സംസ്ഥാനത്ത് പാരിസ്ഥിതിക അവബോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള സംഗീത നാടക അക്കാദമി ക്യാമ്പസ് ഹരിതാഭമാക്കുന്ന ‘മരം പെയ്യുന്നിടം’ പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ അക്കാദമി ചെയർപേഴ്സൺ ജി.വേണുഗോപാൽ, വൈസ് ചെയർപേഴ്സൺ ഹേമന്ത് കുമാർ, സെക്രട്ടറി എൻ.വി പ്രദീപ് കുമാർ എന്നിവർ ചേർന്ന് പച്ചചെമ്പകം (ലാംഗി ലാംഗി) തൈ നട്ടുകൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു.
മരം തണലായും ഫലമായും അഭയമായും അനന്തമായ സ്നേഹം ലോകത്തിന് പ്രദാനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും, മരത്തിന് സമമായി മരം മാത്രമേയുള്ളൂവെന്നും പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് അക്കാദമി ചെയർപേഴ്സൺ ജി.വേണുഗോപാൽ വ്യക്തമാക്കി. ചുരുങ്ങിയ കാലം കൊണ്ട് അക്കാദമിയിൽ മനോഹരമായ ഒരു വൃക്ഷോദ്യാനം രൂപപ്പെടുത്തിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ ആഗോള പാരിസ്ഥിതിക പ്രശ്നങ്ങൾ തിയേറ്ററിന്റെ കൂടി ഭാഗമാക്കുക എന്ന സൗന്ദര്യാത്മക ചിന്തയ്ക്കാണ് അക്കാദമി തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഗോളതാപനം പോലുള്ള പാരിസ്ഥിതിക പ്രതിസന്ധികൾക്കുള്ള മറുപടിയാണ് വൃക്ഷങ്ങളെന്ന് അക്കാദമി സെക്രട്ടറി എൻ.വി പ്രദീപ് കുമാർ അഭിപ്രായപ്പെട്ടു.
ഇത്തരം പാരിസ്ഥിതിക വിപത്തുകളെ സർഗാത്മകമായി പ്രതിരോധിക്കാനുള്ള കവചമാണ് ഈ പദ്ധതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്താകമാനം ‘ഗ്രീൻ തിയേറ്റർ’ എന്ന പരികൽപ്പന സജീവമാകുമ്പോൾ, അക്കാദമിയുടെ പുതിയ നേതൃത്വവും ക്യാമ്പസ് ഹരിതാഭമാക്കിക്കൊണ്ട് അതിനോടൊപ്പം ചേർന്നുനിൽക്കുകയാണെന്ന് സെക്രട്ടറി വ്യക്തമാക്കി.
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് ബൃഹത്തായ ഈ പദ്ധതി അക്കാദമിയിൽ നടപ്പിലാക്കുന്നത്. ഫലവും സുഗന്ധവും നൽകുന്നതും ഔഷധപ്രാധാന്യമുള്ളതുമായ ജാക്രാന്ത, മണി മരുത്, നാഗ ചെമ്പകം, കരി മരുത്, ഫൈക്കസ്, ഇലഞ്ഞി, കായാമ്പൂ തുടങ്ങിയ വിവിധ വൃക്ഷങ്ങളുടെ തൈകളാണ് അക്കാദമി ക്യാമ്പസിൽ നട്ടുപിടിപ്പിച്ചത്.
തൃത്താല ആരണ്യക വനാന്തർ ഡെസ്റ്റിനേഷൻ ആണ് ഈ പദ്ധതിക്കായി തൈകൾ സ്പോൺസർ ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

