പാറശാല∙ തമിഴ്നാട്ടിലെ വിവിധ ക്വാറികളിലേക്ക് പോകുന്ന കൂറ്റൻ ലോറികൾ ഊഴം കാത്തുകിടക്കുന്നതു മൂലം സംസ്ഥാന അതിർത്തിയിൽ എല്ലാ ദിവസവും രാത്രിയിൽ ഉണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയായി മാറുന്നു. കേരളത്തിലെ വിഴിഞ്ഞം തുറമുഖം, ദേശീയപാത നിർമാണം, തിരുവനന്തപുരം– നാഗർകോവിൽ റെയിൽപ്പാതയുടെ ഇരട്ടിപ്പിക്കൽ തുടങ്ങിയ പദ്ധതികൾക്ക് തമിഴ്നാട്ടിൽ നിന്നാണ് പാറ, മെറ്റൽ, എംസാന്റ്, സിമന്റ് തുടങ്ങിയ നിർമാണ വസ്തുക്കൾ എത്തിക്കുന്നത്. ഒട്ടേറെ വലിയ ലോറികളിലും ട്രക്കുകളിലുമായാണ് കന്യാകുമാരി, തിരുനെൽവേലി തുടങ്ങിയ ഭാഗങ്ങളിലെ ക്വാറികളിൽ നിന്ന് ഇവ കൊണ്ടു വരുന്നത്.
എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി രാത്രി 9 മണിക്കു ശേഷമേ ഇത്തരം വാഹനങ്ങൾക്ക് തമിഴ്നാട്ടിൽ പ്രവേശനം അനുവദിക്കുന്നുളളൂ.
അതുകാരണം 9 ആയാലുടൻ ഉളളിലേക്ക് കടക്കാൻ പാകത്തിൽ മുന്നിൽ സ്ഥാനം പിടിക്കുന്നതിനായി ഈ വാഹനങ്ങൾ രാത്രി 8 മണി മുതൽ നിരന്നു തുടങ്ങും. 9 മണിയാകുന്നതോടെ വാഹനനിര കേരളത്തിനുളളിൽ ഒന്നുരണ്ടു കിലോമീറ്റർ നീളമാകും. ചെന്നൈ, ബംഗളുരു, പോണ്ടിച്ചേരി, ട്രിച്ചി, മധുര തുടങ്ങിയ റൂട്ടുകളിലേക്കും അവിടങ്ങളിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുമുളള ദീർഘദൂര ബസുകളിലേറെയും ഇതുവഴി കൂടുതലായി കടന്നുപോകുന്നത് ഈ സമയത്താണ്.
ഇതിനു പുറമേ കെഎസ്ആർടിസിയുടെയും, തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെയും തിരുവനന്തപുരം–നാഗർകോവിൽ ബസുകളും മറ്റു റൂട്ടുകളിലേക്കുളളവയും, സ്വകാര്യ വാഹനങ്ങളും നിറയുന്നതോടെ പൊതുവേ വീതിയില്ലാത്ത പാതയിൽ ആകെ കുരുക്കാകും.
ഇതുമൂലം ആയിരക്കണക്കിന് യാത്രക്കാരാണ് നരകയാതന അനുഭവിക്കുന്നത്. 9 മണിക്ക് പ്രവേശനം അനുവദിച്ചാലും ആകെ കുരുങ്ങിക്കിടക്കുന്ന വാഹനങ്ങൾ അതിർത്തി കടക്കാൻ പിന്നെയും ഒരു മണിക്കൂറാകും.
കടകൾക്കു മുന്നിൽ മണിക്കൂറുകളോളം ഈ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ സ്വകാര്യ വാഹനങ്ങളിൽ സാധനം വാങ്ങാനെത്തുന്നവർക്കും മറ്റും കടകളുടെ മുന്നിൽ നിർത്താനാകാതെ വരുന്നതിനാൽ കച്ചവടം തീരെയുണ്ടാകുന്നില്ലെന്ന് കച്ചവടക്കാർ പരിതപിക്കുന്നു. പലപ്പോഴും ഈ ഭാഗത്തെ വീടുകളിലേക്കു പോലും പ്രവേശിക്കാനാവാത്ത സ്ഥിതിയാവും. ഇരു സംസ്ഥാനങ്ങളും തമ്മിൽ കൂടിയാലോചിച്ച് പ്രശ്നപരിഹാരമുണ്ടാക്കണമെന്നാണ് വ്യാപാരി സംഘടനകളുടെയും നാട്ടുകാരുടെയും ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

