തിരുവനന്തപുരം∙ ശൈത്യകാല ഷെഡ്യൂളിൽ കേരളത്തിൽ നിന്നുള്ള വിമാനസർവീസുകളിൽ താൽക്കാലിക വെട്ടിക്കുറവ് മാത്രമാണു വരുത്തിയതെന്നും പലതും തിരിച്ചുകൊണ്ടുവരുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനൽകി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. 2025 ഒക്ടോബർ അവസാനം മുതൽ 2026 മാർച്ച് 26 വരെ നീളുന്ന ശൈത്യകാല ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസ് കേരളത്തിൽ നിന്നുള്ള വിമാന സർവീസുകളിൽ ഗണ്യമായ കുറവു വരുത്തിയതു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതികരണം.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ആഴ്ചയിൽ 42 വിമാന സർവീസുകളുടെ കുറവുണ്ട്.
കോഴിക്കോടും കൊച്ചിയിലും നിന്നുള്ള വിമാനങ്ങളുടെ എണ്ണത്തിലും കുറവു വരുത്തി. കണ്ണൂർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിന്നുള്ള റദ്ദാക്കിയ വിമാനങ്ങൾ പുനഃസ്ഥാപിക്കണമെന്നും കേരളത്തിൽ വേരുകളുള്ള ദേശീയ വിമാനക്കമ്പനി എന്ന നിലയിൽ എയർ ഇന്ത്യ എക്സ്പ്രസ് സംസ്ഥാനത്തോടു വിവേചനം കാണിക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ശൈത്യകാലങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വർധിച്ച ആവശ്യം പരിഗണിച്ചാണു ഷെഡ്യൂളുകളുടെ എണ്ണത്തിൽ വ്യത്യാസം വരുത്തിയതെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു.
2026ൽ കേരളത്തിലേക്കുള്ള രാജ്യാന്തര സർവീസുകളുടെ എണ്ണം 231 ആയും ആഭ്യന്തര സർവീസുകളുടെ എണ്ണം 245 ആയും വർധിപ്പിക്കും.
ഇതോടെ ശൈത്യകാലത്തിൽ വരുത്തിയ കുറവ് പരിഹരിക്കപ്പെടും. ഫുജൈറ, മദീന, മാലി, സിംഗപ്പൂർ, ലണ്ടൻ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കു പുതിയ സർവീസുകൾ തുടങ്ങും.
ബെംഗളൂരു വഴിയോ, സിംഗപ്പൂർ വഴിയോ ഓസ്ട്രേലിയ, ജപ്പാൻ സർവീസ് ആരംഭിക്കുന്ന കാര്യവും പരിഗണിക്കും. തിരുവനന്തപുരത്തിനും ഡൽഹിക്കും ഇടയിൽ ബിസിനസ് ക്ലാസുള്ള വിമാനം പരിഗണിക്കുമെന്നും അറിയിച്ചു.
തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട
പ്രശ്നങ്ങൾ എയർപോർട്ട് അധികാരികളുമായി ചർച്ച ചെയ്തു പരിഹരിക്കുന്നതിന് അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ ചുമതലപ്പെടുത്തി. കണ്ണൂർ വിമാനത്താവള അധികൃതരുമായി വിശദമായ ചർച്ച കൊച്ചിയിൽ നടക്കും. യോഗത്തിൽ കെ.ആർ.ജ്യോതിലാൽ, എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാൻ നിപുൻ അഗർവാൾ, എംഡി അലോക് സിങ്, വൈസ് പ്രസിഡന്റ് അഭിഷേക് ഗാർഗ്, അസോഷ്യേറ്റ് വൈസ് പ്രസിഡന്റ് പി.ജി.പ്രഗീഷ് തുടങ്ങിയവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]