
എകെജി സെന്ററിൽ ബേബിക്ക് വരവേൽപ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ സിപിഎം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.എ.ബേബിക്ക് പാർട്ടിയുടെ സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിൽ ആവേശകരമായ സ്വീകരണം. മധുരയിൽ നിന്നു പാർട്ടി കോൺഗ്രസ് കഴിഞ്ഞെത്തിയ അദ്ദേഹത്തെ വരവേൽക്കാൻ നേതാക്കൾക്കൊപ്പം പാർട്ടി പ്രവർത്തകരും പാളയത്തെ ആസ്ഥാനത്തിനു മുന്നിലെത്തിയിരുന്നു.മുദ്രാവാക്യങ്ങളോടെയാണ് പ്രവർത്തകർ പുതിയ നായകനെ സ്വീകരിച്ചത്. ഓഫിസിനു മുന്നിൽ മന്ത്രി വി.ശിവൻകുട്ടി ആലിംഗനം ചെയ്തു ചുവപ്പ് പൂച്ചെണ്ടു നൽകി വരവേറ്റു.
പിന്നാലെ, കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി.ജയരാജൻ ചുവപ്പ് ഷാൾ അണിയിച്ചപ്പോൾ ബേബി പൂച്ചെണ്ട് തിരികെ സമ്മാനിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.വിജയകുമാർ, ജില്ലാ സെക്രട്ടറി വി.ജോയ്, എ.എ.റഹിം എംപി തുടങ്ങിയവരും ഉണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മടങ്ങിയെത്തിയിട്ടില്ല. കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ സംരക്ഷണത്തിന് ഇന്ത്യയിലെ പാർട്ടി ഒന്നാകെ അണിനിരക്കണമെന്നതു പാർട്ടി കോൺഗ്രസിന്റെ തീരുമാനമാണെന്നും തുടർഭരണം ഉറപ്പാക്കുന്നതിനടക്കം പ്രവർത്തകരുടെ മുഴുവൻ ശക്തിയും വിനിയോഗിക്കണമെന്നും എം.എ.ബേബി പറഞ്ഞു.
നവ ഫാഷിസ്റ്റ് പ്രവണത പ്രകടിപ്പിക്കുന്ന കേന്ദ്ര സർക്കാർ മലയാളത്തിലെ ഒരു സിനിമയ്ക്കു നേരെ പോലും ആക്രമണം അഴിച്ചുവിടുകയാണ്. ഇ.ഡിയെ ഉപയോഗിച്ചാണ് ആ സിനിമയിൽ പ്രവർത്തിച്ചവർക്കെതിരെ തുടർ ആക്രമണം. ആർഎസ്എസുകാർ നിയന്ത്രിക്കുന്ന സെൻസർ ബോർഡ് അംഗീകാരം നൽകിയ ശേഷം പ്രദർശിപ്പിച്ച സിനിമയ്ക്കു നേരെയാണ് ഈ ആക്രമണമെന്നും ബേബി പറഞ്ഞു.പിന്നീട്, മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്യുതാനന്ദനെ ബേബി സന്ദർശിച്ചു. പാർട്ടിയുടെ ബാലപാഠങ്ങൾ പഠിച്ചത് വിഎസിൽ നിന്നാണെന്നും അതിനാലാണ് ആദ്യം അദ്ദേഹത്തെ കാണാൻ എത്തിയതെന്നും സന്ദർശനത്തിനു ശേഷം ബേബി പ്രതികരിച്ചു.