
തിരുവനന്തപുരം ∙ ബിഎസ്എൻഎൽ എൻജിനീയേഴ്സ് സഹകരണ സംഘത്തിന്റെ തട്ടിപ്പ് സൂനാമി പോലെ ഇല്ലാതാക്കിയത് ആയിരങ്ങളുടെ ജീവിതത്തെയാണ്. 1500 പേർ പരാതിപ്പെട്ടു, പരാതി പോലും പറയാതെ വേറെയും ആയിരത്തോളം പേരുണ്ടാകുമെന്നാണ് വിവരം.
ജീവിതകാലത്ത് സമ്പാദിച്ചതെല്ലാം തട്ടിയെടുത്തത് സഹപ്രവർത്തകരാണെന്നു പറഞ്ഞ് പൊട്ടിക്കരയുന്ന ഉദ്യോഗസ്ഥരുണ്ട്. ബിഎസ്എൻഎൽ അല്ലേ എന്ന വിശ്വാസത്തിൽ നഗരത്തിലെ ചെറുകിട ഉന്തുവണ്ടിക്കച്ചവടക്കാർ പോലും തങ്ങളുടെ സമ്പാദ്യം അവിടെ നിക്ഷേപിച്ചു. തട്ടിപ്പിന് ഇരയായവരുടെ ഗ്രൂപ്പാണ് ഇപ്പോൾ പരസ്പര സഹായമായി നിൽക്കുന്നത്.
എല്ലാം നഷ്ടപ്പെട്ട് മക്കളുടെ വിവാഹം മുടങ്ങിയപ്പോൾ ഈ സംഘം ഒന്നു ചേർന്ന് സഹായിച്ച് വിവാഹവും ചിലർക്ക് ചികിത്സാ സഹായവുമെല്ലാം നൽകുന്നു. തട്ടിപ്പുകാർക്ക് എതിരെ കൂടുതൽ ഒന്നും ചെയ്യാതെ സർക്കാർ കൈകഴുകി നിൽക്കുന്നു.
തട്ടിപ്പുകാർ വാങ്ങിക്കൂട്ടിയ 400 വസ്തുക്കൾ ലേലം ചെയ്ത് വിൽപന നടത്തിയെങ്കിലും ബുദ്ധിമുട്ടുന്നവരുടെ പണം നൽകാൻ സർക്കാർ തയാറാകുന്നുമില്ല. വിഷാദരോഗം ബാധിച്ചുമൊക്കെയായി 26 പേരുടെ അകാല മരണത്തിന് തട്ടിപ്പ് കാരണമായെന്നും ഇതിനു വിധേയരായ ആളുകൾ പറയുന്നു.
80–ാം വയസ്സിലും ജോലിക്ക് പോകേണ്ട
ഗതികേട്
ജീവിതത്തിന്റെ നല്ല സമയം മുഴുവൻ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണമാണ് ബിഎസ്എൻഎൽ സഹകരണ സംഘത്തിൽ നിക്ഷേപിച്ചത്. ഇപ്പോൾ ജീവിക്കാൻ നിവൃത്തിയില്ലാതായി സർജറിയും ചികിത്സയുമായി ആശുപത്രിയിൽ നിന്നിറങ്ങാൻ സമയമില്ലാത്ത ഇൗ 80–ാം വയസ്സിൽ ജോലിക്കു പോകേണ്ട
ഗതികേടാണ് എനിക്ക്. കേരളത്തിലെ ഒരു പാട് ക്ഷേത്രങ്ങൾ നിർമിച്ച് നൽകിയ ശിൽപി നാരായണ മൂർത്തി ഇത് പറയുമ്പോൾ ശബ്ദം ഇടറുകയാണ്.
52 വർഷത്തെ ക്ഷേത്ര നിർമാണജോലിയിൽ നിന്ന് ജീവിതകാലം മുഴുവൻ സമ്പാദിച്ച 39 ലക്ഷം രൂപയും അച്ഛന്റെയും അമ്മയുടെയും ചികിത്സയ്ക്കും ചെലവിനുമായി മക്കൾ നൽകിയ 14 ലക്ഷം കൂടി ചേർത്ത് 53 ലക്ഷം രൂപയുടെ നിക്ഷേപമാണ് തട്ടിപ്പിലൂടെ നഷ്ടമായത്.
ഇപ്പോൾ 80 വയസ്സു പിന്നിടുമ്പോൾ മൂന്ന് ശസ്ത്രക്രിയകൾ കഴിഞ്ഞുവെങ്കിലും വിശ്രമിക്കാനാകില്ല. സഹകരണസംഘത്തിൽ നിന്നും ലഭിച്ചിരുന്ന പലിശകൊണ്ടാണ് ചെലവും ചികിത്സയും നടന്നിരുന്നത്.
ഇപ്പോൾ വീണ്ടും ജോലിക്ക് പോകേണ്ടിവന്നു. ഭാര്യ മാരിയമ്മാളിനും രോഗാവസ്ഥയാണ്.
മകന്റെ കൂട്ടുകാരന്റെ പിതാവ് ബിഎസ്എൻഎല്ലിൽ ജോലി ചെയ്തിരുന്നു. അദ്ദേഹം പറഞ്ഞാണ് ഈ സഹകരണ സംഘത്തിൽ നിക്ഷേപിച്ചത്.
നഷ്ടമായത് ഞങ്ങളുടെ ജീവിതം
അംബിക എന്ന വീട്ടമ്മയ്ക്ക് വ്യക്തി വിവരങ്ങൾ വിശദമായി വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ട്.
പക്ഷേ തങ്ങളുടെ ഈ ദുരിതാവസ്ഥ സർക്കാരോ കോടതികളോ കണ്ടെങ്കിലും ആശ്വാസമെത്തിക്കുമെന്ന പ്രതീക്ഷയിലാണ് മനോരമയോട് സംസാരിക്കുന്നത്. ചിട്ടി പിടിച്ചും ചെറിയ തുക കൂട്ടി വച്ചും ഉണ്ടാക്കിയ 20 ലക്ഷം രൂപയാണ് കോവിഡ് കാലത്തിന് മുൻപ് ബിഎസ്എൻഎൽ സംഘത്തിൽ നിക്ഷേപിച്ചത്. രണ്ട് പെൺമക്കളുടെയും പഠനവും ഭാവിയും ഇൗ നിക്ഷേപത്തിൽ പ്രതീക്ഷ വച്ചായിരുന്നു.
പണം നിക്ഷേപിച്ച ഭർത്താവും ഈയിടെ മരണപെട്ടു. മൂത്തമകൾ ബിടെക് പഠനം പൂർത്തിയായി രണ്ടാമത്തെ മകളും ബിരുദ വിദ്യാർഥിയാണ്.
മൂത്ത മകളുടെ കല്യാണം നടത്തുന്നതിന് ആകെ കരുതി വച്ചിരുന്നതും ഈ പണമായിരുന്നു. സർക്കാരിനും തട്ടിപ്പ് നടത്തിയവർക്കും ഇതൊരു ചെറിയ തുകയായി തോന്നാം.
പക്ഷേ ഈ തുക എന്റെയും മക്കളുടെയും ജീവിതമായിരുന്നു.
ഭാവി പദ്ധതികൾ ഉപേക്ഷിക്കേണ്ടി വന്നു
ബിഎസ്എൻഎല്ലിന്റെ അക്കൗണ്ടുകൾ കാത്തു സൂക്ഷിച്ചിരുന്നയാളാണ് ചീഫ് അക്കൗണ്ട്സ് ഓഫിസർ ദീപാ വി.നായർ. വിആർഎസ് എടുത്തപ്പോൾ കിട്ടിയ 43 ലക്ഷം രൂപയും ഭർത്താവിന്റെ പെൻഷൻ തുകയിൽ നിന്ന് 10 ലക്ഷവും ചേർത്താണ് നിക്ഷേപിച്ചത്.
വീട് വാങ്ങാനും മക്കളെ പഠിപ്പിക്കാനും തുടർന്നുള്ള ജീവിതവും കണ്ടാണ് ജീവിതകാലം മുഴുവൻ ജോലിചെയ്ത വകയിൽ കിട്ടിയ ഈ തുക നിക്ഷേപിച്ചത്. വീടു വാങ്ങുന്ന പദ്ധതി ഉപേക്ഷിച്ചു.
ഇപ്പോൾ ചികിത്സയ്ക്കും ജീവിത ചെലവും മുന്നോട്ട് എങ്ങനെയെന്ന് അറിയാതെ ബുദ്ധിമുട്ടുന്നു.
ഇന്നും ഉറക്കം നഷ്ടപ്പെട്ട രാത്രികൾ
റിട്ട.
റെയിൽവേ റിസർവേഷൻ സൂപ്രണ്ട് ജഗതി സ്വദേശി കെ.വിജയകുമാറിന് നഷ്ടം 28 ലക്ഷമാണ്. ഇപ്പോഴും ഉറക്കം നഷ്ടപ്പെട്ട
രാത്രികളാണ് അദ്ദേഹത്തിന്. പെൻഷൻ കിട്ടിയ പണം മുഴുവൻ ഇവിടെ നിക്ഷേപിച്ചു.
അപകടത്തിൽ പരുക്കേറ്റപ്പോൾ ചികിത്സയ്ക്കു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടാണ്.
പക്ഷേ മറ്റു നിവൃത്തിയില്ല. ജോലി ചെയ്ത് പെൻഷനായി എത്തുമ്പോൾ പിന്നീടുള്ള ജീവിതം കണക്കുകൂട്ടിയത് മുഴുവൻ ഈ തുകയിലായിരുന്നു.
എല്ലാം തട്ടിച്ചെടുത്തവർക്കൊപ്പമാണ് അധികാരികൾ എന്നത് അതിലേറെ സങ്കടം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]