
പാറശാല താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിന്റെ പണി നീളുന്നു; നിന്നു തിരിയാൻ ഇടമില്ലാതെ രോഗികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാറശാല ∙ കെട്ടിട നിർമാണം നീളുന്നതോടെ സ്ഥല പരിമിതിയിൽ വീർപ്പുമുട്ടി പാറശാല താലൂക്ക് ആശുപത്രി. അത്യാഹിത വിഭാഗത്തിനു അടക്കം പ്രവർത്തിക്കാൻ നാലു നില കെട്ടിട നിർമാണം ആരംഭിച്ചു രണ്ട് വർഷം കഴിഞ്ഞിട്ടും പണി പൂർത്തിയാകാത്തത് ചികിത്സ തേടി എത്തുന്ന നൂറുകണക്കിനു രോഗികളെ ദുരിതത്തിലാക്കുന്നു. നിർമാണത്തിനായി പ്രധാന കെട്ടിടം പൊളിച്ചു മാറ്റിയതോടെ പരിമിതമായ സ്ഥലങ്ങളിൽ ആണ് അത്യാഹിത വിഭാഗം ഒപികൾ എന്നിവയുടെ പ്രവർത്തനം. മൂന്നു ഓപ്പറേഷൻ തിയറ്റർ, ഐസിയു, സെമി ഐസിയു, അത്യാഹിത വിഭാഗം, എട്ട് വിഭാഗം ഒപി തുടങ്ങിയവ ആണ് പുതിയ കെട്ടിട സമുച്ചയത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ജനുവരി 1ന് ഉദ്ഘാടനം പ്രഖ്യാപിച്ച് സ്വാഗതസംഘം രൂപീകരണം വരെ നടന്നെങ്കിലും അഞ്ചു മാസം കഴിഞ്ഞിട്ടും കെട്ടിട നിർമാണം പോലും പൂർത്തിയായിട്ടില്ല. കരാറുകാർക്ക് തുക ലഭിക്കുന്നതിനു കാലതാമസം നേരിടുന്നതാണു പണി വൈകുന്നതിനു ഇടയാക്കുന്നതെന്ന് ആരോപണം ഉണ്ട്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് കെട്ടിട നിർമാണത്തിനു 33 കോടിയും, ഒാപ്പറേഷൻ തിയറ്റർ, ഫർണിച്ചർ, ഉപകരണങ്ങൾ എന്നിവയ്ക്കായി 11 കോടി രൂപയും ആണ് വകയിരുത്തിയിട്ടുള്ളത്. ട്രോമാ കെയർ സംവിധാനം പ്രവർത്തിക്കേണ്ടതിനാൽ ഒട്ടേറെ ആധുനിക സജ്ജീകരണങ്ങളും കെട്ടിടത്തിലേക്ക് പ്രവേശിക്കുന്ന റോഡ് പണിയും പൂർത്തിയാക്കാൻ ഉണ്ട്. കെട്ടിട നിർമാണം നീളുന്നത് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.
തമിഴ്നാട്ടിൽ നിന്നു അടക്കം രോഗികൾ എത്തുന്നുണ്ടെങ്കിലും നിലവിൽ 119 പേർക്ക് മാത്രം ആണ് കിടത്തി ചികിത്സ വിഭാഗത്തിൽ ചികിത്സ നൽകാൻ കഴിയൂ. കെട്ടിട നിർമാണം പൂർത്തിയായി അനുബന്ധ സാധനങ്ങൾ സജ്ജികരിച്ച് പ്രവർത്തനം ആരംഭിക്കാൻ ഇനിയും മാസങ്ങൾ വേണ്ടി വരും. മൂന്നു ഘട്ടങ്ങളിലായി 153 കോടി രൂപയുടെ വികസനം ആണ് ആശുപത്രിയിൽ ലക്ഷ്യമിട്ടിരിക്കുന്നത്. കെട്ടിട നിർമാണം തൊണ്ണൂറു ശതമാനം പൂർത്തിയായതായും ഓപ്പറേഷൻ തിയറ്റർ, ഫർണിച്ചർ അടക്കം സജ്ജീകരണങ്ങൾ പൂർത്തീകരിച്ച് രണ്ട് മാസത്തിനുളളിൽ പ്രവർത്തനം ആരംഭിക്കാൻ കഴിയും എന്നാണ് അധികൃതരുടെ വിശദീകരണം