തിരുവനന്തപുരം ∙ ലൈംഗിക പീഡനക്കേസിൽ പ്രതിയായതിനു പിന്നാലെ ഒളിവിൽപോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കണ്ടെത്താൻ പുതിയ സംഘത്തെ പൊലീസ് നിയോഗിച്ചു. ആദ്യ സംഘത്തിൽനിന്ന് വിവരങ്ങൾ രാഹുലിനു ചോരുന്നുവെന്ന സംശയത്തിന്റെകൂടി അടിസ്ഥാനത്തിലാണിത്.
ഒരാഴ്ചയിലേറെയായി തിരച്ചിൽ നടത്തിയ ആദ്യസംഘം കർണാടകയിൽനിന്നു തിരിച്ചെത്തി. പുതിയ സംഘം ഉടൻ അവിടേക്കു തിരിക്കും.കഴിഞ്ഞമാസം 27ന് ആണു രാഹുൽ ഒളിവിൽപോയത്.
കോളിളക്കം സൃഷ്ടിച്ച കേസിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു നടത്തിയ തിരച്ചിൽ ഫലംകാണാത്തതു പൊലീസിനു ക്ഷീണമായി. തദ്ദേശ തിരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ രാഹുലിന്റെ അറസ്റ്റ് സർക്കാർ മനഃപൂർവം വൈകിക്കുകയാണെന്ന ആരോപണത്തിനു കോൺഗ്രസ് മൂർച്ച കൂട്ടി.
നിരന്തരം ഒളിസങ്കേതങ്ങൾ മാറിയാണു രാഹുലിന്റെ സഞ്ചാരം.
കഴിഞ്ഞദിവസം ബെംഗളൂരുവിലെ റിസോർട്ടിൽ അന്വേഷണസംഘമെത്തുന്നതിനു മണിക്കൂറുകൾക്കു മുൻപ് രാഹുൽ കടന്നുകളഞ്ഞു. ഒളിക്കാൻ സ്ഥലം ഏർപ്പാടാക്കിയവരെ കണ്ടെത്തിയെങ്കിലും രാഹുൽ എവിടെയെന്ന് ഉറപ്പിക്കാൻ പൊലീസിനു കഴിഞ്ഞില്ല.
എത്രയുംവേഗം പിടികൂടണമെന്നു ഡിജിപി കർശന നിർദേശം നൽകിയ കേസാണിത്. ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ രാഹുലിനെ സഹായിച്ച 2 പേരെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് വിട്ടയച്ചു.
രാഹുലുമായുള്ള ശബ്ദ സന്ദേശങ്ങൾ, വാട്സാപ് ചാറ്റ്, ഗർഭഛിദ്രത്തിനിരയായതിന്റെ മെഡിക്കൽ രേഖകൾ എന്നിവ പീഡനത്തിനിരയായ യുവതി പൊലീസിനു കൈമാറിയിരുന്നു. വിശദമൊഴിയും നൽകിയിട്ടുണ്ട്.
കേസിൽ ഈമാസം 15 വരെ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു.
രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ
ഹോം സ്റ്റേയിലെത്തിച്ച് പീഡിപ്പിച്ചെന്നു കാട്ടി ബെംഗളൂരുവിൽ താമസിക്കുന്ന 23 വയസ്സുകാരി നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡിഷനൽ സെഷൻസ് കോടതി ഇന്നു പരിഗണിക്കും.
കേസിൽ അറസ്റ്റ് തടഞ്ഞ് താൽക്കാലിക ഉത്തരവിറക്കണമെന്ന രാഹുലിന്റെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. കേസ് അന്വേഷിക്കുന്ന എഐജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം യുവതിയുടെ മൊഴി വൈകാതെ രേഖപ്പെടുത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

