
തിരുവനന്തപുരം∙ഗവർണറുടെ ഇടപെടലുകൾക്കെതിരെ എസ്എഫ്ഐ കേരള സർവകലാശാലയിലേക്കു നടത്തിയ മാർച്ചിൽ വൻ സംഘർഷം പൊലീസിനെ മറികടന്ന് സർവകലാശാലാ ആസ്ഥാനത്തിനുള്ളിൽ പ്രവർത്തകർ ഇരച്ചുകയറി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തന്നെ നേരിട്ടെത്തി വിദ്യാർഥി സമരത്തിന് അഭിവാദ്യമർപ്പിച്ചതോടെ ഗവർണറുമായി നേർക്കുനേർ പോരാടാനുറച്ചു തന്നെയെന്നു വ്യക്തമായി.
ഉച്ചയോടെ ആരംഭിച്ച മാർച്ച് പ്രധാന ഗേറ്റിൽ പൊലീസ് തടഞ്ഞെങ്കിലും പ്രവർത്തകർ അകത്ത് കടന്നു. പൊലീസിനെ തള്ളി മാറ്റിയ പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ മതിലിനു മുകളിലൂടെ ചാടി അകത്തെത്തി.
പ്രധാന കെട്ടിടത്തിന്റെ കവാടത്തിൽ വലിയ പൊലീസ് സന്നാഹമുണ്ടായിരുന്നെങ്കിലും. വാതിൽ തള്ളിത്തുറക്കാൻ ഇരച്ചു കയറിയ പ്രവർത്തകരുടെ ശ്രമം.
കൂടുതൽ വിദ്യാർഥികൾ മതിൽ ചാടിക്കടന്നെത്തി.
രണ്ടു വട്ടം ലാത്തിവീശിയെങ്കിലും പൊലീസ് കാഴ്ചക്കാരുടെ വേഷത്തിലേക്കു മാറുന്നതാണ് പിന്നീട് കണ്ടത്. പ്രധാന കവാടത്തിലെ കതക് എസ്എഫ്ഐക്കാർ തള്ളി തുറന്നു.പൊലീസ് കെട്ടിടത്തിന്റെ മുൻപിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ വശങ്ങളിലെ അരമതിലിലൂടെ കയറി പ്രവർത്തകർ സർവകലാശാലയുടെ അകത്തേക്കു പോയി.
ജനലുകൾ ചാടിക്കടന്നു മുകൾ നിലകളിലേക്കു പ്രവർത്തകർ ഓടി. സർവകലാശാലയുടെ അകത്തുണ്ടായിരുന്ന വിരലിലെണ്ണാവുന്ന പൊലീസുകാർക്ക് അരമതിൽ ചാടി കടന്നവരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
സമരം കടുക്കുമെന്നറിഞ്ഞ് 6 ബസുകളിലാണ് പൊലീസുകാരെ രാവിലെ സർവകലാശാലയിൽ എത്തിച്ചത്.
സേനയെ കൃത്യമായി വിന്യസിക്കുന്നതിൽ വലിയ വീഴ്ചയാണ് ഉണ്ടായത്. വിസി ഇന്നലെ എത്തിയിരുന്നില്ലെങ്കിലും ഓഫിസിനു മുൻപിൽ കുത്തിയിരുന്നായിരുന്നു പ്രതിഷേധം. അടച്ചിട്ടിരുന്ന ഓഫിസിന്റെ ഇരുമ്പ് ഗേറ്റ് ചവിട്ടി തുറക്കാനും ജനലുകൾ നശിപ്പിക്കാനും ശ്രമിച്ചു.
ഇതിനിടെയാണു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എത്തി സമരത്തിന് അഭിവാദ്യം അർപ്പിച്ചത്. ആർഎസ്എസിന്റെ തിട്ടൂരം നടപ്പാക്കാൻ അനുവദിക്കില്ലെന്നു ഗോവിന്ദൻ പറഞ്ഞു.
കേരളത്തിലെ വിദ്യാർഥി സമൂഹവും പൊതുസമൂഹവും അതിനു വഴങ്ങില്ല.
സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് കേരളത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നു എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ് പറഞ്ഞു.
മറ്റന്നാൾ സർവകലാശാലകളിലേക്കും രാജ് ഭവനിലേക്കും വീണ്ടും മാർച്ച് നടത്തും. ഗോവയിൽ മുഖ്യമന്ത്രിയാകാൻ കഴിയാത്തതിന്റെ നിരാശയാണു രാജേന്ദ്ര ആർലേക്കർ കേരളത്തിൽ തീർക്കുന്നതെന്നു ശിവപ്രസാദ് ആരോപിച്ചു.
സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ്, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എസ്.കെ.ആദർശ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു മാറ്റി. സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ്, നേതാക്കളായ ആര്യ പ്രസാദ്, ഗോപി കൃഷ്ണൻ, വൈഭവ് ചാക്കോ, ആർ.അവിനാശ്, എം.എ.നന്ദൻ, കാർത്തിക്, അവ്യ കൃഷ്ണ, ഭാഗ്യ മുരളി എന്നിവർ സമരത്തിന് നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]