തിരുവനന്തപുരം ∙ ആധാറിലെ (യുഐഡി) പിഴവുകൾ മൂലം സ്കൂൾ തലയെണ്ണലിൽ പരിഗണിക്കപ്പെടാതെ പോയ കുട്ടികളുടെ കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കൂടുതൽ സമയം അനുവദിച്ചു. ഓൺലൈനായി നടപടികൾക്ക് 16 വരെയാണു സമയം. ഇതിനു ശേഷവും പിഴവ് പരിഹരിക്കാൻ കഴിയാത്ത കുട്ടികളുടെ കാര്യത്തിൽ സ്കൂളുകൾ അപേക്ഷിച്ചാൽ റവന്യു ജില്ലാ തലത്തിൽ ഡിഡിയുടെ നേതൃത്വത്തിലുള്ള സമിതി 21ന് അകം പ്രത്യേക ഹിയറിങ് നടത്തി തീരുമാനമെടുക്കും.
ഇതോടെ 15നു പൂർത്തിയാക്കേണ്ട സ്കൂൾ തസ്തിക നിർണയം ഇത്തവണയും വൈകുമെന്നുറപ്പായി.
കാൽ ലക്ഷത്തിലേറെ കുട്ടികളുടെ യുഐഡിയിൽ പിഴവുകൾ ഉണ്ടെന്നാണ് വിവരം. ഭൂരിപക്ഷവും ഒന്നാം ക്ലാസിൽ ചേർന്നവരാണ്.
ആറാം പ്രവൃത്തി ദിനമായ ജൂൺ 10ന് ശരിയായ യുഐഡി സമ്പൂർണ പോർട്ടലിൽ രേഖപ്പെടുത്തുന്ന കുട്ടികളുടെ എണ്ണം മാത്രമേ തസ്തിക നിർണയത്തിനു പരിഗണിക്കുകയുള്ളൂ എന്നാണ് വകുപ്പ് വ്യക്തമാക്കിയിരുന്നത്.
എന്നാൽ ഇതുമൂലം അർഹമായ തസ്തികകൾ പോലും നഷ്ടപ്പെടുമെന്നു ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ജൂൺ 30 വരെ ആധാർ രേഖ എന്റർ ചെയ്ത കുട്ടികളുടെ എണ്ണം തസ്തിക നിർണയത്തിന് പരിഗണിക്കുന്നത് ആലോചിക്കാമെന്ന് അധ്യാപക സംഘടനാ യോഗത്തിൽ മന്ത്രി വി.ശിവൻകുട്ടി ഉറപ്പു നൽകിയതായി സംഘടനാ നേതാക്കൾ പറയുന്നു. എന്നാൽ ഇന്നലെ പൊതു വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലർ അനുസരിച്ച് ആറാം പ്രവൃത്തിദിനം (ജൂൺ 10) എന്റർ ചെയ്തതിൽ ആധാറിൽ പിഴവുള്ളവർക്കു മാത്രമാണ് അതു പരിഹരിക്കാൻ അവസരം നൽകിയിരിക്കുന്നത്.
വെരിഫിക്കേഷൻ ഇങ്ങനെ
തെറ്റായ ആധാർ വെരിഫൈ ചെയ്യാൻ ആധാറിന്റെ ഫോട്ടോ ‘ഇൻവാലിഡ്’ ആയതിന്റെ കാരണമടക്കം സ്കൂൾ പ്രഥമാധ്യാപകർ സമ്പൂർണ പോർട്ടൽ വഴി നൽകണം.
കുട്ടിയുടെ പേരിൽ 3 അക്ഷരങ്ങളുടെ വരെ വ്യത്യാസമാണെങ്കിൽ വാലിഡ് ആയി കണക്കാക്കും. ഒന്നാം ക്ലാസ് ഒഴികെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ ജനന വർഷം ആധാറിലും സമ്പൂർണ പോർട്ടലിലും ഒരുപോലെയാവുകയും മാസമോ ദിവസമോ വ്യത്യാസമാവുകയും ചെയ്താൽ പ്രത്യേകമായി രേഖപ്പെടുത്തി വെരിഫൈ ചെയ്യും. എന്നാൽ, ഒന്നാം ക്ലാസിലെ കുട്ടികളുടെ ജനന തീയതിയിൽ വ്യത്യാസം വന്നാൽ അംഗീകരിക്കില്ല.
പേര്, ജനന തീയതി, ലിംഗം എന്നിവയിൽ രണ്ടെണ്ണത്തിൽ വ്യത്യാസം വന്നാലും അംഗീകരിക്കില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]