചേർന്നാണ് തീരത്തു നിന്നു പ്ലാസ്റ്റിക് തരികൾ നീക്കം ചെയ്യുന്നത്.
പ്ലാസ്റ്റിക് അടങ്ങിയ മണൽ ശേഖരിച്ച് കോവളം ലൈറ്റ് ഹൗസ്, ഹവ്വാ, ഗ്രോവ് ബീച്ചുകളിൽ ശുദ്ധീകരിക്കുകയാണ്.
ചാക്കുകളിലാക്കി പാർക്കിങ് കേന്ദ്രത്തിൽ സംഭരിക്കുന്നവ ലോഡ് തികയുന്നതനുസരിച്ചു കൊണ്ടു പോവുകയും ചെയ്യുന്നുണ്ട്. കടലിന് അടിത്തട്ടിലേക്ക് പ്ലാസ്റ്റിക് ഗ്രാന്യുളുകൾ ആഴത്തിൽ പോയിട്ടുണ്ടെന്നും വിലയിരുത്തലുണ്ട്.
കടൽ ഇളകിയ നിലയിലായതിനാൽ ഇന്നലെ തീരത്തേക്ക് വീണ്ടും പ്ലാസ്റ്റിക് തരികളെത്തി. ഉൾക്കടലിൽ വീശിയ വലകളിൽ അപകടത്തിൽപെട്ട
കപ്പലിൽ നിന്നുള്ള പ്ലാസ്റ്റിക് വീപ്പകൾ പെട്ടത് വലകൾ കേടാക്കിയെന്ന് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. വിഴിഞ്ഞം കോസ്റ്റൽ പൊലീസിൽ ഇവർ പരാതി നൽകിയിട്ടുണ്ട്.
ഇതു സംബന്ധിച്ച തുടർ നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]