
കടകളിൽ വൻകവർച്ച; മോഷ്ടാക്കൾ ധരിച്ചിരുന്നത് നൈറ്റിയും ചുരിദാറും: സിസിടിവി ക്യാമറകൾ തകർത്തു
ചിറയിൻകീഴ് ∙ അഴൂർ കാറ്റാടിമുക്ക് ജംക്ഷനിൽ ഞായറാഴ്ച രാത്രിയിൽ കടകളിൽ കവർച്ച നടന്നു. ദശപുഷ്പം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന സമൃദ്ധി ബസാർ, സമൃദ്ധി വെജിറ്റബിൾ ഷോപ്പിലുമാണു രാത്രി രണ്ടു മണിയോടെ കവർച്ച അരങ്ങേറിയത്.
രണ്ടു ഔട്ട് ലെറ്റുകളുടേയും പൂട്ടുകൾ തകർത്താണു മോഷ്ടാക്കൾ കടയ്ക്കകത്തു കയറിയത്. സമൃദ്ധി ബസാറിൽ നിന്നും 30,000 രൂപയും തൊട്ടടുത്ത വെജിറ്റബിൾ ഷോപ്പിൽ നിന്നു 10,000രൂപയും മോഷ്ടാക്കൾ അപഹരിച്ചിട്ടുണ്ട്.
ബസാറിനു മുന്നിൽ സ്ഥാപിച്ചിരുന്ന രണ്ടു സിസിടിവി ക്യാമറകൾ അടിച്ചുതകർത്തശേഷമാണു രണ്ടംഗ കവർച്ചസംഘം കടയ്ക്കകത്തു കയറിയത്. മോഷ്ടാക്കളിലൊരാൾ ചുരിദാറും ഒപ്പമുണ്ടായിരുന്ന രണ്ടാമൻ നൈറ്റിയും ധരിച്ചശേഷം ഷാളുകളുപയോഗിച്ചു മുഖങ്ങൾ മറച്ചാണു സ്ഥലത്തെത്തിയതെന്നു സമീപ വീടുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ചിറയിൻകീഴ് പൊലീസിനു ലഭിച്ചിട്ടുണ്ട്.
വിരലടയാള വിദഗ്ദ്ധരടക്കം സ്ഥലത്തെത്തി പ്രാഥമികാന്വേഷണങ്ങൾ പൂർത്തിയാക്കി. കഴിഞ്ഞ ദിവസം രാത്രിയിൽ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു സമാനമായ കവർച്ചകൾ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനു സമീപവും നടന്നിരുന്നു. മൂന്നു കടകളിലാണു പൂട്ടു തല്ലിപ്പൊളിച്ചു മോഷ്ടാക്കൾ കടയ്ക്കകത്തു കയറുകയും രണ്ടുകടകളിൽ നിന്നായി 78,000ത്തോളം രൂപയും കവർന്നു.
മേഖലയിൽ അടുത്ത കാലത്തായി രാത്രികാല മോഷണവും പൂട്ടിയിട്ടിരിക്കുന്ന വീടുകളും കടകളും കേന്ദ്രീകരിച്ചുള്ള കവർച്ചാശ്രമങ്ങളും പെരുകുന്നതായി പരാതി ഉയർന്നിട്ടുണ്ട്. രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യവും റെസിഡന്റ്സ് അസോസിയേഷൻ–സന്നദ്ധ സംഘടന പ്രതിനിധികൾ ഉയർത്തിക്കഴിഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]