
ലഹരിമുക്ത ക്യാംപസ്– ലഹരിമുക്ത ഭവനം– ലഹരിമുക്ത ഗ്രാമം; പോരാട്ടത്തിന് എൻഎസ്എസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സമൂഹത്തിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനും അക്രമവാസനയ്ക്കുമെതിരെ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന പ്രത്യേക പദ്ധതിക്ക് രൂപം കൊടുത്ത് പ്രവർത്തനം ആരംഭിച്ച് സംസ്ഥാന നാഷണൽ സർവ്വീസ് സ്കീം (എൻഎസ്എസ്). സംസ്ഥാനമൊട്ടാകെ 1000 കേന്ദ്രങ്ങളിലാണ് ലഹരിക്കെതിരെ വിദ്യാർഥികളെയും പൊതുസമൂഹത്തെയും സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ പ്രവർത്തിക്കുക. പുതിയ ബോധവൽക്കരണ പരിപാടിയെകുറിച്ച് സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ. ആർ.എൻ. അൻസർ എഴുതുന്നു.
വളർന്നുവരുന്ന ഓരോ തലമുറയേയും സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുകയെന്ന ലക്ഷ്യം മുന്നോട്ട് വച്ചുകൊണ്ട് നീങ്ങുന്ന പ്രസ്ഥാനമാണ് നാഷണൽ സർവ്വീസ് സ്കീം (എൻഎസ്എസ്). ഇതിന്റെ സാധാരണ പ്രവർത്തനങ്ങളിലും പ്രത്യേക ക്യാമ്പുകളിലും ലഹരിക്കെതിരെയുള്ള പ്രത്യേക ക്യാംപെയിനുകൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ലഹരിക്കെതിരെ പുതിയപടവുകൾ സൃഷ്ടിക്കാനാണ് എൻഎസ്എസ് ശ്രമിക്കുന്നത്. ഈ പ്രചാരണ പരിപാടിയിൽ കലാലയം, കുടുംബം, സമൂഹം എന്നീ മൂന്ന് ഘടകങ്ങളെയും ഉൾക്കൊളളിച്ചുകൊണ്ടുളള പ്രവർത്തനങ്ങളാണ് ‘ലൈഫ് ഈസ് ബ്യൂട്ടിഫുളി’ലൂടെ ലക്ഷ്യമിടുന്നത്.
ഈ ക്യാംപെയ്നോടനുബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ എൻഎസ്എസ് യൂണിറ്റുകളും വ്യത്യസ്ത പ്രചരണ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ലഹരിവിരുദ്ധ മനുഷ്യ ചങ്ങല, സംവാദങ്ങൾ, ലഹരിക്കെതിരെ പ്രദേശിക കലാകാരൻമാരുടെ കൂട്ടായ്മ, ലഹരി വിരുദ്ധ സന്ദേശ മരങ്ങൾ, ലഹരിക്കെതിരെ മൺചിരാതുകൾ ഒരുക്കൽ, ലഹരിവിരുദ്ധ പ്രതിജ്ഞ, ലഹരിക്കെതിരെ പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകരെ ആദരിക്കൽ, ലഹരിവിരുദ്ധ മാരത്തോൺ, കൂട്ടയോട്ടം, ബൈക്ക് റാലി, സൈക്കിൾ റാലി, ലഹരി മുക്തരുടെ സംഗമം, ലഹരിക്കെതിരെ ബോധവൽക്കരണ ക്യാംപെയ്നുകൾ, റീൽസ് നിർമാണം, ലഹരി വിരുദ്ധ സിനിമ, ഡോക്യുമെന്ററി നിർമാണം, ഭവന സന്ദർശനങ്ങൾ, ലഹരിവിരുദ്ധ സ്റ്റിക്കർ പതിക്കൽ, സിഗ്നേച്ചർ ക്യാംപെയ്ൻ തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.
ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം മാർച്ചിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചിരുന്നു. ആദ്യ ഘട്ടമായി പൊതുസമൂഹത്തിലും കലാലയങ്ങളിലും കുടുംബങ്ങളിലും വ്യത്യസ്ത പരിപാടികൾ എൻഎസ്എസ് സംഘടിപ്പിച്ചു വരുന്നു. ജനജാഗ്രത സദസ്, അവബോധ ക്ലാസ്, ലഹരിമുക്തരുടെ അതിജീവനത്തിന്റെ സാക്ഷ്യപ്പെടുത്തലുകൾ എന്നിവ ഉൾപ്പെടുത്തികൊണ്ട് ലൈഫ് ഈസ് ബ്യൂട്ടിഫുളിന്റെ പ്രത്യേക പരിപാടികളും നടത്തി.
ക്യാംപസുകളിൽ എൻഎസ്എസ് രൂപം കൊടുത്ത പ്രത്യേക ലഹരി വിരുദ്ധ കർമസേനയാണ് ആസാദ് സേന. സംസ്ഥാനത്തെ 3500 എൻഎസ്എസ് യൂണിറ്റുകളിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ പ്രത്യേക ലീഡർ ഗ്രൂപ്പിനെയും രൂപീകരിച്ചു. സംസ്ഥാനത്തെ മുഴുവൻ കലാലയങ്ങളുടെയും കാവലാളായി എൻഎസ്എസ് വോളന്റീയേഴ്സിനെ മാറ്റുന്നതിനുള്ള പരിശീലനവും ആരംഭിച്ചിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ സഹായത്തോടെയാണ് പരിശീലന പരിപാടികൾ നടക്കുന്നത്. സംസ്ഥാനത്തെ 3500 പ്രോഗ്രാം ഓഫീസർമാർ 3,50,000 വോളന്റീയേഴ്സിന് ട്രെയിനിങ് നൽകും.
ലഹരിക്കെതിരെ പുതുതലമുറയെ രൂപപ്പെടുത്താൻ ക്യാംപെസുകളിലെ ഓരോ വിദ്യാർഥിയേയും ചേർത്ത് നിർത്തിയുള്ള പ്രവർത്തനങ്ങളാണ് എൻഎസ്എസിന്റെ തുടർലക്ഷ്യം. അതുകൊണ്ട് 2025–26 വർഷത്തെ എൻഎസ്എസിന്റെ പ്രവർത്തനങ്ങളിലും സ്പെഷ്യൽ ക്യാംപെയ്നിലും പ്രധാന പ്രോജക്ട് ‘ലഹരിമുക്ത ക്യാംപസ്– ലഹരിമുക്ത ഭവനം– ലഹരിമുക്ത ഗ്രാമം’ എന്നതായിരിക്കും.