
കന്യാകുമാരി∙ റോൾ മോഡൽ ആരാണ് ?… ‘അമ്മ ആൻഡ് അമ്മ’– ഉടനെത്തി നടി ഗൗതമിയുടെ മറുപടി. ആദ്യത്തേത് ഡോക്ടറായിരുന്ന സ്വന്തം അമ്മ.
രണ്ടാമത്തെ അമ്മ തമിഴ്നാട് മുൻ മുഖ്യമന്ത്രി സാക്ഷാൽ പുരട്ചി തലൈവി ജയലളിത.കന്യാകുമാരി വിവേകാനന്ദ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിലാണ് തെന്നിന്ത്യൻ താരറാണി മനസ്സുതുറന്നത്. സിനിമയും രാഷ്ട്രീയവും വ്യക്തിജീവിതവുമെല്ലാം പരാമർശിച്ച ഗൗതമിയുടെ വാക്കുകൾ വിദ്യാർഥികളും അധ്യാപകരുമെല്ലാം ഉൾപ്പെടുന്ന സദസ്സിന് ആവേശം പകർന്നു.
ഗൗതമിയെ കുട്ടികൾ പുഷ്പവൃഷ്ടി നടത്തിയാണ് സ്വീകരിച്ചത്.
തുടർന്ന് വേദിയിൽ മൈക്ക് കയ്യിലെടുത്ത് സംവാദത്തിന് തുടക്കമിട്ട നടി, ആത്മവിശ്വാസമാണ് ജീവിത വിജയത്തിന്റെ പ്രധാന ഘടകമെന്ന് പറഞ്ഞു.
എന്തിനും കുറ്റപ്പെടുത്തുന്ന സമൂഹത്തിൽ, സ്വന്തം കഴിവുകളെ കുറിച്ചുള്ള ബോധ്യമാണ് പ്രധാനം. കഴിയുന്നത്ര ഭാഷകളിൽ അറിവു നേടണം.
അഞ്ചിലേറെ ഭാഷകൾ അറിയാമെങ്കിലും തന്റെ ഹൃദയത്തിലും രക്തത്തിലും അലിഞ്ഞുചേർന്നത് തമിഴാണെന്നും അവർ പറഞ്ഞു.
രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് പരിമിതികളുണ്ടോയെന്ന ചോദ്യത്തിന് സ്ത്രീകൾക്ക് രാഷ്ട്രീയത്തിൽ ഉയരങ്ങളിലെത്താൻ ഒരു തടസ്സവുമില്ലെന്ന് എഐഎഡിഎംകെ നേതാവ് കൂടിയായ ഗൗതമി വ്യക്തമാക്കി. ജീവിതത്തിലെ വെല്ലുവിളികൾ എങ്ങനെ നേരിടാൻ കഴിയുമെന്നു ചോദിച്ച ബിഎ ഇംഗ്ലിഷ് അവസാന വർഷ വിദ്യാർഥി അശ്വിനെ വേദിയിലേക്കു ക്ഷണിച്ചുവരുത്തിയ താരം, കടമ്പകൾ നേരിടാനുള്ള വഴികൾ ഒന്നൊന്നായി വിശദീകരിച്ചു. തുടർന്ന് കൈകൊടുത്ത് ആശംസകൾ നേർന്നു.
എൻജിനീയറായിരുന്ന താൻ സിനിമയിലും രാഷ്ട്രീയത്തിലുമെല്ലാം എത്തിയത് യാദൃഛ്ികമായിട്ടാണെന്ന് ഗൗതമി പറഞ്ഞു.
സിനിമയിലും രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലുമെല്ലാം ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്തു. 35–ാം വയസ്സിൽ പിടികൂടിയ കാൻസറിനെയും തോൽപ്പിച്ചു.
ഒന്നിനോടും തോൽക്കില്ലെന്ന ഉറച്ച തീരുമാനമാണ് അതിജീവനത്തിന് ശക്തി നൽകിയതെന്നും നടൻ കമൽഹാസനുമായുള്ള അടുപ്പവും വേർപിരിയലുമെല്ലാം പരോക്ഷമായി സൂചിപ്പിച്ച് ഗൗതമി പറഞ്ഞു. എൻ. ദളവായ് സുന്ദരം എംഎൽഎയും സംവാദത്തിൽ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]