തിരുവനന്തപുരം∙ മദ്യത്തിന്റെ പ്ലാസ്റ്റിക് കാലിക്കുപ്പി വാങ്ങിയ ഔട്ലെറ്റിൽ തിരിച്ചുകൊടുത്താൽ നിക്ഷേപത്തുകയായ 20 രൂപ മടക്കി നൽകുന്ന ബവ്കോയുടെ പദ്ധതിയിൽ ആദ്യദിവസം തന്നെ കുപ്പികൾ തിരിച്ചെത്തിത്തുടങ്ങി. അതേസമയം, കുപ്പി തിരിച്ചുകൊടുക്കാനായി ഔട്ലെറ്റിനു സമീപത്തു തന്നെ മദ്യപിക്കുന്നവരുടെ എണ്ണവും കൂടി. നിക്ഷേപത്തുകയ്ക്കു നൽകേണ്ട രസീത് അച്ചടിച്ച് ഔട്ലെറ്റുകളിൽ എത്തിക്കാതിരുന്നതു ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ തർക്കങ്ങൾക്കിടയാക്കി.
അധികം വാങ്ങുന്ന തുകയ്ക്കു രസീത് നൽകണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു. രസീത് ഇന്ന് ഔട്ലെറ്റുകളിൽ എത്തിക്കുമെന്നാണു ബവ്കോയുടെ ഉറപ്പ്.
തിരുവനന്തപുരം ജില്ലയിൽ ഏറ്റവുമധികം മദ്യവിൽപന നടക്കുന്ന പവർഹൗസ് റോഡ് ഔട്ലെറ്റിൽ ഇന്നലെ രാത്രി 7 വരെ 400 കുപ്പികൾ തിരിച്ചെത്തി.
ഇവയിൽ അധികവും ക്വാർട്ടർ(180 മി.ലീ) കുപ്പികളാണ്. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ 10 വീതം ഔട്ലെറ്റുകളിലാണു പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തുടങ്ങിയത്. എല്ലായിടത്തും ആദ്യദിനം ആശയക്കുഴപ്പമുണ്ടായി. രാവിലെ 9ന് ഔട്ലെറ്റ് തുറന്നയുടൻ മദ്യം വാങ്ങിപ്പോയവർ മിനിറ്റുകൾക്കുള്ളിൽ കാലിക്കുപ്പിയുമായി തിരിച്ചെത്തിയ സംഭവങ്ങളുണ്ടായി.
ചിലർ ഔട്ലെറ്റിന്റെ പരിസരത്തു തന്നെ മദ്യം അകത്താക്കിയപ്പോൾ, മറ്റു ചിലർ വേറെ കുപ്പിയിലേക്കു മാറ്റി കാലിക്കുപ്പിയുമായെത്തി 20 രൂപ തിരിച്ചുവാങ്ങി.
കാലിക്കുപ്പി വാങ്ങി 20 രൂപ തിരിച്ചുകൊടുക്കാൻ പ്രത്യേക കൗണ്ടർ തുറക്കുമെന്നും കുടുംബശ്രീ പ്രവർത്തകരെ നിയോഗിക്കുമെന്നും പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. നിലവിലുള്ള കൗണ്ടറുകൾ വഴി തന്നെയായിരുന്നു കുപ്പി ശേഖരണം. കൗണ്ടറിൽ ബിൽ ചെയ്യുന്ന ജീവനക്കാരൻ തന്നെ കുപ്പിക്കു പുറത്തു ലേബൽ പതിപ്പിക്കേണ്ടിവന്നത് തിരക്കേറിയ സമയങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കി. മദ്യം വാങ്ങുന്ന ഔട്ലെറ്റിൽ തന്നെ കാലിക്കുപ്പി തിരിച്ചേൽപിച്ചാൽ മാത്രമേ 20 രൂപ ലഭിക്കൂവെന്ന നിബന്ധന ഉപയോക്താക്കൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്. 20 രൂപയ്ക്കു വേണ്ടി കുപ്പി സൂക്ഷിച്ചുവച്ച്, ഇതേ ഔട്ലെറ്റ് തേടിവരുന്നത് എങ്ങനെ പ്രായോഗികമാകുമെന്നതാണു ചോദ്യം.
ഫലത്തിൽ, പദ്ധതി നടപ്പാക്കുന്ന ഔട്ലെറ്റുകളിൽ മാത്രം മദ്യവില 20 രൂപ ഉയർന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]