
പാറശാല∙പാമ്പ് മുതൽ തെരുവ് നായ്ക്കളുടെ വരെ ഇഷ്ട കേന്ദ്രമായി ഒരു ആശുപത്രി കെട്ടിടം.
ദിവസവും മുന്നൂറോളം പേർ ചികിത്സ തേടി എത്തുന്ന പൊഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പൂട്ടിക്കിടക്കുന്ന കിടത്തി ചികിത്സാ വിഭാഗം കെട്ടിടം രോഗികൾ ഒപ്പം എത്തുന്നവർക്കും പേടി സ്വപ്നമായി മാറിയിട്ടു വർഷങ്ങൾ കഴിഞ്ഞു. ആശുപത്രി വളപ്പിലെ നാലു കെട്ടിടങ്ങളിൽ രണ്ട് കെട്ടിടങ്ങൾ ശോച്യാവസ്ഥ മൂലം പൂട്ടിയ നിലയിൽ ആണ്.
കിടത്തിച്ചികിത്സാ വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിനു നാൽപതു വർഷത്തോളം പഴക്കം ഉണ്ട്.
കോവിഡിനു പിന്നാലെ കിടത്തി ചികിത്സ നിർത്തിയതോടെ കെട്ടിടത്തിന്റെ ദുരവസ്ഥയ്ക്കു തുടക്കമായി. അറ്റകുറ്റപ്പണികൾ ഇല്ലാതായതോടെ കോൺക്രീറ്റ് തകർന്ന ഭാഗത്ത് ആൽമരം വളർന്ന് ആഴ്ന്നിറങ്ങിയ വേരുകൾ കൊണ്ട് കെട്ടിടത്തിന്റെ പല ഭാഗത്തും വിള്ളൽ പ്രകടമായി.
ഒട്ടേറെ തവണ പാമ്പുകളുടെ സാന്നിധ്യം കണ്ടതോടെ കെട്ടിടത്തിനു സമീപത്തേക്ക് പോകാൻ പോലും ജീവനക്കാർ ഭയക്കുന്നു. കിടത്തിച്ചികിത്സ വിഭാഗത്തിനായി പത്ത് വർഷം മുൻപ് എംപി ഫണ്ടിൽ നിർമിച്ച ഇരു നില കെട്ടിടത്തിന്റെ കോൺക്രീറ്റിലും ചോർച്ചയുണ്ട് കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളുടെ കേന്ദ്രമായ ആശുപത്രിയിൽ പുതിയ നിർമാണത്തിനു തുക അനുവദിക്കുമെന്ന ജനപ്രതിനിധികളുടെ പ്രഖ്യാപനങ്ങൾ ജലരേഖയായി.
1985 ൽ നിർമിച്ച കെട്ടിടം പൊളിക്കാൻ മൂന്നു മാസം മുൻപ് പഞ്ചായത്ത് കമ്മിറ്റി അനുമതി നൽകിയിരുന്നെങ്കിലും നടപടി ആരംഭിച്ചിട്ടില്ല.
നാലു വർഷം മുൻപ് വരെ മികച്ച കിടത്തി ചികിത്സാ സൗകര്യം ലഭിച്ചിരുന്ന താലൂക്കിലെ സർക്കാർ ആശുപത്രികളുടെ പട്ടികയിൽ പ്രഥമ സ്ഥാനം അലങ്കരിച്ചിരുന്ന പൊഴിയൂർ ആശുപത്രിയിൽ ഐപി വിഭാഗത്തിന്റെ പ്രവർത്തനം നിർത്തിയത് പ്രദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ദുരിതത്തിലാക്കി.
പകർച്ച വ്യാധികൾ ആദ്യം എത്തുന്ന തീരദേശ മേഖലയിലെ ആശുപത്രിയിൽ കിടത്തി ചികിത്സ പുനർ ആരംഭിക്കണമെന്ന് കുളത്തൂർ പഞ്ചായത്ത് ഭാരവാഹികൾ ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും പൂവാർ, പാറശാല എന്നിവിടങ്ങളിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളുടെ സാമീപ്യം വ്യക്തമാക്കി ആരോഗ്യ വകുപ്പ് അധികൃതർ അപേക്ഷ നിരസിച്ചു. കെട്ടിടങ്ങളുടെ ദയനീയ സ്ഥിതിയും ജീവനക്കാരുടെ കുറവും പൊഴിയൂർ ആശുപത്രി പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]