
ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രകോപനം സുകാന്തിന്റെ ഫോൺ കോൾ; പ്രതിക്കൊപ്പം മാതാപിതാക്കളും ഒളിവിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്തിന്റെ ഫോൺ കോളിൽ നിന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യ ചെയ്യാൻ ഐബി ഉദ്യോഗസ്ഥയെ പ്രേരിപ്പിച്ചതെന്ന് പൊലീസ്. യുവതിയുടെ മൊബൈൽ ഫോൺ നശിപ്പിക്കപ്പെട്ടതിനാൽ കൂടുതൽ വിവരങ്ങൾ വ്യക്തമല്ലെന്ന് കേസ് അന്വേഷിച്ച ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞു. ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. യുവതി ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ പ്രതി സുകാന്തിന്റെ പങ്കിനെക്കുറിച്ച് അറിയാൻ വൈകിയതാണ് ഇയാളെ പിടികൂടാനാവാതെ പോയത്. കഴിഞ്ഞ 24നുണ്ടായ സംഭവത്തിൽ 27ന് ശേഷമാണ് പ്രതിയെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചത്. അപ്പോഴേക്കും സുകാന്ത് ഒളിവിൽ പോയിരുന്നു.
യുവതിയെ ഇയാൾ ശാരീരിക, സാമ്പത്തിക ചൂഷണം നടത്തിയതായി തെളിവ് ലഭിച്ചിട്ടുണ്ട്. 3 ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ ഇരുവരും തമ്മിൽ നടത്തിയതായുള്ള ബാങ്ക് രേഖകളും ലഭിച്ചു. സുകാന്തിനെതിരെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 2 ടീമുകൾ ഇയാൾക്കായി അന്വേഷണം നടത്തുകയാണ്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യുന്നതിൽ തടസ്സമില്ല. പ്രതിക്കായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുള്ളതിനാൽ വിദേശത്തേക്ക് കടക്കാൻ സാധ്യതയില്ല.
സുകാന്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ ഐപാഡ് , മൊബൈൽ ഫോൺ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ ഓഫിസിൽ നിന്നും യുവതിയുടെ മാതാപിതാക്കളിൽനിന്നും ലഭിച്ച തെളിവുകൾ പ്രതിയുടെ കുറ്റകൃത്യം തെളിയിക്കുന്നതാണ്. യുവതിയെ ഗർഭഛിദ്രത്തിന് കൊണ്ടുപോയതിലും സുകാന്തിനു പങ്കുണ്ടെങ്കിലും ഇയാളെ പിടികൂടി ചോദ്യംചെയ്താലേ കൂടുതൽ വ്യക്തത വരൂ. സുകാന്തിനൊപ്പം മാതാപിതാക്കളും ഒളിവിലാണെന്നും ഡിസിപി പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ചയെന്ന് റിപ്പോർട്ട്
തിരുവനന്തപുരം∙ ഐബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. അന്വേഷണ ചുമതലയിൽനിന്ന് ഒഴിവാകുകയെന്ന ഉദ്ദേശ്യത്തോടെ തെളിവുകൾ ശേഖരിക്കുന്നതിലടക്കം പേട്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മനഃപൂർവം ഉഴപ്പിയെന്നും കണ്ടെത്തി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടും പ്രതിയെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണവും കണക്കിലെടുത്ത് കേസ് അന്വേഷണത്തിന്റെ നിയന്ത്രണം ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ് ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി ഇന്നലെ പേട്ട സ്റ്റേഷനിൽ മാധ്യമങ്ങളെ കണ്ട ഡിസിപി കേസന്വേഷണം വേഗത്തിലാക്കുമെന്ന് അറിയിച്ചു.
യുവതി മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും കേസിലെ പ്രതിയായ നെടുമ്പാശേരി വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥനും മലപ്പുറം എടപ്പാൾ സ്വദേശിയുമായ സുകാന്തിനെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ 24ന് പകൽ ചാക്കയിലെ റെയിൽവേ ട്രാക്കിലാണു യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോണിൽ സംസാരിച്ച് നടന്നുവന്ന യുവതി ട്രെയിനിനു മുന്നിലേക്കു ചാടിയെന്നായിരുന്നു ലോക്കോ പൈലറ്റിന്റെ മൊഴി. യുവതിയുടെ മരണത്തിനു പ്രേരണയായത് സഹപ്രവർത്തകനാണെന്നും ഇതുസംബന്ധിച്ച് യുവതിയുടെ കുടുംബം പരാതി നൽകുമെന്നും സംഭവദിവസം തന്നെ പൊലീസിനു വിവരം ലഭിച്ചിരുന്നു. എന്നാൽ പരാതി ഒൗദ്യോഗികമായി കിട്ടാതെ പ്രാഥമിക അന്വേഷണം പോലും വേണ്ടെന്ന നിലപാടിലായിരുന്നു പൊലീസ്.
യുവതിയുടെ പിതാവ് പരാതി നൽകിയപ്പോഴും ഗൗരവത്തോടെ അന്വേഷണം നടത്താൻ പൊലീസ് തയാറായില്ലെന്നും ആരോപണമുണ്ട്. യുവതിയുടെ മൊബൈൽ ഫോൺ പൂർണമായും തകർന്നതിനാൽ തെളിവുകൾ ലഭ്യമല്ലെന്നു കാട്ടിയാണ് അന്വേഷണത്തിൽ അലംഭാവം കാട്ടിയത്. പിന്നീട് കോൾ ലിസ്റ്റ് പരിശോധനയിൽ അവസാന കോൾ സുകാന്തിന്റേതായിരുന്നുവെന്നു കണ്ടെത്തിയപ്പോഴും ദ്രുതഗതിയിലുള്ള തുടർനടപടികൾ അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. പിന്നീട് യുവതിയുടെ പിതാവ് സ്വന്തം നിലയ്ക്ക് തെളിവുകൾ ഒന്നൊന്നായി കണ്ടെത്തി പൊലീസിനു കൈമാറുകയായിരുന്നു.