തിരുവനന്തപുരം∙ കിഴക്കേകോട്ടയിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ സ്വകാര്യ ബസ് സർവീസ് വെട്ടിമുറിച്ച കോട്ടയ്ക്കു മുന്നിലേക്കു മാറ്റുന്നു. സ്വകാര്യ ബസുകൾക്ക് ആളെ കയറ്റാനും ഇറക്കാനും കോട്ട
വാതിൽ മുതൽ കാൽനട മേൽപാലം വരെയുള്ള ഭാഗമാണ് നീക്കി വയ്ക്കുക.
വർഷങ്ങൾക്ക് മുൻപ് നടപ്പാക്കിയെങ്കിലും സ്വകാര്യ ബസ് ഉടമകളുടെ എതിർപ്പ് കാരണം ഉപേക്ഷിച്ച പരിഷ്കാരമാണ് വീണ്ടും നടപ്പാക്കാൻ ഒരുങ്ങുന്നത്. കിഴക്കേകോട്ടയിൽ കെഎസ്ആർടിസി ബസുകൾ ദീർഘ സമയം നിർത്തിയിടുന്നതും ഒഴിവാക്കുന്നുണ്ട്.
സർവീസ് ആരംഭിക്കുന്നതിനു നിശ്ചിത സമയം മുൻപു മാത്രമേ ബസുകൾ സ്റ്റാൻഡിൽ പിടിക്കാവൂ എന്നാണ് കെഎസ്ആർടിസിക്ക് നൽകിയിരിക്കുന്ന നിർദേശം. ഓണത്തിരക്ക് കഴിയുന്ന മുറയ്ക്ക് പരിഷ്കാരം നടപ്പാക്കും.
കിഴക്കേകോട്ടയിലെ കുരുക്ക് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്.
ഇതു സംബന്ധിച്ച് കലക്ടറുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം യോഗം കൂടിയിരുന്നു.ഗാന്ധിപാർക്കിനു പുറകിലായി ചാല മാർക്കറ്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് അനധികൃത പാർക്കിങ് നിരോധിക്കും. നടപ്പാതകൾ കയ്യേറിയുള്ള വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കും.
അപകടകരമായ രീതിയിൽ റോഡ് കുറുകെ കടക്കുന്നത് തടയാൻ യു ടേൺ ഒഴികെയുള്ള സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. സ്വകാര്യ ബസുകളുടെ സർവീസ് മാറ്റുന്ന വെട്ടിമുറിച്ച കോട്ട
വാതിൽ മുതൽ കാൽനട മേൽപാലം വരെയുള്ള ഭാഗത്ത് മേൽക്കൂരയോടു കൂടിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കും.
കോട്ടയോടു ചേർന്നുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് പുരാവസ്തു വകുപ്പിന്റെ അനുമതി തേടും.
അതേസമയം, കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി റോഡ് കുറുകെ കടക്കാൻ എസ്കലേറ്റർ സംവിധാനത്തോടു കൂടി പുതുതായി 3 കാൽനട
മേൽപാലങ്ങൾ.നിർമിക്കണമെന്ന ഹൈക്കോടതി നിർദേശത്തിൽ അന്തിമ തീരുമാനമായിട്ടില്ല. അട്ടക്കുളങ്ങര ഭാഗത്തേക്കും, കെഎസ്ആർടിസി ബസ് ഡിപ്പോയിൽ നിന്ന് ഗാന്ധി പാർക്കിലേക്കും പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു മുന്നിലും മേൽപാലങ്ങൾ നിർമിക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. കിഴക്കേകോട്ട
അപകട മുക്തമാക്കുന്നതിന് ഹ്രസ്വകാല, ദീർഘകാല നടപടികൾ നടപ്പിലാക്കണമെന്ന ചീഫ് ജസ്റ്റിസ് നിതിൻ ജാംദാറിന്റെയും ജസ്റ്റിസ് ബസന്ത് ബാലാജിയുടേയും ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]