
തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട ചില സഹകരണസംഘങ്ങളിൽ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടവർക്ക് രാഷ്ട്രീയ നേതൃത്വങ്ങളുടെ മറുപടി ആരോപണ–പ്രത്യാരോപണങ്ങൾ മാത്രം.സ്വന്തം പാർട്ടി ഭരിച്ച ബാങ്കിൽ പണം നഷ്ടപ്പെട്ടവരോട് മറുപടി ഇല്ലാതെ എതിർപാർട്ടി ഭരിച്ച ബാങ്കിനു മുന്നിൽ സമരം ചെയ്യുന്ന നേതാക്കൾ.
പണം നഷ്ടപ്പെട്ടവർക്കു മുന്നിൽ അരങ്ങേറുന്നത് പലതരം നാടകങ്ങൾ. കണ്ടല സർവീസ് സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചവരിൽ ചിലരുടെ അനുഭവങ്ങൾ…
കാൻസർ രോഗ ശസ്ത്രക്രിയയ്ക്കു പണം ചോദിച്ചു, കൈമലർത്തി…
സൈനിക സേവനത്തിനിടെ വാഹനാപകടത്തിൽ മരിച്ച ഇളയ മകൻ എസ്.എസ്.വൈശാഖിന്റെ ഗ്രൂപ്പ് ഇൻഷുറൻസ് തുകയുൾപ്പെടെ 21 ലക്ഷം രൂപയാണ് 2012ൽ ബാങ്കിൽ നിക്ഷേപിച്ചത്.
അടുത്ത ബന്ധു കൂടിയായ അന്നത്തെ ബാങ്ക് സെക്രട്ടറിയുടെ പ്രേരണയാലാണ് വിശ്വസിച്ച് പണം നൽകിയത്. കാൻസർ രോഗിയാണ് ഞാൻ.
ഇതിനകം 4 ശസ്ത്രക്രിയകൾ നടത്തി. രോഗവുമായി മല്ലിടുന്ന വേളയിൽ ശസ്ത്രക്രിയ നടത്തുന്നതിനായി പല വട്ടം ബാങ്കിലെത്തി, പണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
അവർ കൈമലർത്തിയതോടെ കടം വാങ്ങിയാണ് 2015 ലും പിറ്റേ വർഷവുമായി ശസ്ത്രക്രിയകൾ നടത്തിയത്.
സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. ശസ്ത്രക്രിയയ്ക്കു ശേഷം ചെക്കപ്പിനായി ഓരോ തവണ ആശുപത്രിയിലേക്ക് പോകുമ്പോഴും സ്കാനിങ്ങിനും മറ്റുമായി 15,000 രൂപ വീതമാണ് ചെലവാകുന്നത്.
ഇതിനു പോലും പണമില്ലാത്ത സ്ഥിതിയാണ്. വിദഗ്ധ ചികിത്സയ്ക്കായി 2022ൽ 10 ലക്ഷം രൂപ അടിയന്തരമായി നൽകണമെന്ന് അഭ്യർഥിച്ച് വീണ്ടും ബാങ്കിലെത്തിയപ്പോൾ പണമില്ലെന്നും കിട്ടുമ്പോൾ തരാമെന്നുമായിരുന്നു മറുപടി.
സഹികെട്ട ഞാൻ 3 ദിവസം ബാങ്കിനു മുന്നിൽ ഒറ്റയ്ക്ക് സത്യാഗ്രഹമിരുന്നു.
എന്നിട്ടും ബാങ്ക് അധികൃതർ കനിഞ്ഞില്ല. കർഷകനായ ഞാൻ രണ്ടര വർഷമായി സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുകയാണ്.
വല്ലപ്പോഴും ബാങ്കിൽ നിന്ന് ആയിരമോ, രണ്ടായിരമോ കിട്ടും.
‘മകളുടെ വിവാഹത്തിന് ആഭരണം വാങ്ങാൻ കൈനീട്ടി, ആട്ടിപ്പായിച്ചു….’
‘ഇളയ മകളുടെ വിവാഹം നടത്താൻ പണമില്ലാതെ വന്നപ്പോഴാണ് ബാങ്കിലെ നിക്ഷേപ തുകയിൽ നിന്ന് 10 ലക്ഷം രൂപ പിൻവലിക്കാൻ തീരുമാനിച്ചത്. ആഭരണം വാങ്ങാൻ പോലും കാശില്ലായിരുന്നു.
ഫണ്ട് ഇല്ലെന്നായിരുന്നു ബാങ്കിലെ ഉദ്യോഗസ്ഥരുടെ മറുപടി. ചിട്ടി പിടിച്ച തുകയും, പെൻഷൻ കിട്ടിയതും സ്വരുക്കൂട്ടി വച്ചിരുന്ന പണവും ഉൾപ്പെടെ 14 ലക്ഷം രൂപയാണ് ബാങ്കിൽ നിക്ഷേപിച്ചത്.
കാശു കിട്ടാൻ എത്ര തവണ ബാങ്കിൽ കയറിയിറങ്ങിയെന്നും അറിയില്ല. കാശില്ല, പോകാൻ പറഞ്ഞ് ആട്ടിപ്പായിക്കുകയാണ് ജീവനക്കാർ ചെയ്തത്.
ഞാൻ അധ്വാനിച്ചുണ്ടാക്കിയ കാശ് തിരികെ ചോദിച്ചതിനാണ് മനുഷ്യത്വമില്ലാത്ത ഈ പെരുമാറ്റം.
അന്നത്തെ പ്രസിഡന്റിനോട് കാര്യങ്ങൾ ബോധിപ്പിച്ചപ്പോൾ 1 ലക്ഷം രൂപ മാത്രം നൽകി. ഞാനും പ്രസിഡന്റുമായി വാക്കേറ്റമുണ്ടായി.
പൊലീസ് കേസെടുത്തതോടെ ബാങ്ക് അധികൃതരുടെ വിരോധം കൂടി. കാശിനായി ബാങ്കിലെത്തിയപ്പോൾ പൊലീസ് സ്റ്റേഷനിൽ പോയി പണം വാങ്ങാനായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞത്.
വിവാഹം അടുക്കുന്ന വേളയിൽ പണമില്ലാതെ ഞാൻ മുട്ടാത്ത വാതിലുകളില്ല. എല്ലായിടത്തും അവഗണനയായിരുന്നു.
ദേശസാൽകൃത ബാങ്കിൽ നിന്ന് 8 ലക്ഷം രൂപ വായ്പയെടുത്താണ് മകൾക്ക് ആഭരണം വാങ്ങിയതും വിവാഹം നടത്തിയതും. ബന്ധുക്കളിൽ ചിലരും സഹായിച്ചു.
ബാങ്കിൽ നിന്നു കിട്ടാനുള്ള തുക എന്നു തരുമെന്ന് അറിയില്ല. വിമുക്തഭടനാണ് ഞാൻ.
പ്രായമായതിനാൽ നടക്കാൻ ബുദ്ധിമുട്ടുണ്ട്. ചികിത്സയ്ക്കും പണമില്ല.
‘ഭാര്യയുടെ ചികിത്സയ്ക്ക് പണം ചോദിച്ചു, തന്നില്ല; 8 മാസം മുൻപ് അവൾ മരിച്ചു..
അന്ന് പണം തന്നിരുന്നെങ്കിൽ….’
‘ഭാര്യ പി.രാജമ്മയ്ക്ക് ഹൃദ് രോഗ ചികിത്സയ്ക്കായി 1 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ട് രണ്ടു വർഷം ഞാൻ ബാങ്കിൽ കയറിയിറങ്ങി. ആരും എന്റെ പ്രശ്നങ്ങൾ കേൾക്കാൻ തയാറായില്ല.
ബാങ്ക് മാനേജർക്കും കൺവീനർക്കും കത്തു നൽകി. എല്ലാവരും കത്തു നൽകുന്നുണ്ട്, പക്ഷേ പണമില്ലാത്തതിനാൽ എങ്ങനെ നൽകുമെന്ന ചോദ്യവുമായിട്ടാണ് ബാങ്ക് അധികൃതർ എന്നെ നേരിട്ടത്.
ഭാര്യയെ ചികിത്സിക്കാൻ കാശില്ലാതെ വളരെ ബുദ്ധിമുട്ടി.
കടം വാങ്ങിയാണ് ചികിത്സ നടത്തിയത്. നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ടപ്പോൾ എനിക്കുണ്ടായ ഗതി ആർക്കും ഉണ്ടാകരുതേ എന്നാണു പ്രാർഥന.
മതിയായ ചികിത്സ കിട്ടിയിരുന്നെങ്കിൽ എന്റെ ഭാര്യ കുറച്ചു നാൾ കൂടി ജീവിച്ചിരിക്കുമായിരുന്നു. എനിക്ക് 4 മക്കളാണുള്ളത്.
നിർമാണ കമ്പനിയിലായിരുന്നു ഞാൻ. ആകെയുള്ള സമ്പാദ്യമായ 3.24 ലക്ഷം രൂപയാണ് 2019ൽ ബാങ്കിൽ നിക്ഷേപിച്ചത്.
വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലാണിപ്പോൾ. മാസത്തിൽ 2 തവണ ഡോക്ടറെ കാണണം.
ഒരു മാസം കുറഞ്ഞത് 10,000 രൂപ വേണം. എങ്ങനെ ചികിത്സ നടത്തുമെന്നറിയില്ല….’ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]