കല്ലമ്പലം ∙ ദേശീയപാതയിൽ കടമ്പാട്ടുകോണത്തിനും ആലംകോടിനും ഇടയിൽ ഹൈ റിസ്ക് മേഖലയായ തോട്ടക്കാട് മേഖലയിൽ വീണ്ടും ഒരു ജീവനെടുത്ത് അപകടം. മകനെ കാറിൽ ട്യൂഷന് കൊണ്ടു പോകുമ്പോൾ ലോറി ഇടിച്ചാണ് മാതാവ് മരിച്ചത്. അപകടങ്ങളിൽ ഒട്ടേറെ ജീവനുകൾ പൊലിഞ്ഞ മേഖലയിൽ നാലുവരി പാതയാണ് സുരക്ഷിതം എന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടും നടപടിയില്ല.
ലൈറ്റുകൾ സ്ഥാപിച്ച് സമീപത്തെ കുന്നിടിച്ച് നിരപ്പാക്കി എങ്കിലും റോഡ് വീതി കൂട്ടണം എന്ന ആവശ്യം പരിഗണിച്ചിട്ടില്ല. മണമ്പൂർ മുതൽ മാമം വരെ ബൈ പാസ് റോഡ് വരുന്നതിനാൽ അതിനിടയിലുള്ള തോട്ടയ്ക്കാട് ഉൾപ്പെടെയുള്ള ദേശീയപാത വികസനം സ്തംഭിച്ച മട്ടിലാണ്.
എന്നാൽ ഏറ്റവും കൂടുതൽ ഹൈ റിസ്ക് മേഖലകൾ ഇവിടെയാണുള്ളത്. തോട്ടയ്ക്കാടിനും കടുവയിൽ പള്ളിക്കും ഇടയിൽ ഒരാഴ്ചയ്ക്ക് ഇടയിൽ നാല് അപകടങ്ങൾ നടന്നു.
കാറുകൾ കൂട്ടിയിടിച്ച് 6 പേർക്ക് പരുക്കേറ്റത് കൂടാതെ ലോറിയും കാറും കൂട്ടിയിടിച്ച് വയോധികന്റെ കാൽ ഒടിഞ്ഞു.
മൂന്ന് ദിവസം മുൻപ് ഇതേ സ്ഥലത്ത് പാൽ വാഹനം മറിഞ്ഞ് ഡ്രൈവർക്ക് പരുക്കേറ്റു. വളവും തിരിവും കയറ്റവും ഇറക്കവും ഉള്ള റോഡിൽ വാഹനങ്ങളുടെ ബാഹുല്യം കൊണ്ട് തിക്കും തിരക്കുമാണ് ഏത് സമയത്തും.
അമിത വേഗവും നിയന്ത്രണങ്ങൾ പാലിക്കാതെയുള്ള മറികടക്കലും നിർബാധം നടക്കുന്നതായി പൊലീസും വിലയിരുത്തുന്നു. ആഴാംകോണം മുതൽ പൂവൻപാറ വരെ നാലു വരി ആക്കണം എന്ന ആവശ്യമാണ് നാട്ടുകാരും വ്യാപാരികളും മുന്നോട്ടുവയ്ക്കുന്നത്. നിയമപാലകർ അധികം ശ്രദ്ധിക്കാത്ത വിജനമായ മേഖല ആയതിനാൽ നിയമ ലംഘനങ്ങളുടെ പരമ്പര തന്നെ ഇവിടെ നടക്കുന്നതായാണ് ആവർത്തിക്കുന്ന അപകടങ്ങൾ തെളിയിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]