തിരുവനന്തപുരം ∙ 266 ദിവസം നീണ്ട രാപകൽ സമര പോരാട്ടത്തിന്റെ വാർഷികത്തിൽ ആശാ വർക്കർമാർ ഇന്നലെ വീണ്ടും സെക്രട്ടേറിയറ്റിനു മുന്നിലെത്തി.
2025 ഫെബ്രുവരി 10നാണു സമരം ആരംഭിച്ചത്. പ്രതിമാസ ഓണറേറിയം 21,000 രൂപയും വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപയുമായി പ്രഖ്യാപിക്കുക എന്ന ആവശ്യമുന്നയിച്ചായിരുന്നു സമരം.
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച സമരത്തെ ആദ്യം തള്ളിപ്പറഞ്ഞത് സിഐടിയു ആയിരുന്നു. പിന്നാലെ സിപിഎം നേതാക്കളും സമരത്തിനെതിരെ രംഗത്തെത്തി.
ആശമാരെ നിയോഗിക്കാൻ തീരുമാനിച്ചതു കേന്ദ്രം ആയതിനാൽ ഡൽഹിയിൽ സമരം ചെയ്യണമെന്നു നേതാക്കൾ ആവശ്യപ്പെട്ടു.
പ്രതിപക്ഷം പിന്തുണച്ചതോടെ സമരം കൂടുതൽ ശക്തിപ്പെട്ടു. ചെറിയൊരു പന്തലിൽ തുടങ്ങിയ സമരം രാഷ്ട്രീയ വിവാദത്തെ തുടർന്നു സംസ്ഥാനമാകെ പടർന്നു.
തള്ളിപ്പറഞ്ഞ സർക്കാർ തന്നെ, ഒടുവിൽ അസോസിയേഷൻ ഭാരവാഹികളെ ചർച്ചയ്ക്കു ക്ഷണിച്ചു. പഠിക്കാൻ കമ്മിറ്റിയെയും നിയോഗിച്ചു.
യുഡിഎഫ് എംപിമാർ പാർലമെന്റിൽ വിഷയം ഉന്നയിച്ചു. ഒടുവിൽ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ്, ഓണറേറിയം 1000 രൂപ വർധിപ്പിച്ച്, 8000 രൂപയാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
തുടർന്നാണു നവംബർ 1നു രാപകൽ സമരം അവസാനിപ്പിച്ചത്. പുതിയ ബജറ്റിലും സംസ്ഥാനം 1000 രൂപ വർധിപ്പിച്ചു.
കേന്ദ്രമാകട്ടെ, 1500 രൂപ ഫിക്സഡ് ഇൻസെന്റീവ് 3500 രൂപയാക്കി.
സമരത്തിന്റെ ഓർമ പുതുക്കി പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ നൂറുകണക്കിന് ആശ പ്രവർത്തകർ അണിനിരന്നു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
തൊഴിലാളികളുടെ അവകാശങ്ങൾ സർക്കാരുകൾക്കെതിരെ നടന്ന ഉജ്വല പോരാട്ടമാണ് ആശ സമരമെന്ന് അദ്ദേഹം പറഞ്ഞു.
മിനിമം കൂലി നൽകിയാൽ ആശമാരെ തൊഴിലാളികളായി അംഗീകരിക്കേണ്ടി വരുമെന്ന ഭീതിയാണു സംസ്ഥാന സർക്കാരിനുള്ളതെന്നും സദാനന്ദൻ പറഞ്ഞു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു അധ്യക്ഷയായിരുന്നു.
വൈസ് പ്രസിഡന്റ് എസ്.മിനി, പ്രഫ.എം.പി.മത്തായി, ജോസഫ് സി.മാത്യു, വി.എസ്.ശിവകുമാർ, ഒ.വി.ഉഷ, ഡോ. ഡി.സുരേന്ദ്രനാഥ്, പ്രഫ.
കെ.പി.ശങ്കരൻ, എൻ.മാധവൻകുട്ടി, ഡോ.എസ്.എസ്.ലാൽ, തോമസ് മാഞ്ഞൂരാൻ, ഷൈല കെ.ജോൺ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

