
കല്ലമ്പലം ∙ എംഡിഎംഎ കടത്തുകേസിൽ പിടിയിലായ സഞ്ജു ഒമാനിലേക്ക് കുടുംബസമേതം പോയത് ഈമാസം 3ന്. 6 ദിവസം കഴിഞ്ഞ് ഒന്നേകാൽ കിലോ ലഹരി മരുന്നുമായി മടക്കം.
വിമാനത്താവളത്തിലെ പരിശോധനയിലും പിടി വീണില്ല. വിദേശത്തും നാട്ടിലും വൻ ലഹരി മരുന്ന് ലോബികളുമായി ഇയാൾക്കുള്ള ബന്ധം പൊലീസ് അന്വേഷിക്കുന്നു.
വിദേശത്ത് നിന്ന് കടത്തുന്ന മയക്കു മരുന്നുകൾ ജില്ലയിൽ അധികവും ഒഴുകുന്നത് വിനോദ സഞ്ചാര കേന്ദ്രങ്ങളായ വർക്കല പാപനാശവും കോവളവും കേന്ദ്രമാക്കിയാണ്. സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ടും വിപണനം നടക്കുന്നതായി പൊലീസ് പറഞ്ഞു.
എംഡിഎംഎ: 2 പേർ പിടിയിലായത് 4 മാസം മുൻപ്
കല്ലമ്പലം ∙ എംഡിഎംഎ കേരളത്തിൽ ഇടനിലക്കാർക്ക് വിൽപന നടത്തിയിരുന്ന 2 പേർ നാലു മാസം മുൻപ് കല്ലമ്പലത്തു പിടിയിലായിരുന്നു.
കോഴിക്കോട് സ്വദേശി അമീർ, കല്ലമ്പലം സ്വദേശി ഷാൻ എന്നിവരാണ് പിടിയിലായത്. 50 ഗ്രാം എംഡിഎംഎയുമായി 5 മാസം മുൻപ് ദീർഘദൂര സ്വകാര്യ ടൂറിസ്റ്റ് ബസിൽ കല്ലമ്പലത്ത് എത്തിയ വർക്കല താന്നിമൂട് സ്വദേശികളായ ദീപു, അഞ്ജന എന്നിവരെ ഡാൻസാഫ് ടീമിന്റെ സഹായത്തോടെ കല്ലമ്പലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരിൽനിന്നാണ് ലഹരിക്കടത്ത് സംഘത്തിലെ 2 പേരെക്കുറിച്ച് വിവരം ലഭിച്ചത്. ഇതിൽ അമീറിനെ ബെംഗളൂരുവിൽ നിന്നു പിടികൂടി.
മലയാളികൾക്ക് ലഹരി മരുന്നുകൾ വിതരണം ചെയ്യുന്ന കണ്ണികളിൽ പ്രധാനി ആണ് അമീർ. കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ സമാന കേസുകളിൽ ഇയാൾ പ്രതിയാണ്.
എംഡിഎംഎ വാങ്ങി ചില്ലറ വിൽപന നടത്തിയ കേസിലാണ് ഷാൻ പിടിയിലായത്.
കഴിഞ്ഞ മാസം പിടിച്ചത് 10 കിലോ കഞ്ചാവ്
കല്ലമ്പലം ∙ ആന്ധ്രപ്രദേശിൽ നിന്ന് ബൈക്കിൽ കടത്താൻ ശ്രമിച്ച 10 കിലോ കഞ്ചാവാണ് കഴിഞ്ഞ മാസം കല്ലമ്പലത്ത് ഡാൻസാഫ് സംഘം പിടികൂടിയത്. ബാലരാമപുരം സ്വദേശി അരുൺ പ്രശാന്ത് ആണ് പിടിയിലായത്.
2 വലിയ ട്രാവൽ ബാഗുകളിൽ ബൈക്കിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പ്രതിയെ തട്ടുപാലത്തിനു സമീപം പിടികൂടുകയായിരുന്നു. പ്രതി വിശാഖപട്ടണത്ത് ലഹരിമരുന്ന് കേസിൽപെട്ട് നാലര വർഷം ആന്ധ്രയിലെ ജയിലിൽ കിടന്നിരുന്നു.
തുടർന്ന് വീണ്ടും ബാലരാമപുരത്ത് കഞ്ചാവ് കടത്തുകേസിൽ ജയിലിൽ കിടന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് ഒടുവിലത്തെ സംഭവം.
സഞ്ജുവിന്റെ ‘വളർച്ച’ അതിവേഗം; പിന്തുടർന്ന് ഡാൻസാഫ്
കല്ലമ്പലം ∙ കോടികൾ വിലമതിക്കുന്ന ലഹരിയുമായി പിടിയിലായ സഞ്ജു സ്ഥിരം കുറ്റവാളി എന്ന് പൊലീസ്. 2023ൽ ഞെക്കാടിന് സമീപം വളർത്തു നായ്ക്കളെ കാവലാക്കി ലഹരി കച്ചവടം നടത്തിയ കേസിൽ ഇയാൾ പ്രതിയാണ്.
അന്ന് വിവരം അറിഞ്ഞ് പൊലീസ് പരിശോധിക്കാൻ എത്തുമ്പോൾ വളർത്തു നായ്ക്കളെ അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. സഞ്ജു, ലഹരി ഇടപാടിൽ സംസ്ഥാനത്തെ പ്രധാനകണ്ണിയാണെന്നും പലയിടങ്ങളിലും പിടികൂടിയ എംഡിഎംഎയുടെ ഉറവിടം സഞ്ജുവാണെന്നും പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.
ഡാൻസാഫ് ഇൻസ്പെക്ടർ ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള ടീം 6 മാസത്തിലേറെയായി സഞ്ജുവിന്റെ നീക്കങ്ങൾ പിന്തുടർന്നിരുന്നു. സഞ്ജുവിന്റെ ഫോണിൽനിന്ന് വിവരങ്ങൾ ലഭിക്കുന്നതോടെ സംസ്ഥാനത്തെ ലഹരിമാഫിയയിൽ ഉൾപ്പെട്ടവരെ പിടികൂടാനാവുമെന്ന് പൊലീസ് പറഞ്ഞു.
ഒമാനിൽനിന്ന് എത്തിച്ച ഒന്നേകാൽ കിലോ എംഡിഎംഎയുമായി 4 പേർ അറസ്റ്റിൽ
കല്ലമ്പലം ∙ ഈന്തപ്പഴത്തിന്റെ പെട്ടിയിൽ ഒളിപ്പിച്ച് ഒമാനിൽനിന്ന് നാട്ടിലെത്തിച്ച ഒന്നേകാൽ കിലോ എംഡിഎംഎയുമായി 4 പേരെ പൊലീസ് പിടികൂടി.
വിപണിയിൽ ഇതിന് രണ്ടരക്കോടിയോളം രൂപ വില വരും. സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്.
മാവിൻമൂട് പറകുന്ന് ചരുവിള വീട്ടിൽ സഞ്ജു (42), ചെമ്മരുതി വി.കെ.ലാൻഡിൽ നന്ദു (32), ഞെക്കാട് വടശേരിക്കോണം കാണവിളയിൽ ഉണ്ണിക്കണ്ണൻ (39), ഞെക്കാട് വടശേരിക്കോണം ആർഎൻപി സദനത്തിൽ പ്രമീൺ (35) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 17 ലീറ്റർ വിദേശമദ്യവും പിടിച്ചെടുത്തു.
സഞ്ജു സംസ്ഥാനത്ത് വൻതോതിൽ എംഡിഎംഎ എത്തിച്ചുവിൽപന നടത്തുന്നയാളാണെന്നാണു വിവരം. എംഡിഎംഎ കടത്തിയതിനുൾപ്പെടെ 2 തവണ കേസെടുത്തിട്ടുണ്ടെന്ന് റൂറൽ എസ്പി കെ.എസ്.സുദർശൻ പറഞ്ഞു.
ബുധൻ രാത്രി 8നാണ് സഞ്ജു, നന്ദു എന്നിവർ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
ഇവരെ കൂട്ടിക്കൊണ്ടു പോകാൻ ഉണ്ണിക്കണ്ണൻ, പ്രമീൺ എന്നിവർ പിക്കപ് ലോറിയുമായി എത്തി. ലഗേജ് പിക്കപ് ലോറിയിൽ കയറ്റിയ ശേഷം സഞ്ജുവും നന്ദുവും കാറിൽ കല്ലമ്പലത്തേക്കു തിരിച്ചു.
കാറിൽ സഞ്ജുവിന്റെ ഭാര്യയും മക്കളും ഉണ്ടായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം ഇവരെ പിന്തുടർന്നു.
കല്ലമ്പലം– കൊല്ലം റോഡിന് സമീപം കാർ തടഞ്ഞു നിർത്തിയെങ്കിലും പിക്കപ് ലോറി കടന്നു പോയി. പിന്നീട് നാവായിക്കുളം ഇരുപത്തെട്ടാംമൈൽ പറകുന്ന് വച്ച് പിക്കപ് ലോറി പിടികൂടുകയായിരുന്നു.
ഈന്തപ്പഴപെട്ടിയിലെ കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു എംഡിഎംഎ. കല്ലമ്പലം പൊലീസിന് കൈമാറിയ പ്രതികളെ റിമാൻഡ് ചെയ്തു.
എംഡിഎംഎ എത്തുന്നത് അഫ്ഗാൻ– പാക്കിസ്ഥാൻ വഴി
തിരുവനന്തപുരം ∙ അഫ്ഗാനിസ്ഥാനിൽനിന്ന് പാക്കിസ്ഥാനിലെത്തിച്ച് അവിടെനിന്നും ഒമാൻ വഴിയാണ് രാജ്യത്തേക്ക് കൂടുതലും എംഡിഎംഎ കടത്തുന്നതെന്ന് സഞ്ജുവിന്റെ മൊഴി.
ഒമാനിലെ ലഹരി സംഘവുമായി സഞ്ജുവിന് അടുത്ത ബന്ധമുണ്ട്. ഇയാളുടെ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്കയച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]