
നാടു കീഴടക്കി തെരുവുനായ്ക്കൾ; കടലാസിലൊതുങ്ങി പദ്ധതികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് കോർപറേഷനും ജില്ലാ പഞ്ചായത്തും പ്രഖ്യാപിച്ച പദ്ധതികളെല്ലാം കടലാസിൽ. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിവന്ന തെരുവുനായ വന്ധ്യംകരണ ശസ്ത്രക്രിയ പൂർണമായി നിർത്തലാക്കി. വന്ധ്യംകരണം, പേവിഷ പ്രതിരോധ കുത്തിവയ്പ് എന്നിവയ്ക്കായി കോർപറേഷൻ അര കോടിയിലേറെ രൂപ പ്രതിവർഷം ചെലവഴിച്ചിട്ടും നഗരം തെരുവു നായ്ക്കളുടെ പിടിയിൽ തന്നെ.
ജില്ലാ പഞ്ചായത്തിൽ
കരുംകുളത്ത് കടൽത്തീരത്ത് ഉറങ്ങുകയായിരുന്ന ആളെ തെരുവുനായ കടിച്ചു കൊന്ന ശേഷമാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തെരുവു നായ വന്ധ്യംകരണത്തിനുള്ള പദ്ധതി തയാറാക്കിയത്. രണ്ടു വർഷത്തോളം പദ്ധതി മുന്നോട്ടു പോയെങ്കിലും കുടുംബശ്രീക്ക് അനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരം ഇല്ലെന്ന വാദം ഉയർന്നതോടെ പദ്ധതി പൂർണമായി നിലച്ചിരിക്കുകയാണ് ഇപ്പോൾ.
കോർപറേഷനിൽ
നഗര പരിധിയിലെ പൊതു സ്ഥലങ്ങൾ, ആശുപത്രി പരിസരം തുടങ്ങി നഗരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളും തെരുവു നായ്ക്കൾ കയ്യടക്കിയിരിക്കുകയാണ്. കോർപറേഷനു കീഴിലെ തിരുവല്ലം, പേട്ട മൃഗാശുപത്രികളിലാണു വന്ധ്യംകരണത്തിനു സൗകര്യമുണ്ടായിരുന്നത്. വണ്ടിത്തടത്ത് അത്യാധുനിക സൗകര്യങ്ങളോടെ മൃഗാശുപത്രി നിർമിക്കാനായി ഇവിടത്തെ ചികിത്സ പൂർണമായി നിർത്തി. പേട്ടയിൽ പേരിന് മാത്രമാണു ശസ്ത്രക്രിയ നടത്തുന്നത്. നായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ സൗജന്യമായി നൽകാൻ സന്നദ്ധ സംഘടന തയാറായെങ്കിലും ഭരണസമിതിയുമായുള്ള അഭിപ്രായ ഭിന്നത കാരണം അവരും പിൻവാങ്ങി.
പ്രതിവർഷം ചെലവിടുന്നത് അരക്കോടിയിലേറെ രൂപ
അനിമൽ ബർത്ത് കൺട്രോൾ (എബിസി) പദ്ധതിക്കായി 2020– 2021 സാമ്പത്തിക വർഷം മുതൽ 2023– 2024 വരെ 2.42 കോടിയും വാക്സിനേഷനു വേണ്ടി 44.40 ലക്ഷവും കോർപറേഷൻ വകയിരുത്തി. ഇതിൽ ശസ്ത്രക്രിയയ്ക്ക് 2.21 കോടിയും വാക്സിനേഷന് 33.26 ലക്ഷവും ചെലവാക്കിയെന്നാണു കണക്ക്. എന്നാൽ ചെലവാക്കിയ തുക ഉപയോഗിച്ച് 9695 നായ്ക്കളെ വന്ധ്യംകരണത്തിനു വിധേയമാക്കാമായിരുന്നു. എങ്കിലും പണം എന്തിന് ചെലവഴിച്ചു എന്നതിന് കണക്കില്ല. റാബിസ് ഫ്രീ തിരുവനന്തപുരം പദ്ധതിയുടെ ഭാഗമായി സൗജന്യ വാക്സിനേഷൻ നൽകാമെന്ന വാഗ്ദാനവുമായി കംപാഷൻ ഫോർ അനിമൽ വെൽഫെയർ അസോസിയേഷൻ (കാവാ) എന്ന സംഘടന രംഗത്തെത്തി. 2023 ജൂലൈ മുതൽ ഡിസംബർ വരെ 3236 നായ്ക്കൾക്ക് വാക്സിനേഷൻ നൽകി.
ഭരണസമിതിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് കാവയെ പദ്ധതിയിൽ നിന്നൊഴിവാക്കി. കോർപറേഷനിൽ ഡോഗ് കൺട്രോൾ സെല്ലും രൂപീകരിച്ചിട്ടില്ല. വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ നായ്ക്കളെ തിരിച്ചറിയാൻ സ്പ്രേ പെയ്ന്റ് ഉപയോഗിച്ച് മാർക്ക് ചെയ്യുകയാണ് രീതി. ഈ മാർക്കിങ് നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ മാഞ്ഞു പോകുന്നതിനാൽ വന്ധ്യംകരണം നടത്തിയ നായ്ക്കളെ തിരിച്ചറിയാൻ പ്രയാസമുണ്ട്. ഒരിക്കൽ വന്ധ്യംകരണത്തിന് വിധേയമാക്കിയ നായ്ക്കളെ വീണ്ടും പിടികൂടിയ സംഭവങ്ങളും ഉണ്ടായി.
കൂടുതലും തലസ്ഥാനത്ത്
സംസ്ഥാനത്ത് കഴിഞ്ഞ വർഷം 3,16,793 പേർക്ക് തെരുവു നായ്ക്കളുടെ കടിയേറ്റു എന്നാണ് കണക്ക്. ഇതിൽ ഏറ്റവും കൂടുതൽ പേർ ആക്രമണത്തിന് ഇരയായത് തലസ്ഥാനത്താണ്. നഗരത്തിൽ 8679 തെരുവുനായ്ക്കൾ ഉണ്ടെന്നാണ് സർവേയിൽ കണ്ടെത്തിയിരിക്കുന്നത്.
വന്ധ്യംകരണം അടിയന്തര പരിഹാരമാർഗമല്ല: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ
തിരുവനന്തപുരം ∙ നായ്ക്കളുടെ വന്ധ്യംകരണം മാത്രമാണ് തെരുവുനായ നിയന്ത്രണത്തിനുള്ള ഏക പോംവഴി എന്ന സമീപനം സംസ്ഥാനത്ത് പേവിഷബാധ കേസുകൾ വർധിപ്പിക്കുമെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള. തെരുവുനായ പ്രശ്നത്തിനുള്ള അടിയന്തര പരിഹാരമാർഗമായി നായ്ക്കളുടെ വന്ധ്യംകരണത്തെ കാണാൻ സാധിക്കില്ല. ദീർഘകാല അടിസ്ഥാനത്തിൽ ഒരു പരിധിവരെ നായ്ക്കളുടെ എണ്ണം വർധിക്കുന്നത് തടയുന്നതിനും സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും മാത്രമാണ് വന്ധ്യംകരണ പദ്ധതി ഉപകാരപ്പെടുകയെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ.വി.കെ.പി.മോഹൻകുമാർ പറഞ്ഞു.