തിരുവനന്തപുരം∙ കഴിഞ്ഞ 2 മാസത്തിനിടെ 7 കെഎസ്ആർടിസി ബസുകൾക്കു യാത്രയ്ക്കിടെ തീപിടിച്ചതിനു കാരണം ബസുകളുടെ കാലപ്പഴക്കവും ഇലക്ട്രിക്കൽ തകരാറുകളും. ബെംഗളൂരു–കോഴിക്കോട് സ്വിഫ്റ്റ് ഡീലക്സ് പൂർണമായും കത്തി നശിച്ചത് കഴിഞ്ഞ ഡിസംബറിലാണ്.
നഞ്ചൻകോട്ട് ബസിൽ നിന്നു പുക ഉയരുന്നതു കണ്ടയുടൻ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ ദുരന്തം ഒഴിവായി. ഡിസംബർ ഒന്നിന് പമ്പ–നിലയ്ക്കൽ ലോഫ്ലോർ ബസ് അട്ടത്തോടിനു സമീപം തീപിടിച്ചിരുന്നു.
പിൻഭാഗം പൂർണമായും കത്തി.
യാത്രക്കാരെ പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി. മലപ്പുറത്ത് നിന്ന് ഗവിക്കു സഞ്ചാരികളുമായി പോയ കെഎസ്ആർടിസി ഡീലക്സ് ബസ് കോട്ടയത്ത് മണിമലയ്ക്കു സമീപം കത്തി നശിച്ചത് ഒരാഴ്ച മുൻപാണ്.
ഡിസംബർ 24ന് കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ പാർക്ക് ചെയ്ത ബസിൽ പുക ഉയർന്നത് ജീവനക്കാർ ഇടപെട്ട് കെടുത്തുകയായിരുന്നു. തിരുവനന്തപുരം ജില്ലയിൽ 3 ബസുകൾക്കാണു തീ പിടിച്ചത്. കഴിഞ്ഞയാഴ്ച പേരൂർക്കട
വഴയില റോഡിൽ നെടുമങ്ങാട്ടു നിന്നു തിരുവനന്തപുരത്തേക്കു പോയ ഓർഡിനറി ബസിന്റെ ഗിയർ ബോക്സിൽ തീ പടർന്നു. ഫയർഫോഴ്സ് എത്തിയാണു തീയണച്ചത്.
നവംബറിൽ എംസി റോഡിൽ വട്ടപ്പാറയ്ക്കു സമീപം ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചിരുന്നു.
ഡിസംബർ 11ന് പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നു പുക ഉയർന്നതിനെ തുടർന്നു നാട്ടുകാർ വെള്ളമൊഴിച്ചാണു രക്ഷാപ്രവർത്തനം നടത്തിയത്. ഇതിനുപുറമേ ടയർ ഊരിത്തെറിക്കുന്ന സംഭവങ്ങളും തുടർക്കഥയായിട്ടുണ്ട്.
ബസുകളുടെ കാലപരിധി കൂട്ടിയതോടെ ഓടിത്തേഞ്ഞ ബസുകളാണ് ഓർഡിനറി സർവീസുകളിലുള്ളത്. ഇലക്ട്രിക്കൽ ജീവനക്കാരുടെ കുറവു മൂലം അവർ ചെയ്യേണ്ട
അറ്റകുറ്റപ്പണികൾ മെക്കാനിക്കൽ വിഭാഗം ചെയ്യുന്നതിന്റെ പ്രശ്നങ്ങളും അപകടങ്ങൾക്കു പിന്നിലുണ്ട്.
പിറവത്തു നിന്നു കൊല്ലത്തേക്കു പോയ ബസിന്റെ ടയർ ആലപ്പുഴയിൽ വച്ച് ഊരിത്തെറിച്ച് ബസ് ഡിവൈഡറിൽ ഇടിച്ചു കയറിയത് രണ്ടാഴ്ച മുൻപാണ്. തിരുവനന്തപുരം ആലംകോടിന് സമീപം കെഎസ്ആർടിസി ബസിന്റെ മുൻചക്രം ഊരിത്തെറിച്ചു സമീപത്തുണ്ടായിരുന്ന ബൈക്കിലിടിച്ച സംഭവവും ഉണ്ടായി. ബ്രേക്ക് ലൈനറുകളുടെ തകരാറും തീപിടിത്തത്തിനു കാരണമാകുന്നുണ്ട്.
പുതിയതായി ഇറക്കിയ സൂപ്പർഫാസ്റ്റ് പ്രീമിയം ബസും തകരാർ മൂലം കൂത്താട്ടുകുളത്തു വഴിയിൽ കിടന്നു. 3 ദിവസം ഈ ബസ് സർവീസിന് അയച്ചില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

