പാറശാല ∙ ലക്ഷങ്ങൾ ചെലവിട്ട് പാറശാല പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ച പേപ്പർബാഗ് നിർമാണകേന്ദ്രം സ്തംഭനത്തിൽ. മാസങ്ങൾ മാത്രമേ ഇതു പ്രവർത്തിച്ചുള്ളു.
വൈകാതെ പൂട്ടിപ്പോയ പേപ്പർബാഗ് നിർമാണ കേന്ദ്രത്തിന്റെ പ്രവർത്തനം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. കൊടവിളാകത്ത് 2022ൽ പ്രവർത്തനം ആരംഭിക്കുകയും പിന്നീട് പ്രവർത്തനം നിലയ്ക്കുകയും ചെയ്ത പേപ്പർ ബാഗ് സ്കിൽ ട്രെയിനിങ് സെന്ററിനെ പുനരുജ്ജീവിപ്പിക്കണമെന്നാണ് ആവശ്യം.
സംസ്ഥാനത്ത് പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം ഏർപ്പെടുത്തിയതിനെത്തുടർന്നാണ് പേപ്പർ ബാഗ് നിർമാണ യൂണിറ്റ് തുടങ്ങിയത്. പട്ടികജാതി വിസനത്തിനായുളള പഞ്ചായത്ത് ഫണ്ട് ചെലവിട്ട് വാങ്ങിയ 15 സെന്റ് സ്ഥലത്ത് ഇതിനു വേണ്ടി നിർമ്മിച്ച കെട്ടിടത്തിൽ കുടുംബശ്രീക്കു കീഴിലാണ് പരിശീലന കേന്ദ്രം തുടങ്ങിയത്.
സ്ഥലത്തിനു കെട്ടിടത്തിനും പുറമേ 13 ലക്ഷത്തോളം മുടക്കി പേപ്പർ ബാഗുകളുടെ നിർമാണത്തിനും പ്രിന്റിങ്ങിനുമുളള യന്ത്രോപകരണങ്ങളും വാങ്ങിയിരുന്നു.
കുടുംബശ്രീയിൽപെട്ട പട്ടികജാതി വിഭാഗത്തിലെ സ്ത്രീകൾക്കുളള തൊഴിൽ സംരംഭം എന്ന നിലയ്ക്കാണ് പേപ്പർ നിർമാണ കേന്ദ്രം തുടങ്ങിയത്.
ഓരോ അംഗങ്ങളിൽ നിന്ന് വലിയൊരു തുക പ്രവർത്തന മൂലധനമായി സമാഹരിച്ചു. ഇതിനു പുറമേ 2 ലക്ഷം ബാങ്ക് വായ്പയുമുണ്ട്.
പ്ലാസ്റ്റിക്ക് കവറുകൾക്കു പകരം പേപ്പർ ക്യാരി ബാഗുകളും കവറുകളും ലഭ്യമാക്കുകയും അതുവഴി പ്രവർത്തനലാഭവും പരിസ്ഥിതി സംരക്ഷണവും എന്നതായിരുന്നു ലക്ഷ്യം. സർക്കാർ ആശുപത്രികൾ ഉൾപ്പെടെയുളള സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ കച്ചവടക്കാർ തുടങ്ങിയവരെയായിരുന്നു പ്രധാന ഗുണഭോക്താക്കളായി കണ്ടിരുന്നത്.
വൈവിധ്യമില്ല, മാർക്കറ്റിങ് പാളി, വിൽപനയില്ലാതായി
മെഷിനിൽ കട്ട് ചെയ്ത് കിട്ടുന്ന പേപ്പറിൽ പിടിയുമിട്ട് ഒട്ടിച്ചെടുക്കുന്നതാണ് പേപ്പർബാഗ് നിർമാണ രീതി.
ഒരു ദിവസം 1200 ബാഗുകൾ വരെ ഇത്തരത്തിൽ നിർമിക്കാനാവും. ഒരൊറ്റ സൈസിലുളള പേപ്പർ ബാഗാണ് ഇവിടെ നിർമിച്ചിരുന്നത്.
ഒരെണ്ണത്തിന് 6 രൂപയാണ് ചില്ലറ വിൽപ്പന നിരക്ക്. മൊത്ത വിൽപ്പനയാണെങ്കിൽ 5 രൂപയ്ക്ക് നൽകും.
ഒരു പിടിക്ക് 1.26 രൂപയാണ് വില. പേപ്പറിന്റെയും പിടിയുടെയും പശയുടെയും വില കിഴിച്ച് മോശമല്ലാത്ത ലാഭം ഉണ്ടാകുമെന്നതായിരുന്നു കുടുംബശ്രീയുടെ വാഗ്ദാനം.
എന്നാൽ പ്ലാസ്റ്റിക് നിരോധനം ഫലപ്രദമാകാതെ വരികയും പല സൈസുകളിലുളള ബാഗുകൾ ഇല്ലാതെ പോയതും മാർക്കറ്റിങ് തന്ത്രങ്ങൾ ഏൽക്കാതെ വന്നതും കാരണം മാസങ്ങൾക്കുളളിൽ തന്നെ പേപ്പർ ബാഗ് നിർമാണം നിലച്ചു.
ഒന്നര വർഷത്തെ പ്രവർത്തനത്തിനിടെ പേപ്പർ ബാഗിന് ഓർഡർ ലഭിച്ചത് വെറും 25000 രൂപയിൽ താഴെ മാത്രം. ഇതിനിടെ നിർമാണ കേന്ദ്രത്തിനു ചുറ്റുമതിലും ഗേറ്റുമില്ലാത്തതിനാൽ നിയന്ത്രണമില്ലാതെ വാഹനങ്ങൾ ഇവിടെ കയറിയിറങ്ങി തിരിക്കുന്നതും അതു മൂലമുളള പ്രശ്നങ്ങളും കൂടിയായപ്പോൾ സ്ഥാപനം മുന്നോട്ടു കൊണ്ടു പോകാൻ പറ്റാതായി.
പ്രവർത്തനം നിലച്ചതോടെ ലക്ഷങ്ങൾ മുടക്കി വാങ്ങിക്കൂട്ടിയ യന്ത്രോപകരണങ്ങളും പേപ്പർ റോളും കിടന്നു നശിക്കുന്നു. ഇപ്പോൾ ജോലിയുമില്ല കൊടുത്ത കാശുമില്ല എന്ന അവസ്ഥയിലായി.
ബാങ്കിലെ വായ്പയും പലിശയും ബാധ്യതയുമായി. കേന്ദ്രത്തിലെ സ്ത്രീകൾ ഒരു വർക് ഷെഡും ചുറ്റുമതിലും ഗേറ്റും സ്ഥാപിക്കണമെന്ന് മുൻ പഞ്ചായത്ത് സമിതിയോട് ആവശ്യപ്പെട്ടുവെങ്കിലും നടപടിയുണ്ടായില്ല.
അടിസ്ഥാന സൗകര്യങ്ങൾ ലഭിച്ചാൽ വിവിധ തരം പേപ്പർ ബാഗുകൾ നിർമിച്ച് ലാഭകരമായി പ്രവർത്തിപ്പിക്കാനാകുമെന്ന് പരിശീലന കേന്ദ്രം പ്രസിഡന്റ് ടി.ലളിത പറയുന്നു.
വ്യക്തമായ ആസൂത്രണമില്ലാതെ പൊതുപണം വിനിയോഗിച്ചതിലെ പാളിച്ചയാണ് പേപ്പർ ബാഗ് നിർമാണ കേന്ദ്രത്തിന്റെ തകർച്ചയ്ക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

