
കൊഴുപ്പുനീക്കൽ ശസ്ത്രക്രിയ വിവാദം: മെഡിക്കൽ ബോർഡിൽ വിദഗ്ധരില്ല; യോഗം പേരിന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ അടിവയറ്റിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ സോഫ്റ്റ്വെയർ വനിതാ എൻജിനീയറിന്റെ 9 വിരലുകൾ മുറിച്ചുമാറ്റേണ്ടിവന്ന സംഭവം പരിശോധിക്കാൻ ചേർന്ന മെഡിക്കൽ ബോർഡ് യോഗം, ബോർഡിലേക്കു കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്തണമെന്ന തീരുമാനം മാത്രമെടുത്തു പിരിഞ്ഞു. റേഡിയോളജി, ക്രിട്ടിക്കൽ കെയർ വിഭാഗം തുടങ്ങിയവയിലെ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി ഇന്നു വീണ്ടും യോഗം ചേരും.
സംഭവത്തിൽ അണുബാധയേറ്റ മുട്ടത്തറ സ്വദേശി നീതുവിന്റെ കുടുംബം നൽകിയ പരാതിയിന്മേൽ മൊഴിയെടുപ്പും അന്വേഷണവും അവസാനിച്ച് ഒരു മാസം പിന്നിട്ടപ്പോഴാണ് ആരോപണങ്ങളെത്തുടർന്ന്, ഏതൊക്കെ വിദഗ്ധരെ ഉൾപ്പെടുത്തണമെന്നു പോലും തീരുമാനിക്കാതെ മെഡിക്കൽ ബോർഡ് തട്ടിക്കൂട്ടി സംഘടിപ്പിച്ചത്. ഇന്നലെ നടന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ റിപ്പോർട്ട് നൽകാൻ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ ജെ.കെ.ദിനിൽ ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. ഇവരോട് ഇന്നും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ പേരിൽ മാത്രം കേസെടുത്ത നടപടിക്കെതിരെ നീതുവിന്റെ ബന്ധുക്കൾ ഇന്നലെ അസിസ്റ്റന്റ് കമ്മിഷണറെ കണ്ട് പരാതി അറിയിച്ചിരുന്നു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ഉൾപ്പെടെ ഉത്തരവാദികളായ എല്ലാവരെയും അന്വേഷണപരിധിയിൽ ഉൾപ്പെടുത്താമെന്ന് ഉറപ്പു നൽകിയതായി ബന്ധുക്കൾ പറഞ്ഞു.
ശസ്ത്രക്രിയയെ തുടർന്ന് അണുബാധയേറ്റ നീതുവിനെ ക്ലിനിക്കിൽനിന്ന് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയത് ആംബുലൻസിനു പകരം കാറിലാണെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ചികിത്സാ രേഖകളും ആശുപത്രിയിൽനിന്നു പൊലീസ് ശേഖരിച്ചു.
അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം
തിരുവനന്തപുരം ∙ വിവാദ ശസ്ത്രക്രിയയെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ ഡോക്ടർമാരുടെ സംഘടനകൾ രംഗത്തെന്ന് ആക്ഷേപം. അന്വേഷണം ശരിയായ രീതിയിൽ നടത്താതെയും പൊലീസ് കേസ് തിരിച്ചു വിട്ടും കേസ് അവസാനിപ്പിക്കാനാണു നീക്കം. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വീണാ ജോർജ്, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ എന്നിവർ ഉൾപ്പെടെയുള്ളവർക്കു പരാതി നൽകിയിട്ടും ആരും ഇടപെടുന്നില്ലെന്നാണു ശസ്ത്രക്രിയയ്ക്കു വിധേയയായ നീതുവിന്റെ കുടുംബാംഗങ്ങളുടെ പരാതി.
ഫെബ്രുവരി 22നു കഴക്കൂട്ടത്തെ കോസ്മറ്റിക് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. നീതുവിൽനിന്നു 3 ലക്ഷം രൂപയാണ് ഈടാക്കിയത്. വീഴ്ച മനഃപൂർവമല്ലെന്നും ഡോക്ടറെ സംരക്ഷിക്കണമെന്നുമാണു സംഘടനകളുടെ വാദം. ശസ്ത്രക്രിയകൾ നടത്തുമ്പോൾ ഇത്തരം സംഭവങ്ങൾ സ്വാഭാവികമാണെന്നും അതിനാൽ ഡോക്ടർക്കുമേൽ കുറ്റം ചുമത്താനാവില്ലെന്നുമാണ് നിലപാട്. ചികിത്സപ്പിഴവായതിനാൽ അന്വേഷിക്കുന്ന ഡോക്ടർമാർ നൽകുന്ന റിപ്പോർട്ട് അന്തിമമാകും. ആ പഴുത് ഉപയോഗിച്ച് കേസ് ഇല്ലാതാക്കാനാണു നീക്കമെന്നു നീതുവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. സംഘടനയുടെ അംഗം കൂടിയായ വിജിലൻസ് വിഭാഗം ഡപ്യൂട്ടി ഡിഎംഒ ഡോ.എൽ.അനിൽകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. വീഴ്ച വരുത്തിയ ഡോക്ടറെ വിളിച്ചുവരുത്തി മൊഴിയെടുക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ ഡോ.അനിൽകുമാർ മൊഴി എടുക്കാൻ കോസ്മറ്റിക് ഹോസ്പിറ്റലിൽ പോയെന്നും പരാതിയുണ്ട്.
മുഖ്യമന്ത്രി ഇടപെടണം: വി.എസ്.ശിവകുമാർ
തിരുവനന്തപുരം ∙ നീതുവിനു സംഭവിച്ച ഗുരുതരമായ ചികിത്സപ്പിഴവിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും കോൺഗ്രസ് നേതാവ് വി.എസ്.ശിവകുമാർ ആവശ്യപ്പെട്ടു. ശസ്ത്രക്രിയയെത്തുടർന്ന് ആന്തരിക അവയവങ്ങൾ പ്രവർത്തനരഹിതമാവുകയും വിരലുകൾ മുറിച്ചു നീക്കേണ്ട അവസ്ഥയുണ്ടാകുകയും ചെയ്തിട്ടും ക്ലിനിക്കിനെ സംരക്ഷിക്കാനുള്ള ഒത്തുകളിയാണ് ഉന്നതർ നടത്തുന്നതെന്നും ആരോഗ്യമന്ത്രി നീതുവിനെ സന്ദർശിച്ച് ശസ്ത്രക്രിയയിലുണ്ടായ പിഴവ് നേരിട്ട് മനസ്സിലാക്കി നടപടി എടുക്കണമെന്നും വി.എസ്.ശിവകുമാർ ആവശ്യപ്പെട്ടു.