
വിതുര∙ 5 വർഷത്തിനിടെ 100 പാലങ്ങൾ യാഥാർഥ്യമാക്കുകയെന്ന ലക്ഷ്യമാണ് രണ്ടാം പിണറായി വിജയൻ സർക്കാർ ഏറ്റെടുത്തതെന്നും 4 വർഷം കൊണ്ട് തന്നെ പുതിയ പാലങ്ങളുടെ എണ്ണം നൂറ് പിന്നിട്ടെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഈ സർക്കാരിന്റെ കാലാവധി തീരുമ്പോൾ സംസ്ഥാനത്താകെ 150 പുതിയ പാലങ്ങൾ യാഥാർഥ്യാമാകുമെന്ന് മന്ത്രി പറഞ്ഞു.
അരുവിക്കര മണ്ഡലത്തിലെ പൊന്നാംചുണ്ട്, ചിറ്റാർ, പന്നിക്കുഴി പാലങ്ങളുടെ നിർമാണോദ്ഘാടനം വിതുരയിൽ നിർഹിക്കുകയായിരുന്നു അദ്ദേഹം.
250 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഇക്കഴിഞ്ഞ 4 വർഷത്തിനിടെ പൊതു മരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ അരുവിക്കര മണ്ഡലത്തിൽ നടത്തിയത്. മണ്ഡലത്തിലെ 50 കിലോ മീറ്റർ ദൂരം ബിഎംബിസി നിലവാരത്തിൽ നവീകരിച്ചു കഴിഞ്ഞു.
നവീകരണത്തിനായി ഓരോ കിലോ മീറ്ററിനും അൻപത് ലക്ഷം വച്ച് ആകെ 25 കോടി ചെലവാക്കിയെന്നും മന്ത്രി പറഞ്ഞു.
ജി.സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പിഡബ്ല്യൂഡി ബ്രിഡ്ജ് വിഭാഗം ചീഫ് എൻജിനീയർ ഹൈജീൻ ആൽബർട്ട്, സൂപ്രണ്ടിങ് എൻജിനീയർ ഷിജി കരുണാകരൻ, ജില്ലാ പഞ്ചായത്ത് അംഗം എ.മിനി, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണ കുമാരി, അംഗം എൽ.ശ്രീലത, പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി.ആനന്ദ്, വൈസ് പ്രസിഡന്റ് ബി.എസ്.സന്ധ്യ, സ്ഥിരം സമിതി അധ്യക്ഷന്മാരായ മേമല വിജയൻ, നീതു രാജീവ്, അംഗം കെ.എസ്.രവി കുമാർ, എസ്.സഞ്ജയൻ, കെ.വിജയ കുമാർ, പി.എസ്.മധു, എം.എസ്.റഷീദ്, ഇ.എം.നസീർ എന്നിവർ പ്രസംഗിച്ചു.
3 പാലങ്ങൾക്കും കൂടി 24.20 കോടി രൂപ
വിതുര∙ മൂന്ന് പാലങ്ങൾക്കും കൂടി 24.20 കോടി രൂപയാണ് വിനിയോഗിക്കുന്നത്.
ഒരു പഞ്ചായത്തിനുള്ളിലെ മൂന്ന് പാലങ്ങളുടെ നിർമാണോദ്ഘാടനം ഒരു ദിവസം തന്നെ നടക്കുന്നത് അപൂർവമാണ്. വാമനപുരം നദിയ്ക്ക് കുറുകെയുള്ള പൊന്നാംചുണ്ട് പാലം നിർമാണത്തിന് 9.45 കോടി രൂപയാണ് ചെലവാക്കുന്നത്.61.6 മീറ്റർ നീളത്തിൽ 3 സ്പാൻ പാലം ആയും 44.48 മീറ്റർ നീളത്തിൽ ബോക്സ് കൾവർട്ട് ആയിട്ടുമാണ് പാലം നിർമാണം.
പാലത്തിന്റെ ആകെ നീളം 106 മീറ്റർ ആണ്. ഈ പാലത്തിന് 11 മീറ്റർ വീതിയും ഇരുവശങ്ങളിലുമായി 600 മീറ്റർ നീളത്തിൽ അനുബന്ധ റോഡും നിർമിക്കും.പൊന്മുടി സംസ്ഥാന ഹൈവേയിലെ ചിറ്റാർ പാലം നിർമിക്കാൻ 8.70 കോടി രൂപയാണ് ചെലവാക്കുന്നത്.
പാലത്തിന് ഇരുവശത്തും ഫുട്പാത്ത് ഉള്ള രീതിയിൽ 75.9 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും മൂന്ന് സ്പാനോട് കൂടി പുനർ നിർമിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. പാലത്തിന്റെ ഇരുവശങ്ങളിലും നിലവിലുള്ള റോഡുമായി ബന്ധിപ്പിക്കാൻ 100 മീറ്റർ വീതം നീളമുള്ള അനുബന്ധ റോഡും ഉണ്ടാകും. വിതുര പഞ്ചായത്തിലെ പട്ടംകുളിച്ചപ്പാറയെയും ആര്യനാട് പഞ്ചായത്തിലെ മീനാങ്കലിനെയും ബന്ധിപ്പിക്കുന്ന പന്നിക്കുഴി പാലത്തിനായി 5.50 കോടി രൂപ ചെലവാക്കും. പാലത്തിന് ഇരുവശങ്ങളിലും ഫുട്പാത്തുള്ള രീതിയിൽ 65.49 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും മൂന്ന് സ്പാനോട് കൂടിയാണ് നിർമാണം.ഇരു വശങ്ങളിലുമായി നിലവിലുള്ള റോഡുമായി ബന്ധിപ്പിക്കുന്നതിന് 250 മീറ്റർ നീളമുള്ള അനുബന്ധ റോഡും ഉണ്ടാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]