ന്യൂഡൽഹി/ തിരുവനന്തപുരം ∙ രാജ്യതലസ്ഥാനത്ത് എത്ര മലയാളികളുണ്ട്? ഡൽഹി മലയാളി അസോസിയേഷൻ ഉൾപ്പെടെയുള്ള മലയാളി പ്രവാസി സംഘടനകളിൽ ചിലതിന്റെ കണക്കനുസരിച്ച്, 10 ലക്ഷം. കഴിഞ്ഞ ലോക കേരളസഭയിൽ ഡൽഹിയിൽനിന്നുള്ള ക്ഷണിതാക്കളിൽ ചിലർ സംസ്ഥാന സർക്കാരിനു നൽകിയ റിപ്പോർട്ട് പ്രകാരം, 15 ലക്ഷം പേരും.
എന്നാൽ, ഡൽഹിയിൽ പ്രവർത്തിക്കുന്ന സർക്കാർ സംവിധാനമായ നോർക്ക റൂട്ട്സിൽനിന്നു നോൺ–റസിഡന്റ് കേരളൈറ്റ് (എൻആർകെ) ഐഡി കാർഡ് ലഭിച്ചിട്ടുള്ളതു പതിനായിരത്തിൽ താഴെ പേർക്കു മാത്രമെന്നാണു രേഖകൾ വ്യക്തമാക്കുന്നത്. നോർക്ക റൂട്സ് നൽകുന്ന തിരിച്ചറിയൽ കാർഡ്, കേരളത്തിനു പുറത്തുള്ള മലയാളികൾക്കു സംസ്ഥാനത്തെ വിവിധ ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കാൻ ഉൾപ്പെടെ പ്രയോജനകരമാണ്.
പുതുക്കാതെ പലരും പുറത്ത്
രാജ്യത്തിനകത്തും പുറത്തുമുള്ള കേരളീയർക്കായി നോർക്ക റൂട്സ് മുഖേന വിവിധ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുന്നുണ്ട്: രാജ്യത്തിനു പുറത്തു ജോലി ചെയ്യുന്നവർക്കു പ്രവാസി ഐഡി, വിദേശത്തു പഠിക്കുന്നവർക്കു സ്റ്റുഡന്റ് ഐഡി, വിവിധ സംസ്ഥാനങ്ങളിൽ രണ്ടു വർഷത്തിലധികമായി താമസിക്കുന്നവർക്ക് എൻആർകെ ഐഡി.
3 വർഷമാണ് ഐഡി കാർഡിന്റെ കാലാവധി. കാർഡ് പുതുക്കിയില്ലെങ്കിൽ ‘പ്രവാസി’ പട്ടികയിൽനിന്ന് പുറത്താവും.
നോർക്ക റൂട്ട്സ് 2012ലാണ് എൻആർകെ ഐഡി കാർഡ് വിതരണം തുടങ്ങിയത്. ഡൽഹി– എൻസിആറിൽ ഇതിനകം 10000ത്തിൽ താഴെ പേർക്കു കാർഡ് ലഭിച്ചു.
എന്നാൽ, പുതുക്കാത്തതിനാൽ കാർഡ് റദ്ദാക്കപ്പെട്ടവർ എത്രയെന്നു വ്യക്തമല്ല.
ഐഡി ഇല്ലെങ്കിൽ ആനുകൂല്യമില്ല
ഇന്ത്യയ്ക്ക് അകത്തുള്ളവർക്കു കേരള സർക്കാരിന്റെ പ്രവാസി ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ എൻആർകെ ഐഡി നിർബന്ധമാണ്. രണ്ടു വർഷമായി മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന, 18– 70 പ്രായത്തിലുള്ളവർക്ക് അപേക്ഷിക്കാം.
3 വർഷത്തേക്കുള്ള കാർഡിന് അപേക്ഷാഫീസ് 408 രൂപയാണ്. കാർഡ് ഉള്ളയാൾക്ക് അപകടമരണം സംഭവിച്ചാൽ കുടുംബത്തിന് 5 ലക്ഷം രൂപ, അപകടത്തിൽ സംഭവിക്കുന്ന ഭാഗികമോ സ്ഥിരമോ ആയ ഭിന്നശേഷിക്കു പരമാവധി 2 ലക്ഷം രൂപ എന്നിങ്ങനെ ഇൻഷുറൻസ് പരിരക്ഷയുണ്ട്.
ഒപ്പം, സർക്കാരിന്റെ പുതിയ പ്രഖ്യാപനം അനുസരിച്ച്, നോർക്ക കെയറിന്റെ ഇൻഷുറൻസ് പദ്ധതിയിൽ 13,411 രൂപ പ്രീമിയം അടച്ച് അംഗമാകുന്നവർക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് 4 പേർ ഉൾപ്പെടുന്ന കുടുംബത്തിനു ലഭിക്കും.
ആവശ്യമായ രേഖകൾ
സർക്കാർ തിരിച്ചറിയൽ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്
താമസിക്കുന്ന സംസ്ഥാനത്തെ രേഖ അല്ലെങ്കിൽ ആധാർ കാർഡിന്റെ പകർപ്പ്
അപേക്ഷിക്കുന്നയാളുടെ പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്
അപേക്ഷിക്കേണ്ടത് ഓൺലൈൻ സംവിധാനത്തിലൂടെ. (രേഖകൾ സ്കാൻ ചെയ്ത് ജെപെഗ് ഫോർമാറ്റിൽ)
കേരളത്തിൽ തയാറാക്കുന്ന കാർഡ്, ഡൽഹിയിൽ കേരള ഹൗസിലെ നോർക്ക റൂട്സ് ഓഫിസിൽനിന്നു കൈപ്പറ്റാം.
ഇ- കാർഡ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
അറിഞ്ഞിരിക്കാം
എൻആർകെ ഐഡിക്ക് അപേക്ഷിക്കാനുള്ള വെബ്സൈറ്റ്: www.norkaroots.kerala.gov.in
വിവരങ്ങൾക്ക്: 0471 2770543, 528
ടോൾഫ്രീ നമ്പർ: 1800 4253939, 8802 012345
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]