
വെള്ളറട ∙ ‘സുരേഷ് മാമാ ഓടിവാ… എന്നെ പുലി പിടിക്കുന്നു….’ മൂത്ത സഹോദരിയുടെ മകൻ ഷൈജുവിന്റെ നിലവിളി കേട്ടാണ് ഞാൻ ഓടിയെത്തിയത്.
എന്റെ വീടിനു 50 മീറ്ററിനു മുന്നിൽ പുലി നിൽക്കുന്നത് കണ്ടു. ഷൈജുവിനെ നേർക്കായിരുന്നു അത്.
എന്നെ കണ്ടതോടെ പുലിയുടെ ശ്രദ്ധ എന്റെ നേരെയായി. ഞാൻ ഓടി സമീപത്തെ പാറപ്പുറത്ത് കയറി.
എന്നെ കണ്ടതും പുലി എന്റെ പിന്നാലെ പാഞ്ഞു. രക്ഷപ്പെടാൻ ഞാൻ പാറപ്പുറത്തു നിന്നു താഴേക്ക് ചാടി.
എട്ടടിയോളം താഴ്ചയിൽ ഞാൻ മലർന്നടിച്ചു വീണു.
എന്റെ മുകളിലൂടെ പുലി ചാടി അപ്പുറം കടന്നു പോയി.
പുലി സമീപത്തെ കുഴിയിൽ വീഴുന്ന ശബ്ദം കേട്ടു. വീഴ്ചയിൽ എനിക്ക് നടുവിനും, ഇടതുകൈയ്ക്കും ചതവുണ്ടായി.
ഷൈജു എത്തിയാണ് എന്നെ എഴുന്നേൽപ്പിച്ചത്. എന്റെ മരുമകൻ വിനോദിന്റെ വീട് അമ്പൂരി തൊടുമല കാരിക്കുഴിയിലാണ്.
ഇവിടെയാണ് ഞാൻ താമസിക്കുന്നത്. ഇവിടെ വളർത്തിയ 5 നായ്ക്കളിൽ 4 എണ്ണത്തിനെയും പുലി പിടിച്ചു.
പ്രദേശത്ത് പുലിയുടെ ഭീഷണി ഇപ്പോഴുമുണ്ട്.
പുലിയുടെ മുന്നിൽപ്പെട്ട അമ്പൂരി തൊടുമല കാരിക്കുഴി സ്വദേശി ടി.ഷൈജു പറയുന്നു:അമ്മാവൻ എത്തിയതിനാൽ രക്ഷപ്പെട്ടു
വെള്ളറട
∙ ‘രാവിലെ റബർ ടാപ്പിങ്ങിനെത്തിയപ്പോഴാണ് കുരുക്കിൽപ്പെട്ടു കിടന്ന പുലി എന്നെ ആക്രമിക്കാൻ ശ്രമിച്ചത്. ശബ്ദം കേട്ട് എന്നെ കണ്ട
പുലി എന്റെ നേരെ ചാടാൻ ശ്രമിച്ചു. നിലവിളിച്ചപ്പോഴാണ് അമ്മാവനായ എം.സുരേഷ് ഓടി എത്തിയത്.
ഇൗ സമയം കുരുക്ക് അഴിഞ്ഞു, പുലി സുരേഷിനെ ആക്രമിക്കാൻ ചാടി. അമ്മാവൻ എത്തിയില്ലായിരുന്നില്ലെങ്കിൽ എന്നെ പുലി പിടിക്കുമായിരുന്നു’.
ഷൈജുവിന്റെ വസ്തുവിലാണ് പുലിയെ കണ്ടത്. നെയ്യാർ വന്യജീവി സങ്കേതത്തിന്റെ പരിധിയിൽപ്പെടുന്നതാണ് ഇൗ സ്ഥലം.
ഒന്നിൽ പിഴച്ചു, രണ്ടിൽ മയങ്ങി 10 മിനിറ്റിനുള്ളിൽ മയങ്ങേണ്ട
പുലി മയങ്ങിയത് ഒരു മണിക്കൂറെടുത്ത്
വെള്ളറട ∙ രണ്ടു തവണയാണ് പുലിക്ക് നേരെ മയക്കുവെടി വച്ചത്.
ആദ്യശ്രമം പാളുകയായിരുന്നു. മയക്കു വെടിയേറ്റ പുലി മയങ്ങുവാൻ ഒരു മണിക്കൂറോളമെടുത്തതും ദൗത്യം വൈകിപ്പിച്ചു.അമ്പൂരി തൊടുമല കാരിക്കുഴിയിലെ വനമേഖലയിൽ പുലി കുടുങ്ങിയ വിവരം നെയ്യാർ വന്യജീവി സങ്കേതത്തിന്റെ ക്ലാമല(ഒന്ന്)സെക്ഷനിൽ ഇന്നലെ രാവിലെ 8 നാണ് ലഭിച്ചത്.
എട്ടരയ്ക്കു മുൻപേ സെക്ഷൻ ഫോറസ്റ്റ് ഓഫിസറും 6 താൽക്കാലിക ജീവനക്കാരും സ്ഥലത്തെത്തി.
9ന് പരുത്തിപ്പള്ളി റേഞ്ചിൽ നിന്ന് ദ്രുതപ്രതികരണ സേന(ആർആർടി))യും പിന്നാലെ തിരുവനന്തപുരം അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.എസ്.കെ.അരുൺകുമാറും, തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ എസ്.വി.വിനോദും നെയ്യാർ ഡാം പൊലീസും എത്തി. പ്രൊട്ടക്ഷൻ ഗാർഡും, കൂടും സജ്ജമാക്കിയിരുന്നു.
പത്തരയോടെ പുലിയെ വെടിവയ്ക്കാനുള്ള ദൗത്യം തുടങ്ങി.
കുഴിയിൽ കിടന്ന പുലി പലവട്ടം ചാടി മാറിയതും ജീവനക്കാരുടെ നേരെ ചീറിയടുക്കാൻ ശ്രമിച്ചതും നടപടികൾ വൈകിപ്പിച്ചു. പമ്പ് ആക്ഷൻ ഗൺ ഉപയോഗിച്ച് 2 തവണ വെടിവച്ച് പുലിയെ ഭയപ്പെടുത്തി.
ഉച്ചയ്ക്ക് ഒരു മണിയോടെ ആദ്യം മയക്കുവെടിവച്ചെങ്കിലും ലക്ഷ്യം പിഴച്ചു. സാധാരണഗതിയിൽ മയക്കുവെടിയേറ്റ് 10 മിനിറ്റിനുള്ളിൽ മയങ്ങേണ്ട
പുലി, ഒരു മണിക്കൂർ കഴിഞ്ഞാണ് മയങ്ങിയതെന്ന് വനം വകുപ്പ് പറഞ്ഞു.
രണ്ടരയോടെ പുലിയെ നെയ്യാർ സഫാരി പാർക്കിലേക്ക് നിരീക്ഷണത്തിനായി മാറ്റി.തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ എസ്.വി.വിനോദ്, നെയ്യാർ അസി. വൈൽഡ് ലൈഫ് വാർഡൻ എ.പി.അനീഷ്കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ എസ്.ബിജുകുമാർ, പ്രദീപ്കുമാർ, നെയ്യാർ ഡാം എസ്എച്ച്ഒ ശ്രീകുമാരൻ നായർ, പരുത്തിപ്പള്ളി ആർആർടി ഡപ്യൂട്ടി റേഞ്ച് ഓഫിസർ ശ്രീകുമാരൻ നായർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജി.എസ്.രോഷ്നി തുടങ്ങിയവരാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]