തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ സമാപനം കുറിച്ചുള്ള സാംസ്കാരിക ഘോഷയാത്ര ചൊവ്വാഴ്ച വെള്ളയമ്പലത്തു നിന്ന് ആരംഭിച്ച് കിഴക്കേകോട്ടയിൽ അവസാനിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് 4ന് വെള്ളയമ്പലത്തെ മാനവീയം വീഥിയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ഫ്ലാഗ് ഓഫ് ചെയ്യും.
ഘോഷയാത്രയുടെ വരവ് അറിയിച്ചുകൊണ്ട് 51 കലാകരന്മാർ ശംഖനാദം മുഴക്കും. തുടർന്ന് വാദ്യോപകരണമായ കൊമ്പ്, ടൂറിസം മന്ത്രി പി.എ.
മുഹമ്മദ് റിയാസ് മുഖ്യ കലാകാരന് കൈമാറിക്കൊണ്ട് സാംസ്കാരിക ഘോഷയാത്രയുടെ താളമേളങ്ങൾക്ക് തുടക്കം കുറിക്കും.
ആയിരത്തിൽപരം കലാകാരന്മാർ അവതരിപ്പിക്കുന്ന സാംസ്കാരിക കലാരൂപങ്ങളുടെ അകമ്പടിയോടെ അറുപതോളം ഫ്ളോട്ടുകളും ഘോഷയാത്രയിൽ അണിനിരക്കും. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ചിത്രീകരിച്ചുകൊണ്ട് വിവിധ വകുപ്പുകൾ തയാറാക്കുന്ന അറുപതോളം ഫ്ലോട്ടുകൾ ഘോഷയാത്രയുടെ പ്രത്യേകതയാണ്.
കൂടാതെ 91 ദൃശ്യ-ശ്രവ്യ കലാരൂപങ്ങളും കരസേനനയുടെ ബാൻഡ് സംഘവും ഘോഷയാത്രയ്ക്ക് നിറവേകും. ‘നാനാത്വത്തിൽ ഏകത്വം’ എന്ന പ്രമേയം മുൻനിർത്തി ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള ഗ്രാമീണ കലാരൂപങ്ങളും ഘോഷയാത്രയിൽ ഒത്തുചേരും.
കേരളീയ പൈതൃകവും, സിനിമയും, സാഹിത്യവും, സ്ത്രീശാക്തീകരണവും, സ്ത്രീ സുരക്ഷയും, ആരോഗ്യശീലങ്ങളും, ശാസ്ത്ര സാങ്കേതിക വിദ്യയും, വിവിധ തരത്തിലുള്ള ജീവ സുരക്ഷാ സന്ദേശങ്ങളും ഫ്ലോട്ടുകളുടെ വിഷയങ്ങളായി അവതരിപ്പിക്കപ്പെടും.
കാണികളിൽ വിജ്ഞാനവും വിസ്മയവും കൗതുകവുമുണർത്തുന്നതുമായ ഈ സാംസ്കാരിക ഘോഷയാത്ര ഒരു പോയിന്റ് കടക്കാൻ ഉദ്ദേശം ഒന്നര മണിക്കൂർ വേണ്ടിവരുമെന്ന് കണക്കാക്കുന്നു. ആനുകാലിക പ്രാധാന്യമുള്ളതും കഴിയുന്നത്ര കൃത്രിമത്വം ഒഴിവാക്കിയുള്ളതുമായ ഫ്ലോട്ടുകളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് ഫ്ലോട്ടുകൾ വിഭാവനം ചെയ്തിരിക്കുന്നത്. പബ്ലിക് ലൈബ്രറിക്ക് മുന്നിൽ ഘോഷയാത്ര വീക്ഷിക്കുന്നതിന് ഒരുക്കിയിട്ടുള്ള വിവിഐപി പവലിയന് മുന്നിലും യൂണിവേഴ്സിറ്റി കോളജിന് മുൻവശത്തെ വിഐപി പവലിയന് മുന്നിലും മ്യൂസിയം ഗേറ്റിന് സമീപത്തെ പ്രത്യേക സ്റ്റേജിലും കലാരൂപങ്ങൾ അവതരിപ്പിക്കും.
ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, വിശിഷ്ടവ്യക്തികൾ, സാംസ്കാരിക നായകന്മാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ ഘോഷയാത്ര വീക്ഷിക്കാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടാതെ വിദേശ വിനോദ സഞ്ചാരികൾക്ക് ഘോഷയാത്ര വീക്ഷിക്കുന്നതിനായി വിവിഐപി പവലിയനു സമീപമായി പ്രത്യേക പവലിയനും ഒരുക്കും. ഉച്ചയ്ക്ക് ശേഷം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെങ്കിലും കാണികളായി എത്തുന്നവർക്ക് ഘോഷയാത്ര വീക്ഷിക്കുന്നതിനു വേണ്ടി ക്രമീകരണം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]