
ചിറയിൻകീഴ് ∙ ഏതു നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിൽ ചിറയിൻകീഴ് വലിയകട ജംക്ഷനിൽ പ്രധാന പാതയോരത്തു പൊതു മാർക്കറ്റിനോടു ചേർന്നുള്ള ഇരുനില ഷോപ്പിങ് കോംപ്ലക്സ്.
കെട്ടിടം നാട്ടുകാരുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ടു അഞ്ചു വർഷം പിന്നിടുന്നു. അരനൂറ്റാണ്ടു പിന്നിട്ട
കെട്ടിടം പൊളിച്ചു നീക്കി പുതിയ ബഹുനില മന്ദിരം പണിയുന്നതിനു മുന്നോടിയായി ഇവിടെ പ്രവർത്തിച്ചിരുന്ന കച്ചവട സ്ഥാപനങ്ങളടക്കം പഞ്ചായത്തധികൃതർ പലപ്പോഴായി നോട്ടിസ് നൽകി ഒഴിപ്പിച്ചിരുന്നു. കണ്ടം ചെയ്ത മന്ദിരത്തിൽ മൂന്ന് കടമുറികൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിന് കീഴിലാണു ആറ്റിങ്ങൽ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ് സ്ഥിതി ചെയ്യുന്നത്.
വിദ്യാർഥികളടക്കം ഒട്ടേറെ പേരാണു ഇവിടെ ബസ് കാത്തു നിൽക്കുന്നത്. പുറമേ പൊതു മാർക്കറ്റിൽ സാധനസാമഗ്രികൾ വിൽപ്പന നടത്താനെത്തുന്നവരും മന്ദിരത്തിനു കീഴിലാണ് തമ്പടിച്ചു വ്യാപാരം നടത്തുന്നത്.
കെട്ടിടത്തിനു മുകളിൽ ആൽമരങ്ങളുടെ വേരുകൾ ഇറങ്ങി. ചുമരുകൾ വിണ്ടുകീറിയ നിലയിലുമാണ്.
പലപ്പോഴും മേൽക്കൂരയിൽ നിന്നു കോൺക്രീറ്റു പാളികൾ ഇളകി വീണ് ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്.
മൂന്നാഴ്ച മുൻപു മത്സ്യം വിൽക്കാനെത്തിയ പെരുമാതുറ മര്യനാടു സ്വദേശി കാമിലബീവിയുടെ ദേഹത്തേക്ക് കോൺക്രീറ്റ് പാളി പതിച്ചു തലയിൽ ഉണ്ടായിരുന്ന മീൻ കുട്ടയിൽ കുരുങ്ങി കോൺക്രീറ്റ് പാളി തറയിൽ പതിച്ചതിനാൽ വലിയ അപകടം ഒഴിവായി. ചന്തയിലെ മറ്റു കച്ചവടക്കാർ കച്ചവടം പുറത്തു പാതയോരത്തേക്കു മാറ്റി. ഇതുമൂലം രാവിലെയും വൈകിട്ടും ജംക്ഷനിൽ വലിയ ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്.
60 വർഷം പിന്നിട്ട ഷോപ്പിങ് കോംപ്ലക്സിൽ നാളിതുവരെ അറ്റകുറ്റപ്പണികൾ ചെയ്തിട്ടില്ല.
മാസം തോറും വാടകയിനത്തിൽ വൻതുകയാണു പഞ്ചായത്തിനു വരുമാനമായി ലഭിച്ചുവന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ കെട്ടിടം പൊളിച്ചുമാറ്റിയില്ലെങ്കിൽ വലിയൊരു ദുരന്തം ഉണ്ടാകാൻ ദിവസങ്ങൾ വേണ്ടി വരില്ലെന്നാണു നാട്ടുകാരുടെ പക്ഷം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]