വർക്കല ∙ വിനോദസഞ്ചാരികളെ ആക്രമിക്കുകയും ലൈംഗികമായി അപമാനിക്കുന്നതും പതിവായിട്ടും വർക്കല ബീച്ചിൽ സുരക്ഷ വർധിപ്പിക്കാനുള്ള നടപടികൾ ഇനിയും അകലെ. കഴിഞ്ഞ ദിവസം ഇസ്രയേൽ സ്വദേശിക്കു മർദനമേറ്റ സംഭവമാണ് ഏറ്റവും ഒടുവിലത്തേത്.
ദിനംപ്രതി ആയിരക്കണക്കിനു സഞ്ചാരികൾ എത്തുന്ന, ഏകദേശം 6 കിലോമീറ്റർ ദൂരമുള്ള തീരത്ത് ടൂറിസം പൊലീസ് എന്ന പേരിൽ ഉള്ളത് വിരലിൽ എണ്ണാവുന്നവർ മാത്രം. ഇതിനാൽ തന്നെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ചില ക്രിമിനൽ സംഘങ്ങൾ അടക്കം ഇവിടെ താവളമാക്കുന്നുണ്ട്.
ഏതാനും ആഴ്ച മുൻപ് തമിഴ്നാട് പൊലീസ് നൽകിയ വിവരം അനുസരിച്ചു ബീച്ചിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ക്രിമിനൽ സംഘം റിസോർട്ടിൽ ഒളിവിൽ കഴിയുന്നത് കണ്ടെത്തിയത്.
ഇവർ മോഷണം, തട്ടിപ്പ്, അക്രമം തുടങ്ങിയ വിവിധ കേസുകളിൽ ഉൾപ്പെട്ടു തമിഴ്നാട് പൊലീസ് തിരയുന്ന സംഘമായിരുന്നു.
ലൈംഗികാതിക്രമം പതിവാകുന്നു
അടുത്തകാലത്താണ് ബീച്ച് പരിസരത്ത് ലൈംഗികച്ചുവയോടെ സംസാരിച്ച യുവാവിനെ യുവതി നേരിട്ട സംഭവമുണ്ടായത്.
വിദേശത്ത് സ്ഥിരതാമസമാക്കിയ യുവതി ധൈര്യത്തോടെ ഇയാളെ നേരിടുകയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പൊലീസിനെ ഏൽപിക്കുകയും ചെയ്തു. ഇത്തരം സംഭവം വർധിക്കുന്നത് പൊലീസിനു നാണക്കേടാണ്.
അടുത്തകാലത്തായി വർക്കലയിൽ വിദേശ സഞ്ചാരികൾ ഗണ്യമായി കുറയുകയും ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം വൻതോതിൽ വർധിക്കുകയും ചെയ്തു.
പാപനാശം, ഹെലിപ്പാഡ് എന്നിവിടങ്ങളിൽ ഏതാനും പോയിന്റുകളിൽ ഘടിപ്പിച്ച നിരീക്ഷണ ക്യാമറകളെല്ലാം നശിച്ചു. ഇതോടെ ഒരു കുറ്റകൃത്യം നടന്നാൽ അതു പരിശോധിക്കാനുള്ള സംവിധാനം ഇല്ലാതായി.
കുറ്റകൃത്യങ്ങൾ പൊലീസ് അറിയുന്നത് ഏറെ വൈകിയാണ്. ലഹരിയിൽ അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാതെ പോകുന്നുണ്ട്.
മൂന്നോ നാലോ പൊലീസുകാരെ മാത്രം നിയോഗിച്ചു വിശാലമായ തീരവും അതിലേക്ക് എത്തിച്ചേരുന്ന സഞ്ചാരികളെയും നിരീക്ഷിക്കുക എളുപ്പമല്ല. രഹസ്യനിരീക്ഷണവും ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്നെത്താൻ സാധ്യതയുള്ള ക്രിമിനൽ സംഘത്തെയും കൃത്യമായി കണ്ടെത്തേണ്ടതുണ്ട്.
മർദനം; വിദേശിയെ നിരീക്ഷണത്തിലാക്കി
തീരം സന്ദർശിക്കവേ മോഷ്ടാവെന്ന് ആരോപിച്ചു മർദിച്ച സംഭവത്തിൽ ഇസ്രയേൽ സ്വദേശി സായാറ്റ്സ് സാഗിയെ (ടോണി–46) പേരൂർക്കട
മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. മാനസിക പ്രശ്നങ്ങളുണ്ടോ എന്ന നിരീക്ഷിക്കാൻ വേണ്ടിയാണ് മാറ്റിയതെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം രാവിലെ ബീച്ചിൽ അഡ്വഞ്ചർ വാട്ടർ സ്പോർട്സ് സ്ഥാപനത്തിലെ ജീവനക്കാരിലൊരാൾ വിദേശിയെ മർദിച്ചത്. ഇടതു കണ്ണിനു പരുക്കേറ്റ സായാറ്റ്സ് സാഗി ചികിത്സ തേടി.
എന്നാൽ പൊലീസിന്റെ ചോദ്യങ്ങളോട് ഇയാൾ പരസ്പരവിരുദ്ധമായ രീതിയിൽ സംസാരിക്കുന്നത് കണക്കിലെടുത്താണ് നടപടി.
വിദേശിയെ മർദിച്ചതിനു തമിഴ്നാട് സ്വദേശി നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. രണ്ടു ദിവസം മുൻപ് വർക്കലയിൽ എത്തിയ സായാറ്റ്സ് സാഗി നേരത്തെയും ചിലരുമായി വാക്കേറ്റവും പ്രശ്നങ്ങളും ഉണ്ടാക്കിയെന്ന വിവരവും ലഭിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]