തിരുവനന്തപുരം∙ ജില്ലയിൽ വാശിയേറിയ ത്രികോണപ്പോരാട്ടം നടന്ന 4 സീറ്റുകളിൽ വിജയപ്രതീക്ഷയിൽ മുന്നണികൾ. രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന നേമം ഉൾപ്പെടെയുള്ള സീറ്റുകൾ ആരു പിടിക്കും എന്നറിയാൻ വോട്ട് കണക്ക് വച്ചുള്ള വിശദ പരിശോധനകളിലേക്കു മുന്നണി നേതൃത്വങ്ങൾ കടന്നു.
നേമം:
ബിജെപിയുടെ ഉറച്ച വോട്ട്ബാങ്കിനെ കടത്തിവെട്ടി മുന്നിൽക്കയറാനുള്ള നീക്കങ്ങളിൽ ഊന്നിയായിരുന്നു സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പ്രചാരണം. പ്രതീക്ഷിച്ച വോട്ടുകളെല്ലാം എൽഡിഎഫിന്റെ പെട്ടിയിലെത്തിയെന്ന് സിറ്റിങ് എംഎൽഎയായ വി.ശിവൻകുട്ടി കണക്കുകൂട്ടുന്നു.
ബിജെപിയെ അകറ്റിനിർത്താൻ ന്യൂനപക്ഷ വോട്ടുകൾ ഒന്നായി എൽഡിഎഫ് പക്ഷത്തുനിന്ന കഴിഞ്ഞ തവണത്തെ അതേ സാഹചര്യം ആവർത്തിക്കും എന്നാണ് വിലയിരുത്തൽ. എസ്ഡിപിഐക്കു സ്വാധീനമുള്ള വോട്ടുകൾ എൽഡിഎഫിനൊപ്പം നിർത്തിയതിലൂടെ ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കാനായെന്നും പ്രതീക്ഷിക്കുന്നു.
അതേസമയം, ന്യൂനപക്ഷ വോട്ടുകൾ ഇക്കുറി ചിതറിയെന്നും അത് തങ്ങൾക്ക് അനുകൂലമാണെന്നും ബിജെപി കണക്കുകൂട്ടുന്നു. പാർട്ടിയുടെ ഉറച്ച വോട്ടുകൾ പിടിച്ചാൽ രാജീവ് ചന്ദ്രശേഖർ ഉറപ്പായും ജയിക്കുമെന്നും ബിജെപി അവകാശപ്പെടുന്നു.
ബിജെപിയുടെ വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ കെ.എസ്.ശബരീനാഥനു സാധിച്ചു എന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
ന്യൂനപക്ഷങ്ങളുടെ പൂർണ പിന്തുണ ഇല്ലെങ്കിലും ഒരുവിഭാഗത്തെ ഒപ്പംനിർത്താൻ സാധിച്ചിട്ടുണ്ട്. രാജീവിനു ബിജെപിക്കുള്ളിൽ തന്നെ പൂർണ സ്വീകാര്യത ഇല്ലെന്നും പാർട്ടിയുടെ ഉറച്ച വോട്ടുകൾ മുഴുവനായി അദ്ദേഹത്തിനു ലഭിച്ചിട്ടില്ലെന്നും കോൺഗ്രസ് വിലയിരുത്തുന്നു.
വട്ടിയൂർക്കാവ്:
വി.കെ.പ്രശാന്തിന്റെ ജനകീയത വോട്ടായി മാറുമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു.
ആർ.ശ്രീലേഖയ്ക്കു ലഭിക്കേണ്ട ബിജെപി വോട്ടുകളിൽ ചോർച്ചയുണ്ടായെന്നും അത് പ്രശാന്തിലേക്കെത്തുമെന്നുമാണ് പ്രതീക്ഷ.
കഴിഞ്ഞ തവണ നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് കെ.മുരളീധരന്റെ സാന്നിധ്യമാണെന്നും അതിനാൽ, അദ്ദേഹത്തിനെതിരായ ശക്തമായ വികാരം ബിജെപിയിലുണ്ടെന്നും എൽഡിഎഫ് കണക്കുകൂട്ടൂന്നു. ശ്രീലേഖയ്ക്കു നഷ്ടമാകുന്ന പാർട്ടി വോട്ടുകൾ അതുകൊണ്ടുതന്നെ മുരളിയിലേക്കു പോകില്ലെന്നാണു വിലയിരുത്തൽ.
അതേസമയം, മുരളീധരനിലൂടെ മണ്ഡലം വീണ്ടെടുക്കുമെന്ന് കോൺഗ്രസ് ഉറപ്പിച്ചുപറയുന്നു, കക്ഷിരാഷ്ട്രീയത്തിനതീതമായി വോട്ടുകൾ മുരളിയിലേക്കെത്തും. മണ്ഡലത്തിലെ പ്രബല സാമുദായിക വിഭാഗങ്ങൾ മുരളിക്ക് അനുകൂലമാണെന്നും ചൂണ്ടിക്കാട്ടുന്നു.
ശക്തമായ ഭരണവിരുദ്ധ വികാരവും മുരളിക്കു നേട്ടമാകുമെന്നും വിലയിരുത്തുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ച വാർഡുകളിലെല്ലാം ഇക്കുറി വൻ പോളിങ് നടന്നത് ശുഭ സൂചനയായി പാർട്ടി കാണുന്നു. താൻ പതിനായിരത്തിനടുത്തു ഭൂരിപക്ഷത്തിനു ജയിക്കുമെന്നാണ് വോട്ട് ചെയ്ത ശേഷം മുരളീധരൻ പ്രതികരിച്ചത്.
പാർട്ടിയുടെ വോട്ട് ചോരില്ലെന്നും ഇരു മുന്നണികളെയും കടത്തിവെട്ടി ശ്രീലേഖ ജയിക്കുമെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു. ഭരണവിരുദ്ധ വികാരത്തിന്റെ നേട്ടം മുരളീധരനേക്കാൾ ശ്രീലേഖയ്ക്കു ലഭിക്കുമെന്നാണു വിലയിരുത്തൽ.
മണ്ഡലത്തിൽ ബിജെപിക്കുള്ള ശക്തമായ സംഘടനാ സംവിധാനവും ഗുണം ചെയ്യുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു. .
കാട്ടാക്കട:
കഴിഞ്ഞ തവണത്തെ വൻ ഭൂരിപക്ഷം ലഭിക്കില്ലെങ്കിലും വിജയമുറപ്പെന്നാണ് എൽഡിഎഫ് അവകാശവാദം.
പരമാവധി വോട്ടർമാരെ പോളിങ് ബൂത്തിൽ എത്തിച്ച് വോട്ടുറപ്പിക്കാൻ സാധിച്ചത് സിറ്റിങ് എംഎൽഎയായ ഐ.ബി.സതീഷിന്റെ ഹാട്രിക് മോഹത്തിനു ബലമേകുന്നു. ജില്ലയിൽ വിജയം ഉറപ്പെന്നു കോൺഗ്രസ് കണക്കുകൂട്ടുന്ന സീറ്റാണു കാട്ടാക്കട.
സ്ഥാനാർഥിയായ എം.ആർ.ബൈജുവിന്റെ സ്വീകാര്യത, ഭരണവിരുദ്ധ വികാരം, സാമുദായിക പിന്തുണ എന്നിവയാണു വിജയത്തിന്റെ ചേരുവകളായി ചൂണ്ടിക്കാട്ടുന്നത്. സാമുദായിക പിന്തുണയുടെ ബലത്തിൽ മാറനല്ലൂർ, കാട്ടാക്കട, വിളപ്പിൽശാല പഞ്ചായത്തുകളിൽ യുഡിഎഫിന് അനുകൂലമായ ട്രെൻഡ് ഉണ്ടായിട്ടുണ്ടെന്നും കണക്കുകൂട്ടുന്നു.
പി.കെ.കൃഷ്ണദാസിലൂടെ അട്ടിമറി വിജയം പിടിക്കാമെന്ന പ്രതീക്ഷയിലാണു ബിജെപി.
ഭരണവിരുദ്ധ വോട്ടുകൾ പൂർണമായി കോൺഗ്രസിലേക്കു പോകില്ലെന്നും അതിലൊരു പങ്ക് തങ്ങൾക്കു ലഭിക്കുമെന്നുമാണ് കണക്കുകൂട്ടൽ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നാലായിരത്തിലേറെ വോട്ട് നേടി ഒന്നാമത് എത്തിയതും തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റവും നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും എന്നാണു വിലയിരുത്തൽ.
കഴക്കൂട്ടം:
ശക്തമായ ത്രികോണ പോരാട്ടം നടന്നതോടെ 3 കക്ഷികളും ഉറച്ച പ്രതീക്ഷയിലാണ്.
മണ്ഡലത്തിൽ ഏതാണ്ട് 35,000 വോട്ടുകൾ പാർട്ടിക്കുണ്ടെന്നും അതിനൊപ്പം ന്യൂനപക്ഷ വോട്ടുകൾ കൂടി ചേരുന്നതോടെ വിജയം പിടിക്കാമെന്നും സിപിഎമ്മും കടകംപള്ളി സുരേന്ദ്രനും കണക്കുകൂട്ടുന്നു. അരലക്ഷത്തിലധികം വോട്ട് ലഭിക്കുമെന്നാണു പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ.
വി.മുരളീധരനിലൂടെ മണ്ഡലം പിടിക്കുമെന്ന് ബിജെപി അവകാശപ്പെടുന്നു. ശബരിമല സ്വർണക്കൊള്ള സജീവ ചർച്ചയായെന്നും കടകംപള്ളിക്കെതിരായ ജനരോഷം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കണക്കുകൂട്ടുന്നു.
പാർട്ടിയുടെ ശക്തമായ സംഘടനാ സംവിധാനത്തിലും അതിന്റെ ബലത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തനത്തിലുമാണു ബിജെപിയുടെ പ്രതീക്ഷ.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കരുത്തനായ സ്ഥാനാർഥിയെ കളത്തിലിറക്കിയതിനാൽ പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾ ഉറപ്പിക്കാൻ സാധിച്ചെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. ന്യൂനപക്ഷ മേഖലയിലെ വോട്ടുകളും ടി.ശരത്ചന്ദ്ര പ്രസാദിനു പിടിക്കാനായെന്നാണ് കണക്കുകൂട്ടൽ.
സിപിഎമ്മിനും ബിജെപിക്കും വെല്ലുവിളിയുയർത്തി പ്രചാരണത്തിലുടനീളം ശരത്തിനു മണ്ഡലത്തിൽ നിറഞ്ഞുനിൽക്കാൻ സാധിച്ചതും ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

