തിരുവനന്തപുരം∙ ഇറാനിയൻ സംവിധായകൻ മുഹമ്മദ് റസൂലോഫ് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ (ഐഎഫ്എഫ്കെ) മത്സര വിഭാഗത്തിന്റെ ജൂറി ചെയർപഴ്സൻ. കഴിഞ്ഞ വർഷത്തെ കാൻ ചലച്ചിത്രമേളയിൽ 4 പുരസ്കാരങ്ങൾ നേടിയ ‘ദ് സീഡ് ഓഫ് ദ് സേക്രഡ് ഫിഗ്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ്.
കാൻ മേളയിൽ ഇതുവരെ 4 ചിത്രങ്ങളിലൂടെ 8 പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ബെർലിൻ മേളയിലെ ഗോൾഡൻ ബെയർ, ഗോവ ചലച്ചിത്രമേളയിലെ സുവർണമയൂരം, ഷിക്കാഗോ ഫെസ്റ്റിവലിലെ സിൽവർ ഹ്യൂഗോ തുടങ്ങിയ രാജ്യാന്തര അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
2025ൽ ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളിലൊരാളായി ടൈം മാഗസിൻ തിരഞ്ഞെടുത്തിരുന്നു. സ്വതന്ത്രമായ ചലച്ചിത്ര പ്രവർത്തനത്തിന്റെ പേരിൽ ഇറാൻ ഭരണകൂടത്തിന്റെ സെൻസർഷിപ്പിനും ശിക്ഷാവിധികൾക്കും ഇരയായ റസൂലോഫ് രാജ്യഭ്രഷ്ടനായി ജർമനിയിലാണ് കഴിയുന്നത്.
അദ്ദേഹത്തിന്റെ ഒരു സിനിമ പോലും ഇതുവരെ ഇറാനിൽ പ്രദർശിപ്പിക്കാനായിട്ടില്ല. 2010ൽ ജാഫർ പനാഹിയോടൊപ്പം ഒരു സിനിമ ചിത്രീകരിക്കുന്നതിനിടെ അറസ്റ്റ് ചെയ്യപ്പെടുകയും 6 വർഷം തടവിനു ശിക്ഷിക്കപ്പെടുകയും ചെയ്തു.
കഴിഞ്ഞ വർഷം ‘ദ് സീഡ് ഓഫ് ദ് സേക്രഡ് ഫിഗ്’ കാൻമേളയുടെ മത്സരവിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 8 വർഷം തടവും ചാട്ടവാറടിയും പിഴയുമാണ് അദ്ദേഹത്തിന് ലഭിച്ച ശിക്ഷ. സ്പാനിഷ് നടി ആൻഗെലാ മോലിന, വിയറ്റ്നാമീസ് സംവിധായകനും എഴുത്തുകാരനുമായ ബുയി താക് ചുയൻ, മലേഷ്യൻ സംവിധായകനായ എഡ്മണ്ട് ഇയോ, ബ്രിട്ടിഷ് ഇന്ത്യൻ സംവിധായിക സന്ധ്യ സൂരി എന്നിവരാണ് മറ്റ് ജൂറി അംഗങ്ങൾ.
എഴുത്തുകാരനും പ്രസാധകനും ഫിലിം പ്രോഗ്രാമറുമായ ക്രിസ്റ്റഫർ സ്മോൾ, ഫിലിം– ടിവി– പോപ് കൾചർ നിരൂപകയും പ്രക്ഷേപകയുമായ അശാന്തി ഓംകാർ, ചലച്ചിത്രനിരൂപകയും കവിയുമായ അപരാജിത പൂജാരി എന്നിവരാണ് ഫിപ്രെസ്കി ജൂറി അംഗങ്ങൾ.സംവിധായകനും എഡിറ്ററും സൗണ്ട് എൻജിനീയറുമായ ഉപാലി ഗാംലത്, സംവിധായികയും നിർമാതാവുമായ സുപ്രിയ സൂരി, ചലച്ചിത്രനിരൂപകയും സാംസ്കാരിക വിമർശകയുമായ ഇഷിത സെൻഗുപ്ത എന്നിവരാണ് നെറ്റ് പാക് ജൂറി അംഗങ്ങൾ. തമിഴ് സംവിധായകൻ കെ.ഹരിഹരനാണ് കെ.ആർ.മോഹനൻ അവാർഡിന്റെ ജൂറി അധ്യക്ഷൻ.
ചലച്ചിത്രനിരൂപകയും വിവർത്തകയുമായ ലതിക പഡ്ഗോൻകർ, നടിയും എഴുത്തുകാരിയുമായ സജിത മഠത്തിൽ എന്നിവരാണ് മറ്റ് അംഗങ്ങൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

